Connect with us

Kerala

കരിപ്പൂര്‍: തൊഴിലാളികള്‍ സമരത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി നിഷേധിക്കപ്പെട്ട കരാര്‍ തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 23ന് രാവിലെ 10ന് വിമാനത്താവളത്തിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് സ്ഥലം എം എല്‍ എ കെ മുഹമ്മദുണ്ണിഹാജി. വിവിധ ട്രേഡ് യൂനിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, പ്രദേശവാസികള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭ സമരങ്ങളെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ 220 കരാര്‍ തൊഴിലാളികള്‍ തൊഴിലും കൂലിയും ഇല്ലാതെ പട്ടിണിയിലാണ്. കരാര്‍ ഏറ്റെടുത്ത ബ്രൈറ്റ് ഷൈന്‍ സര്‍വ്വീസസ് രണ്ട് വര്‍ഷത്തെ ടെന്‍ഡര്‍ എടുത്തെങ്കിലും പത്ത് മാസം പൂര്‍ത്തിയായപ്പോള്‍ ടെണ്ടര്‍ അവസാനിപ്പിച്ചു. പകരം എയര്‍ ഇന്ത്യയില്‍ നിന്നും സബ് കോണ്‍ട്രാക്ട് എടുത്ത കുള്ളാര്‍ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം പുതിയ കമ്പനിയുടെ പേരില്‍ എയര്‍പോര്‍ട്ട് എന്‍ട്രി പാസ് അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ പെരുവഴിയിലായത്.
മാറി വരുന്ന കമ്പനികള്‍ പ്രദേശ വാസികളായ, കാലാ കാലങ്ങളായി ജോലി ചെയ്തിരുന്ന ഈ തൊഴിലാളികളെയാണ് നിയമിക്കാറുള്ളത്. എന്നാല്‍ പുതിയ കമ്പനി പുതിയ നിയമനം നടത്തി പുറത്തു നിന്നുള്ളവരെ നിയമിക്കാനാണ് നീക്കം നടത്തിയത്. കോഴിക്കോട് വെച്ച് ഇതിനുള്ള ഇന്റര്‍വ്യൂവും നടത്തിയെങ്കിലും തൊഴിലാളികളുടെ ഇടപെടലിനെ തുടര്‍ന്ന് അത് പരാജയപ്പെട്ടു.
പക്ഷെ ജൂണ്‍ 30 ന് കരാര്‍ ഉണ്ടാക്കി പൂര്‍ത്തീകരിക്കാത്തതിനാലും പുതിയ കമ്പനിയുടെ പേരില്‍ പാസ് ലഭിക്കാത്തതിനാലും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു. കോയമ്പത്തൂര്‍, ചെന്നൈ, മാംഗ്ലൂര്‍ എന്നീ എയര്‍ പോര്‍ട്ടുകളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്നാണ് ഇപ്പോള്‍ ജോലി ചെയ്യിക്കുന്നത്.
ഇവര്‍ക്ക് ടെര്‍മിനലിനകത്തുള്ള ഹജ്ജ് ഹാളില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം വരെ ഇവിടെ എത്തിച്ചുകൊടുക്കുകയാണ്. ഇതിനെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് എയര്‍ഇന്ത്യ നഷ്ടപ്പെടുത്തുന്നത്.
എയര്‍പോര്‍ട്ടിനകത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ലംഘിച്ചാണ് ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതേ സമയം നിലവിലെ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പോലും അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും എം എല്‍ എ കുറ്റപ്പെടുത്തി.
എയര്‍പോര്‍ട്ടിന്റെ വികസനത്തിന് വേണ്ടി ഭൂമിയും വീടും വിട്ടുകൊടുത്തവരും അവരുടെ മക്കളുമാണ് ജോലി നഷ്ടപ്പെട്ട് പുറത്തായിരിക്കുന്നത്. എയര്‍പോര്‍ട്ടിന്റെ വികസനത്തിന് ഭൂമിയും മറ്റും നല്‍കിയാല്‍ എയര്‍ പോര്‍ട്ടില്‍ ഒരു തൊഴില്‍ എന്ന വാഗ്ദാനം കാറ്റില്‍ പറത്തിയാണ് അതോറിറ്റി നാട്ടുകാരെ കബളിപ്പിച്ചിട്ടുള്ളത്.
പ്രശ്‌നം രൂക്ഷമായപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ വെച്ച് 120 തൊഴിലാളികളെ മാത്രമെ ജോലിക്ക് എടുക്കാന്‍ സാധിക്കുകയുള്ളുവെന്ന നിലപാടാണ് കമ്പനി അധികൃതര്‍ കൈക്കൊണ്ടതെന്നും നിരുത്തരവാദപരമായ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ചുക്കാന്‍ ബിച്ചു, പാറപ്പുറം അബ്ദുര്‍റഹ്മാന്‍, പുതിയകത്ത് ഉമ്മര്‍ബാവ, ഫൈസല്‍ ആച്ചുങ്ങല്‍ പങ്കെടുത്തു.