കരാറുകാര്‍ സമരത്തിലേക്ക്

Posted on: July 20, 2014 10:51 am | Last updated: July 20, 2014 at 10:51 am

കോഴിക്കോട്: 2500 കോടിയോളം രൂപയോളം കുടിശ്ശികയുള്ളത് കൊടുത്തു തീര്‍ക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഗവണ്‍മെന്റ് കരാറുകാര്‍ പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്ന് മുതല്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും ആഗസ്റ്റ് ഒന്നിന് തന്നെ സംസ്ഥാനത്തെ മുഴുവന്‍ കലക്‌ട്രേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്താനും ഗവ. കരാറുകാരുടെ സംയുക്ത സമര സമിതി തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ത്തിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്.
നിലവില്‍ കരാറുകാര്‍ സംസ്ഥാന വ്യാപകമായി ടെണ്ടര്‍ ബഹിഷ്‌കരണ സമരം നടത്തിവരികയാണ്. പക്ഷെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. കുടിശ്ശിക തുക ലഭിക്കാത്തതിനാല്‍ കരാറുകാര്‍ വളരെയധികം പ്രയാസത്തിലാണ്. സര്‍ക്കാറില്‍ നിന്ന് പണം കിട്ടി വരുമ്പോഴേക്കും ബാങ്കില്‍ നിന്ന് എടുത്ത വായ്പയിലേക്ക് അടക്കാന്‍ പോലും തികയാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാനോ പുതിയ ജോലികള്‍ ഏറ്റെടുക്കാനോ കഴിയാതെ വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ കരാറുകാരെ വീണ്ടും ദ്രോഹിക്കുന്ന നിലപാടുകളുമായാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഗവ. കരാറുകാര്‍ക്ക് മൂന്ന് ശതമാനം എന്ന തോതില്‍ സെയില്‍സ് ടാക്‌സ് കോമ്പൗണ്ട് ചെയ്ത് ബില്ലില്‍ നിന്നും പിടിച്ചു കഴിഞ്ഞാല്‍ പര്‍ച്ചേഴ്‌സ് ബില്‍ വീണ്ടും ഹാജരാക്കേണ്ടതില്ല എന്ന് മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പല അസംസ്‌കൃത വസ്തുക്കള്‍ക്കും ബില്ല് കിട്ടാത്ത സാഹചര്യത്തിലാണ് ബില്‍ ഹാജരാക്കുന്നത് ഒഴിവാക്കി നല്‍കിയത്.
ഇത് കരാറുകാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ പുതിയ ബജറ്റില്‍ കോമ്പൗണ്ടിംഗ് നികുതി പിരിക്കുകയും അതിന് ശേഷം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് പര്‍ച്ചേഴ്‌സ് ബില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയും കൊണ്ടുവന്നിരിക്കുകയാണ്. ഇങ്ങനെ വന്നാല്‍ ഓരോ പ്രവൃത്തിക്കും പഴയതുപോലെ ഷെഡ്യൂളുമായി സെയില്‍സ് ടാക്‌സ് ഓഫീസില്‍ കരാറുകാരന്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ടാക്‌സ് കോമ്പൗണ്ട് ചെയ്യുന്നത് സര്‍ക്കാറിന് ഏറെ ലാഭകരമാണ്. ലേബറിന് സാധാരണയായി ടാക്‌സ് കൊടുക്കേണ്ടതില്ല.
എന്നാല്‍ കോമ്പൗണ്ട് ചെയ്യുമ്പോള്‍ ഇതിനുള്‍പ്പെടെയാണ് നിലവില്‍ സര്‍ക്കാറിന് ടാക്‌സ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ അട്ടിമറിക്കുന്നതിന് വേണ്ടി ഉന്നത തലങ്ങളില്‍ ചിലരുടെ അറിവോടുകൂടി ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂഷന്‍ എന്ന പേരിലും ക്വട്ടേഷനായും പ്രവൃത്തികള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അത്തരം ഓഫീസുകള്‍ സമരത്തിന്റെ ഭാഗമായി ഉപരോധിക്കാനും സമര സമിതി തീരുമാനിച്ചിട്ടുണ്ട്.