Connect with us

Kasargod

പെരുന്നാളില്‍ സൗഹാര്‍ദാന്തരീക്ഷം കാത്തുസൂക്ഷിക്കണം: ജില്ലാ ഭരണകൂടം

Published

|

Last Updated

കാസര്‍കോട്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പള്ളിജമാഅത്ത് കമ്മിറ്റി പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.
കൊടിതോരണങ്ങള്‍, ഫഌക്‌സ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഘോഷയാത്ര, മറ്റു മതപരമായ ആഘോഷ പരിപാടികള്‍ മത പ്രഭാഷണം എന്നിവ നടത്തുന്നതിനും പള്ളി ജമാഅത്ത് കമ്മിറ്റികളുടൈ നിയന്ത്രണം ഉണ്ടാകും. മറ്റു ആരാധനാലയങ്ങളുടെ മുന്നില്‍ കൊടിതോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നത് സാമുദായിക സംഘര്‍ഷത്തിനു കാരണമാകുമെന്നതിനാല്‍ ഇത് ഒഴിവാക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
പള്ളി കമ്മിറ്റികളുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തിലായിരിക്കണം ആഘോഷ പരിപാടികളും മറ്റും നടത്തേണ്ടത്. ബൈക്ക് റൈസ് ചെയ്ത് കൊണ്ടുള്ള റാലികള്‍ നടത്താന്‍ പാടില്ല. ആഘോഷം സമാധാനപരമായിരിക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും യോഗം നിര്‍ദേശിച്ചു. ആഘോഷത്തോടനുബന്ധിച്ചു സ്ഥാപ്പിക്കുന്ന കൊടിതോരണങ്ങള്‍ ഫഌക്‌സ് ബോര്‍ഡുകള്‍ എന്നിവ രണ്ടു ദിവസത്തിനകം അതാതു പള്ളിജമാഅത്ത് കമ്മിറ്റികള്‍ നീക്കം ചെയ്യണം.
പൊതുസ്ഥലങ്ങളില്‍ ബൈക്ക് റാലി, ബൈക്ക് റൈസ്, പടക്കം പൊട്ടിക്കല്‍ എന്നിവ നടത്താന്‍ പാടില്ല. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. പോലീസ് മേധാവി തോംസണ്‍ പി ജോസഫ് സംസാരിച്ചു. എ ഡി എം. എച്ച് ദിനേശന്‍, സബ് കലക്ടര്‍ ജീവന്‍ ബാബു, ഡി വൈ എസ് പിമാരായ ടി പി രഞ്ജിത്ത്, പ്രദീപ്, വിവിധ പള്ളി ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.