Connect with us

Editorial

കോര്‍പറേറ്റുകളുടെ ഭരണകൂടം

Published

|

Last Updated

പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി എടുത്തു കളയാനായി സര്‍ക്കാര്‍ നിരത്തുന്ന എണ്ണക്കമ്പനികളുടെ നഷ്‌ക്കണക്ക് വ്യാജമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി). വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് കൊള്ളലാഭമുണ്ടാക്കാനായി എണ്ണക്കമ്പനികളും സര്‍ക്കാറും ചേര്‍ന്ന് അവതരിപ്പിക്കുന്ന കണക്കിലെ തട്ടിപ്പ് സി ഐ ജി വെളിച്ചത്തു കൊണ്ടുവന്നത്. രാജ്യത്ത് വിതരണം ചെയ്യുന്ന എണ്ണയില്‍ ഇരുപത് ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതാണ്. ഇതിന്് ഈടാക്കുന്നത് ഇറക്കുമതി തീരുവ, എണ്ണ കൊണ്ടുവരുമ്പോള്‍ കടലില്‍ സംഭവിക്കാനിടയുള്ള നഷ്ടം, ഇന്‍ഷ്വറന്‍സ് തുക തുടങ്ങിവയെല്ലാം ചേര്‍ത്തുള്ള ഇറക്കുമതി എണ്ണയുടെ വിലയും. ഇതുവഴി പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത് പെട്രോളിയവും 2007 മുതല്‍ 2012 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ 50,513 കോടി രൂപയുടെ ലാഭം നേടിയതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര വിപണിയിലെ വില മാറ്റത്തിനനുസരിച്ചാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നത്. എന്നാല്‍ ഇറക്കുമതി എണ്ണയുടെ 30 മുതല്‍ 35 വരെ ശതമാനം നൈജീരിയ, കോംഗോ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലാണ് വാങ്ങുന്നത്. സംസ്‌കരിക്കുന്ന എണ്ണയില്‍ ഒരു വിഹിതം തദ്ദേശീയ രാജ്യങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇറക്കുമതി ചെയ്യുന്ന ഈ എണ്ണക്ക് രാജ്യാന്തര വിലയിലെ വ്യതിയാനങ്ങള്‍ ബാധമാകില്ല. എന്നിട്ടും ഉയര്‍ന്ന വില വാങ്ങി കമ്പനികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. മാത്രമല്ല, ബംഗഌദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യന്നുണ്ട്. ഇതിന്റെ വരുമാനം അവര്‍ സമര്‍ഥമായി മറച്ചുപിടിക്കുകയും ചെയ്യുന്നു. എന്നിട്ടും കമ്പനികള്‍ നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ചു സബ്‌സിഡി നിര്‍ത്തല്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
ആഭ്യന്തര വിപണിയില്‍ ഇന്ധനത്തിന് കുറവ് അനുഭവപ്പെടുമ്പോള്‍ സ്വകാര്യ കമ്പനികളില്‍ നിന്ന്് ഉയര്‍ന്ന വിലക്ക് ഇന്ധനം വാങ്ങിയാണ് പൊതുമേഖലാ കമ്പനികള്‍ അത് പരിഹരിക്കുന്നത്. സ്വകാര്യ റിഫൈനറികളില്‍ നിന്നു പൊതുമേഖലാ കമ്പനികള്‍ എണ്ണ വാങ്ങുന്നില്ലെങ്കില്‍ താഴ്ന്ന വിലക്ക് കയറ്റുമതി ചെയ്യാന്‍ അവ നിര്‍ബന്ധിതമാകും. ഈ സാഹചര്യം മുതലെടുത്ത് സമ്മര്‍ദം വഴി അവരില്‍ നിന്ന് താഴ്ന്ന വിലക്ക് എണ്ണ ലഭ്യമാക്കാനാകുമെങ്കിലും ഇതിനുള്ള ഒരു ശ്രമവും പൊതുമേഖലാ കമ്പനികള്‍ നടത്തിയിട്ടില്ലെന്ന് സി എ ജി കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ സ്വകാര്യ മേഖലക്ക് അമിത ലാഭമുണ്ടാക്കാന്‍ മാത്രം പൊതുമേഖലാ കമ്പനികള്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 26,626 കോടി രൂപയാണ്.
എണ്ണ പര്യവേക്ഷണത്തിന്റെ മറവില്‍ നടക്കുന്ന വന്‍ അഴിമതി സി എ ജിയും പാര്‍ലിമെന്റ് സമിതികളും നേരത്തെ വെളിച്ചത്തു കൊണ്ടുവന്നതാണ്. എണ്ണവാതകം കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ലഭിക്കുന്ന ലാഭം സര്‍ക്കാരുമായി പങ്ക് വെക്കണമെന്ന ധാരണയിലാണ് സ്വകാര്യ കമ്പനികള്‍ക്ക് പര്യവേക്ഷണത്തിന് അനുമതി നല്‍കുന്നത്. ഇതനുസരിച്ചു ആന്ധ്രയിലെ കൃഷ്ണ ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനി 2.4 ബില്യണ്‍(240 കോടി) ഡോളര്‍ ചെലവഴിച്ചു പര്യവേക്ഷണം നടത്തി ഉത്പാദനം തുടങ്ങി. എന്നാല്‍ സര്‍ക്കാറിന് നല്‍കേണ്ട ലാഭവിഹിതം കുറക്കാനായി കമ്പനി പര്യവേക്ഷണച്ചെലവ് 8.4 (840 കോടി) ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. തെറ്റായ കണക്കാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും അതിന് അംഗീകാരവും നല്‍കി. ഉത്പാദനത്തില്‍ വര്‍ധന വരുത്തുന്നതിനാലാണ് ചെലവ് വര്‍ധിച്ചതെന്നായിരുന്നു കമ്പനികളുടെയും സര്‍ക്കാറിന്റെയും ന്യായീകരണം. ഉത്പാദനം വര്‍ധിക്കുമ്പോള്‍ ഉല്‍പാദനച്ചെലവ് കുറയുമെന്ന ലളിതമായ സാമ്പത്തിക ശാസ്ത്രം മറച്ചുവെച്ചുളള ഈ കള്ളക്കളി മൂലം സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന ലാഭ വിഹിതം 63 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറയുകയുണ്ടായി.
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടക്കപ്പെട്ട ജനങ്ങളുടെ ഭരണമെന്നാണ് ജനാധിപത്യ സര്‍ക്കാറിനെ വിശേഷിപ്പിക്കാറ്. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പറേറ്റുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകളുടെ ഭരണമെന്നാണ് ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കിപ്പോള്‍ ചേരുന്ന നിര്‍വചനം. കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കനുസൃതമായാണ് തിരഞ്ഞെടുപ്പ് തൊട്ട് സര്‍ക്കാര്‍ രൂപവത്കരണം വരെയുള്ള ഓരോ പ്രക്രിയയും നിയന്ത്രിക്കപ്പെടുന്നതെന്നത് രഹസ്യമല്ല. തങ്ങള്‍ ഇച്ഛിക്കുന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലേക്ക് ഭീമമായ തുക നല്‍കിയും അവര്‍ക്കനുകൂലമായ എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിച്ചും അതിസമര്‍ഥമായാണ് ഈ ലക്ഷ്യത്തില്‍ അവര്‍ കരുക്കള്‍ നീക്കുന്നത്. സ്വാഭാവികമായും ഇങ്ങനെ അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ക്ക് സാധാരണ ജനങ്ങളേക്കാള്‍ കോര്‍പറേറ്റുകളോടായിരിക്കും കടപ്പാട്. ജനത്തിന്റെ രക്തം ഊറ്റിക്കുടിച്ചു അവര്‍ക്ക് തടിച്ചു കൊഴുക്കാന്‍ അവസരം നല്‍കുന്നത് സര്‍ക്കാറിന്റെ ഒരു പ്രത്യുപകാരം മാത്രം. പൊതുമേഖലാ കമ്പനികളും അതില്‍ പങ്ക് പറ്റുമ്പോള്‍ പൊതുജനത്തിന്റെ ദുര്യോഗമിവിടെ പൂര്‍മണമാകുന്നു.

Latest