വറുതിക്കാലത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യ വിതരണം നിലച്ചു

Posted on: July 25, 2014 6:05 am | Last updated: July 25, 2014 at 2:09 pm

കണ്ണൂര്‍ :വര്‍ഷകാലത്ത് സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതി നിലച്ചു. 33 പട്ടികവര്‍ഗ സമുദായങ്ങളില്‍ ഒരു വിഭാഗത്തിന് മാത്രമാണ് ഇത്തവണ ഭക്ഷ്യധാന്യം നല്‍കാന്‍ നടപടിയായിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ പഠിക്കുന്ന ആറളം ഫാം സ്‌കൂളിലെ പോഷകാഹാര വിതരണവും ഇത്തവണ നിര്‍ത്തിവെച്ചു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലത്ത് ആസൂത്രണം ചെയ്ത ആദിവാസി കോളനികളിലെ ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയായിരുന്നു വര്‍ഷകാലത്ത് ജോലിയും ആഹാരവും നല്‍കുകയെന്ന പദ്ധതി. മഴക്കാലത്ത് പട്ടികവര്‍ഗക്കാര്‍ക്ക് പുറത്തുപോയി അവര്‍ സാധാരണ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ സാധിക്കാതെ വരികയും അവര്‍ക്കിടയില്‍ പട്ടിണിയും കഷ്ടപ്പാടും വര്‍ധിച്ചുവരികയം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിന്റെയടിസ്ഥാനത്തിലാണ് ജോലിയും ആഹാരവും ലഭ്യമാക്കുന്നതിനായി പ്രത്യേക കര്‍മപരിപാടി ആവിഷ്‌കരിച്ചിരുന്നത്. ഊരുകൂട്ടങ്ങള്‍ മുഖേന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നാല് മാസങ്ങളിലാണ് ഇത് നടപ്പാക്കാറുള്ളത്. പട്ടികവര്‍ഗ പുനരധിവാസ മിഷന്‍ മുഖേന തിരഞ്ഞെടുത്ത ഭൂരഹിതരും ദരിദ്രരുമായ പട്ടികവര്‍ഗ കുടുംബങ്ങളെ ഗുണഭോക്താക്കളായി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിപ്പോരുന്നത്.
ഇത്തവണ പട്ടികവര്‍ഗത്തിലെ പണിയ വിഭാഗക്കാര്‍ക്ക് മാത്രമാണ് ഭക്ഷ്യധാന്യ വിതരണത്തിന് നടപടിയായിട്ടുള്ളത്. ഓരോ പണിയ കുടുംബങ്ങള്‍ക്കും 10 കിലോ അരിയും ഒരു കിലോ ചെറുപയറും നല്‍കുന്നതിനാണ് തീരുമാനമായിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് ഓണത്തിന് സൗജന്യ റേഷന്‍ നല്‍കാന്‍ നടപടിയായിട്ടുണ്ടെങ്കിലും വര്‍ഷകാലത്തുള്ള ഭക്ഷ്യധാന്യവിതരണം നല്‍കിയിട്ടില്ല. സൗജന്യ ഭക്ഷ്യധാന്യവിതരണം പ്രഖ്യാപിക്കപ്പെട്ട പണിയ കുടുംബങ്ങള്‍ക്ക് അരി നല്‍കുന്നതിന് തീരുമാനമായിട്ടുണ്ടെങ്കിലും മിക്ക ജില്ലകളിലും ഇത് ലഭിച്ച് തുടങ്ങിയിട്ടുമില്ല. സംസ്ഥാനത്ത് 100912 കുടുംബങ്ങളിലായി 401401 പട്ടികവര്‍ഗ ജനസംഖ്യയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പട്ടികവര്‍ഗക്കാരില്‍ വലിയൊരു വിഭാഗം തീര്‍ത്തും ദരിദ്രാവസ്ഥയില്‍ കഴിയുന്നവരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കാട്ടുനായ്ക്കന്‍, ചോല നായ്ക്കന്‍, കുറുമ്പര്‍, കാടര്‍, കൊറഗര്‍ തുടങ്ങിയ പ്രാക്തന ഗോത്രവിഭാഗങ്ങളുള്‍പ്പെടെയുള്ള പട്ടികവര്‍ഗക്കാരില്‍ 24044 പേര്‍ ഭിന്നശേഷിയുള്ളവരാണെന്ന് കഴിഞ്ഞ സെന്‍സസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരില്‍ തന്നെ 14036 പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും 2386 പേര്‍ മാനസികരോഗികളും 3133 പേര്‍ ഒന്നിലധികം വെല്ലുവിളികളുള്ളവരും 40323 പേര്‍ നിത്യരോഗികളുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം വര്‍ഷകാലത്ത് കനത്ത പട്ടിണിയും ദാരിദ്ര്യവും സഹിച്ച് കഴിയേണ്ടി വരികയാണ്. കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പട്ടികവര്‍ഗ കോളനികളില്‍ ഒരുനേരം പോലും ആഹാരം കഴിക്കാന്‍ വകയില്ലാത്തവരുണ്ടെന്ന് നേരത്തെ വിവിധ സന്നദ്ധ സംഘടനകളുടെ പഠനങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് എല്ലാ വിഭാഗം ആദിവാസികള്‍ക്കും യഥാസമയം നല്‍കേണ്ട ഭക്ഷ്യധാന്യവിതരണം നല്‍കാന്‍ നടപടിയുണ്ടാകാത്തത്. അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ആദിവാസി ഫാം സ്‌കൂളിലെ കുട്ടികള്‍ക്ക് രണ്ട് വര്‍ഷമായി നല്‍കി വരുന്ന പോഷകാഹാര വിതരണം നിര്‍ത്താലാക്കുകയും ചെയ്തു. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ഫാമിലെ 420 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ കുട്ടിക്കും ദിവസവും രാവിലെ ഒരു ഗ്ലാസ് പാല്‍, പഴം, റൊട്ടി എന്നിവ നല്‍കാനാണ് തീരുമാനമുണ്ടായിരുന്നത്. 15 രൂപയാണ് ഒരു ദിവസം ഒരു കുട്ടിക്കായി അനുവദിച്ചിരുന്നത്. അധ്യയനം തുടങ്ങി ആദ്യദിവസങ്ങളില്‍ ഇത് നല്‍കിയെങ്കിലും പിന്നീട് തുടരേണ്ടതില്ലെന്ന് പട്ടികവര്‍ഗ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ കുടുംബങ്ങളിലെ കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നവരേറെയും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കുട്ടികള്‍ക്ക് ലഭിച്ചുവരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍ത്തിയതിനെ കുറിച്ച് സ്‌കൂളില്‍ നിന്ന് ആഹാരസാധനങ്ങള്‍ക്കുള്ള നിര്‍ദേശമയച്ചില്ലെന്ന നിസാര കാരണമാണ് അധികൃതര്‍ നിരത്തുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി പദ്ധതികള്‍ നിര്‍ത്തുമ്പോഴും ഇവരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പോലും പൂര്‍ണമായി പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.