Connect with us

Gulf

കൈക്കൂലി; പോലീസുകാരന് 15 മാസം തടവ്

Published

|

Last Updated

ദുബൈ: മദ്യം കടത്താന്‍ ശ്രമിച്ചയാളില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ പോലീസുകാരന് 15 മാസം തടവ്. ഇന്ത്യക്കാരനില്‍ നിന്നാണ് 42 കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയത്. സ്‌പോണ്‍സറില്‍ നിന്നു ഒളിച്ചോടിയ അനധികൃത താമസക്കാരനായ 32 കാരനായിരുന്നു മദ്യം കടത്താന്‍ ശ്രമിച്ചത്.
5,000 ദിര്‍ഹവും ആറു കാന്‍ മദ്യവുമായിരുന്നു കൈക്കൂലിയായി പോലീസുകാരന് നല്‍കിയത്. മറ്റൊരു മദ്യവില്‍പ്പനക്കാരനില്‍ നിന്നു 500 ദിര്‍ഹം കൈക്കൂലി വാങ്ങിയതായും പോലീസുകാരന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.
ദുബൈ പ്രാഥമിക കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഇന്ത്യക്കാരന് ഒരു വര്‍ഷം തടവാണ് വിധിച്ചത്. പോലീസുകാരന് തുല്യമായ തടവായിരുന്നു കോടതി വിധിച്ചതെങ്കിലും രണ്ടാമനില്‍ നിന്നു 500 ദിര്‍ഹം കൈക്കൂലി വാങ്ങിയത് കൂടി ഉള്‍പ്പെടുത്തി തടവ് 15 മാസമായി ദീര്‍ഘിപ്പിക്കുകയായിരുന്നു. തടവിനൊപ്പം 5,000 ദിര്‍ഹം വീതം പിഴയും ഇരുവര്‍ക്കും കോടതി ചുമത്തി. പോലീസുകാരന് 500 ദിര്‍ഹം കൈക്കൂലി നല്‍കിയതിന് കേസിലെ മൂന്നാം പ്രതിക്ക് 1,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കുന്നത് ഒഴിവാക്കാന്‍ പദവി ദുരുപയോഗം ചെയ്തു കൈക്കൂലി വാങ്ങിയെന്നാണ് പോലീസ് ഓഫീസര്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റം.
പോലീസുകാരന്‍ കൈക്കൂലി വാങ്ങിയതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥനായ ലഫ്റ്റ്‌നന്റിന് റിപോര്‍ട്ട് നല്‍കിയതോടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ കേസില്‍ പിടിയിലായതും കോടതി കയറിയതും. കേസിലെ പ്രതികളായ രണ്ട് ഇന്ത്യക്കാരെയും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Latest