ലഹരി: ഇനി വിവരങ്ങള്‍ കൈമാറാം : പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും വിവരശേഖരപ്പെട്ടി

Posted on: August 3, 2014 8:16 am | Last updated: August 3, 2014 at 8:16 am

കോഴിക്കോട്: ലഹരിയുമായി ബന്ധപ്പെട്ട എന്തു വിവരവും ഇനി പേരുവെളിപ്പെടുത്താതെ തന്നെ കൈമാറാം. ലഹരിയുടെ ഉത്പാദനം, വിപണനം, ഉപയോഗം എന്നിവയെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാനായി പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ഇനി വിവരശേഖരപ്പെട്ടികള്‍ സ്ഥാപിക്കും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ജെ ഡി ടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എക്‌സൈസ് വകുപ്പ മന്ത്രി കെ ബാബു നിര്‍വ്വഹിച്ചു. ജെ ഡി ടിയിലെ വിദ്യാര്‍ഥികള്‍ പെട്ടി ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പെട്ടി സ്ഥാപിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ശരിയായ വിവരങ്ങള്‍ കൃത്യമായി ലഭ്യമായാല്‍ ലഹരിയെ തടയാനാകുമെന്നും പൊതുജനങ്ങളുടേയും വിദ്യാര്‍ഥികളുടേയും പങ്കാളിത്തം ഇതിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി സംബന്ധിച്ചു.