കേരളത്തില്‍ തൊഴില്‍ സമരങ്ങളെ ഇനി ഭയക്കേണ്ട: കുഞ്ഞാലിക്കുട്ടി

Posted on: July 26, 2014 8:13 am | Last updated: July 26, 2014 at 8:13 am

തൃശൂര്‍:വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് തൊഴില്‍സമരങ്ങളെ ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി തൃശൂര്‍ ലുലു ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ് (പുതുതലമുറ സംരംഭകരുടെ സംഗമം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ-വാണിജ്യ സംരംഭങ്ങളെ അടച്ചുപൂട്ടിക്കുന്ന പണിമുടക്കു സമരങ്ങളില്‍ തൊഴിലാളികള്‍ക്കു ഇന്നു താത്പര്യമില്ല. സ്ഥാപനം നിലനില്‌ക്കേണ്ടതാണെന്ന ബോധ്യം അവര്‍ക്കുണ്ട്്്്. വിദ്യാര്‍ഥികളും വിദ്യാര്‍ത്ഥി സംഘടനകളും പഠിപ്പുമുടക്കിയുള്ള സമരപരിപാടികളില്‍നിന്നും പിന്മാറുന്നതിന് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കേരളം വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സംസ്ഥാനമായി മാറിക്കഴിഞ്ഞു. ക്ഷമയോടും ആത്മവിശ്വാസത്തോടെയും മുന്നേറാന്‍ പുതിയ സംരംഭകര്‍ക്കും നിലവിലെ സംരംഭകരുടെ പുതുതലമുറയ്ക്കും അനുയോജ്യമായ അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും സി ഐ ഐ സതേണ്‍ റീജിയണ്‍ ചെയര്‍മാനുമായ നവാസ് മീരാന്‍, മണപ്പുറം ഗ്രൂപ്പ് എം ഡിയും സി ഐ ഐ തൃശൂര്‍ മേഖല ചെയര്‍മാനുമായ വി പി നന്ദകുമാര്‍, എലൈറ്റ് ഫുഡ്‌സ് എം ഡിയും സിഐ ഐ കേരള മുന്‍ ചെയര്‍മാനുമായ പി ആര്‍ രഘുലാല്‍, മഞ്ഞിലാസ് ഗ്രൂപ്പ് ഡയറക്്ടറും സി ഐ ഐ വൈസ് ചെയര്‍മാനുമായ വിനോദ് മഞ്ഞില എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കോണ്‍ഫറന്‍സുകളില്‍ വി ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ അജു ജേക്കബ്, വര്‍മ ആന്‍ഡ് വര്‍മ പാര്‍ടണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സി ഐ ഐ മുന്‍ ചെയര്‍മാനും പാറ്റ്‌സ്പിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ ഉമാംങ് പടോഡ്യ, ഡ്യൂറോഫ്‌ളെക്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു ചാണ്ടി, ലുലു സി ഇ ഒ അദീപ് അഹമ്മദ്, മണപ്പുറം ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് സൂരജ് നന്ദന്‍, ഏണസ്റ്റ് ആന്‍ഡ് യംഗ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് നായര്‍ എന്നിവര്‍ ബിസിനസ് അനു‘വങ്ങള്‍ വിവരിച്ചുകൊണ്ടു പ്രഭാഷണം നടത്തി.
ഉച്ചയ്ക്കുശേഷമുള്ള കോണ്‍ഫറന്‍സില്‍ ഹൈക്കണ്‍ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റോ ജോര്‍ജ്, മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, അസ്റ്റന്‍ റിയല്‍ടേഴ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ റാഫി മേത്തര്‍, പീകേ സ്റ്റീല്‍ കാസ്റ്റിംഗ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെ ഇ ഷാനവാസ്, കെ എസ് ഐ ഡി സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.