ഭവന നിര്‍മാണ സഹായം നല്‍കും

Posted on: July 22, 2014 1:09 am | Last updated: July 22, 2014 at 1:09 am

കല്‍പ്പറ്റ: മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷക്ഷേമ വകുപ്പ് വീട് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കും. ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം. അപേക്ഷകര്‍ക്ക് സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത രണ്ടര സെന്റ് സ്ഥലം ഉണ്ടായിരിക്കണം. സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ മുമ്പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ബി പി എല്‍ കുടുംബം, അപേക്ഷകക്കോ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാരില്‍ നിന്നോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍ അപേക്ഷിക്കേണ്ടതില്ല. ഈ സാമ്പത്തികവര്‍ഷം കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം.
പൂരിപ്പിച്ച അപേക്ഷ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ്, വയനാട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്്‌ലിം യുവജനതക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍നിന്നും www. minortiywe lfare.k-er-a-l-a.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.