Connect with us

International

ഗാസയില്‍ കൂട്ടക്കൊല തുടരുന്നു

Published

|

Last Updated

ഗാസ/ ജറൂസലം: ഗാസയിലെ കിഴക്കന്‍ ജില്ലയായ ശുജാഈയില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നു. ഇസ്‌റാഈല്‍ തുടരുന്ന ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. ഈ മാസം എട്ടിന് തുടങ്ങിയ അധിനിവേശത്തിനിടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെ നടന്നത്. ഇസ്‌റാഈല്‍ ഷെല്ലാക്രമണത്തില്‍ ഒരു ജില്ലയിലെ അറുപത് പേര്‍ കൊല്ലപ്പെട്ടു. ശുജാഈ ജില്ലയിലാണ് ആക്രമണം നടത്തിയത്. ഇതോടെ പതിമൂന്ന് ദിവസമായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാനൂറ് കവിഞ്ഞു. ശുജാഈ, അല്‍ ശാഫ്, അല്‍ തുഫ എന്നിവിടങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് അരങ്ങേറുന്നത്.

ഹമാസിനെതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കിയതിനു പിന്നാലെ ഒരേസമയം കര, വ്യോമ ആക്രമണങ്ങള്‍ നടക്കുകയാണ്. ശുജാഈയില്‍ നടത്തിയ ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്ക് പ്രദേശം വിട്ടുപോകുന്നതിനായി രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു മണിക്കൂര്‍ തികയും മുമ്പ് തന്നെ ഇസ്‌റാഈല്‍ ആക്രമണം പുനഃസ്ഥാപിച്ചു. മാനുഷിക പരിഗണനയുടെ പേരില്‍ താത്കാലികമായി ആക്രമണെ നിര്‍ത്തണമെന്ന റെഡ്‌ക്രോസ് അധികൃതരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പ്രാദേശിക സമയം 1.30 മുതല്‍ രണ്ട് മണിക്കൂറായിരുന്നു വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ തയ്യാറായത്. എന്നാല്‍, വെടിനിര്‍ത്തല്‍ നടപ്പാക്കിയതിനു ശേഷം നടന്ന ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു.

നൂറുകണക്കിനാളുകള്‍ കുട്ടികളെയും അവശ്യം വേണ്ട സാധന സാമഗ്രികളുമായി പലായനം ചെയ്യുന്ന കാഴ്ചയാണ് മേഖലയിലുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികള്‍ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ അര്‍ഥത്തിലും ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കൊലയാണിതെന്ന് ചികിത്സ തേടിയെത്തിയവര്‍ പറയുന്നു. “ഞങ്ങള്‍ ആയുധധാരികളല്ല. ശുജാഈ ഉള്‍പ്പെടെയുള്ള പ്രദേശത്തെ വഴിയോരങ്ങളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാ”ണ് ദൃക്‌സാക്ഷികള്‍ പറയുന്നു. മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഖയ്യയുടെ മകനും മകന്റെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കൊല്ലപ്പെട്ടവരില്‍ എണ്‍പത് ശതമാനത്തോളം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന സാധാരണക്കാരാണെന്ന് യു എന്നും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് സാധാരണക്കാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഖത്തറിലെത്തിയിട്ടുണ്ട്. ഇരുവരും ഖത്തറില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കും.
അതിനിടെ, ഇസ്‌റാഈല്‍ കൂട്ടക്കൊലയില്‍ ലോക വ്യാപകമായി പ്രതിഷേധം അരങ്ങേറി. ഇസ്‌റാഈലിലെ ഹൈഫ നഗരത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

Latest