Connect with us

International

യുഎസ്,ഇ യു ഭക്ഷ്യ വസ്തുക്കള്‍ക്ക് റഷ്യയില്‍ നിരോധനം

Published

|

Last Updated

മോസ്‌കോ: ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കന്‍ ചേരിയും തമ്മില്‍ വടംവലി ശക്തമാകുന്നു. അമേരിക്കയില്‍ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായി നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള പഴവര്‍ഗങ്ങളുടെയും പച്ചക്കറിയുടെയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷിതത്വം മുന്‍ നിര്‍ത്തിയാണ് നിരോധമെന്നാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഉക്രൈനില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി പാശ്ചാത്യ ശക്തികള്‍ ചുമത്തിയ ഉപരോധത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് റഷ്യ. മലേഷ്യന്‍ വിമാനം കിഴക്കന്‍ ഉക്രൈനിലെ വിമത കേന്ദ്രങ്ങളില്‍ തകര്‍ന്ന് വീണതില്‍ റഷ്യക്ക് പങ്കുണ്ടെന്നും അമേരിക്ക ആരോപിച്ചിരുന്നു. നിരോധിച്ച ഉത്പന്നങ്ങളുടെ പട്ടികയില്‍ പഴം, പച്ചക്കറികള്‍, ഇറച്ചി, മീന്‍, പാല്‍ തുടങ്ങിയവ ഉള്‍പ്പെടുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു.
റഷ്യ ഇപ്പോള്‍ പ്രഖ്യാപിച്ച ഇറക്കുമതി നിരോധം പ്രധാനമായും ബാധിക്കുക യുറോപ്യന്‍ യൂനിയനെയാണ്. ഇ യു രാജ്യങ്ങളില്‍ നിന്ന് പഴവര്‍ഗങ്ങളും പച്ചക്കറികളും വാങ്ങുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമാണ് റഷ്യ. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള റഷ്യയുടെ വാങ്ങല്‍ മൊത്തം കയറ്റുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ വരുന്നുള്ളൂ. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ബേബി ഫുഡുകളെ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
റഷ്യക്കെതിരെ ചുമത്തിയ ഉപരോധത്തിനുള്ള പ്രതികരണമാണ് ഇറക്കുമതി നിരോധമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ലോറാ ലൂക്കാസ് മാഗ്നസണ്‍ പറഞ്ഞു. ഇത് റഷ്യയെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയേ ഉള്ളൂ. ആഭ്യന്തര വിപണിയില്‍ വന്‍ വിലക്കയറ്റത്തിനും കാരണമാകും. സ്വന്തം ജനങ്ങളെ ദുരിതത്തിലാക്കുകയാണ് റഷ്യന്‍ നേതൃത്വം- അവര്‍ കുറ്റപ്പെടുത്തി.
തത്കാലം ഒരു വര്‍ഷത്തേക്കാണ് നിരോധമെന്നും ഇറക്കുമതി നിരോധിച്ച വസ്തുക്കളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ റിയ നവോസ്തി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് പ്രസിഡന്റ് വഌദമീര്‍ പുടിന്‍ ഇറക്കുമതി നിരോധന ഉത്തരവില്‍ ഒപ്പു വെച്ചത്.
അതിനിടെ കാര്‍ഷിക ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കാര്‍ഷിക മന്ത്രാലത്തോടും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂട്ടാന്‍ വാണിജ്യ മന്ത്രാലത്തോടും പ്രസിഡന്റ് നിര്‍ദേശിച്ചിട്ടുണ്ട്. ലാറ്റിനമേരിക്ക, തുര്‍ക്കി, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി കൂട്ടാനാണ് പദ്ധതി.
ബലാറസില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം റഷ്യ ഏറ്റവും കൂടുതല്‍ ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്തത്. 270 കോടി ഡോളറിന്റെ വസ്തുക്കളാണ് അവിടെ നിന്ന് ഇറക്കിയത്. ബ്രസീല്‍ (240 കോടി ഡോളര്‍), ഉക്രൈന്‍(190 കോടി ഡോളര്‍), ജര്‍മനി(180 കോടി ഡോളര്‍), തുര്‍ക്കി(168 കോടി ഡോളര്‍) എന്നിങ്ങനെയാണ് തൊട്ടു താഴെയുള്ളവ. ഉക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച പോളണ്ടില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി ജൂലൈയില്‍ തന്നെ നിരോധിച്ചിരുന്നു. അതിന് മുമ്പ് ഇ യുവില്‍ നിന്നുളള പന്നി ഇറച്ചി ഇറക്കുമതിയും നിരോധിച്ചിരുന്നു.

Latest