പ്ലസ് വണ്‍ പാഠപുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍

Posted on: July 27, 2014 12:18 am | Last updated: July 27, 2014 at 12:19 am

Internet_Explorer_7_Logoവണ്ടൂര്‍: ഈ അധ്യയന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച പ്ലസ് വണ്‍ ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി തുടങ്ങി. എസ് സി ഇ ആര്‍ ടി കേരളയുടെ വെബ് സൈറ്റിലാണ് ഇന്നലെ മുതല്‍ പ്രസ്തുത പാഠപുസ്തകങ്ങളുടെ സ്‌പെസിമെന്‍ ഫയലുകളുള്ളത്. പാഠപുസ്തകം ഇതുവരെ ലഭിക്കാത്തവര്‍ക്ക് ആദ്യ പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കാന്‍ ഈ ഫയലുകള്‍ സൗകര്യപ്രദമാകും. മിക്ക വിഷയങ്ങളുടെയും ആദ്യ രണ്ട് പാഠങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. തുടര്‍ന്നുള്ള പാഠഭാഗങ്ങള്‍ പിന്നീട് ലഭ്യമാകുമെന്നാണ് അറിയുന്നത്. പോര്‍ട്ടബിള്‍ ഡോക്യുമെന്‍്‌റ് ഫോര്‍മാറ്റ് (പി ഡി എഫ്)ഫയലുകളായിട്ടാണ് ലഭ്യമാക്കിയിട്ടുള്ളതെന്നതിനാല്‍ പ്രിന്റ് എടുക്കാനും സൗകര്യപ്രദമാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍ സി ഇ ആര്‍ ടി ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള പാഠപുസ്തങ്ങള്‍ നേരത്തെ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കിവരുന്നുണ്ട്. ഇത്തവണ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എസ് സി ഇ ആര്‍ ടിയും സന്നദ്ധരായിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങിയ വിവിധ ഭാഷാ പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ജിയോളജി, ഫിലോസഫി, ജേണലിസം തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇത് അധ്യാപകര്‍ക്കും മറ്റു വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വരെ ഏറെ ഉപകാരപ്രദമാണ്. അതേസമയം എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങള്‍ ആര്‍ക്കും യഥേഷ്ടം ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ എസ് സി ഇ ആര്‍ ടി ഇക്കാര്യത്തില്‍ ഇപ്പോഴും അനുകൂല നിലപാടെടുത്തിട്ടില്ല. പ്ലസ് വണ്‍ പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍http://www.scert.kerala.gov.in/images/2014/HSC-_Textbook എന്നക്രമത്തില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.