Connect with us

Kollam

മകളെ കൊലപ്പെടുത്തിയ മാതാവിനും കാമുകനും ജീവപര്യന്തവും പിഴയും

Published

|

Last Updated

കൊല്ലം: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ മാതാവിനും കാമുകനും കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പത്തനാപുരം പിറവന്തൂര്‍ കറവൂര്‍ മഹാദേവര്‍ മണ്‍പെരുകുഴി കിഴക്കേക്കര വീട്ടില്‍ സാവിത്രി (40), മഹാദേവര്‍ മണ്‍ ചരുവിളവീട്ടില്‍ രാജീവ്(28) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവും 25,000 രൂപ വീതം പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം തടവ് അധികമായി അനുഭവിക്കണം. ഇവരെ കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് മേനോനാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. 2009ലാണ് കേസിനാസ്പദമായ സംഭവം. കറവൂര്‍ മഹാദേവര്‍ മണ്ണില്‍ വെരുകുഴി കിഴക്കേക്കര വീട്ടില്‍ ശരണ്യയുടെ (13)കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ശരണ്യയുടെ മരണ കാരണം തലച്ചോറിലേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടി ലൈംഗികമായി പലതവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് രാജീവിന്റെ നേതൃത്വത്തില്‍ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ മാതാവ് സാവിത്രിയുടെ കാമുകനായ രാജീവ് നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഇതിനിടയില്‍ പെണ്‍കുട്ടി മറ്റൊരാളുമായി അടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാവിത്രിയുടെ കൂടി സഹായത്തോടെ അലിമുക്ക് വനത്തിനുള്ളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം അവിടെ വെച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് പാറയില്‍ തലയിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന ടാപ്പിംഗ് തൊഴിലാളി കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ 15 കിലോമീറ്റര്‍ ദൂരെ ഒറ്റക്കല്ലില്‍ നിന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടിയുടെ പിതാവ് ഇവരുമായി അകന്നുകഴിയുകയായിരുന്നു. രാജീവും സാവിത്രിയും മരിച്ച പെണ്‍കുട്ടിയും ഒരുമിച്ചായിരുന്നു താമസം.

പത്തനാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുനലൂര്‍ സി ഐ ആയിരുന്ന ബി രാധാകൃഷ്ണപ്പിള്ളയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ജേക്കബ്ബും അഡ്വ. അഭിഷയും ഹാജരായി.

 

Latest