Connect with us

Editorial

ക്വാറി വ്യവസ്ഥകള്‍ ഇളവ് ചെയ്യുമ്പോള്‍

Published

|

Last Updated

സംസ്ഥാനത്തെ എല്ലാ പാറമടകള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാനും പറമടകള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും തീരുമാനിച്ചിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 2,300 ഓളം പാറമടകളില്‍ നൂറോളം എണ്ണത്തിന് മാത്രമേ പരിസ്ഥിതി വകുപ്പിന്റെ ലൈസന്‍സ് ഉള്ളൂ. നിലവിലുള്ള നിയമമനുസരിച്ചു പാരിസ്ഥിതിക അനുമതി സമ്പാദിക്കുകയെന്നത് ചെറുകിട ക്വാറികള്‍ക്ക് അത്ര എളുപ്പവുമല്ല. നിലവില്‍ അനുമതിയില്ലാത്ത ക്വാറികളെല്ലാം അടച്ചുപുട്ടുകയാെണങ്കില്‍ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലുമാകും. സിമന്റ്, കമ്പി, മണല്‍, ഇഷ്ടിക തുടങ്ങി നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ അടിക്കടിയുളള വിലക്കയറ്റവും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുളവായ പ്രശ്‌നങ്ങളും കാരണം നിലവില്‍ തന്നെ നിര്‍മാണ രംഗത്ത് പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് അനുമതി വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
എന്നാല്‍ വ്യവസ്ഥകളുടെ ലഘൂകരണം നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമോ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക. നിയമ ലംഘനം കൂടുതല്‍ നടക്കുന്ന മേഖലയാണ് ഖനനം. പലപ്പോഴും ക്വാറി മാഫിയയെ സഹായിക്കാനായി വഴിവിട്ട തീരുമാനങ്ങളും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. ഭൂനിരപ്പില്‍ നിന്ന് 20 അടിയില്‍ കൂടുതല്‍ താഴ്ചയില്‍ ഖനനം പാടില്ലെന്ന നിയമത്തില്‍ നല്‍കിയ ഇളവ് ഉദാഹരണം. കണ്‍സോളിഡേറ്റഡ് റോയല്‍റ്റി നല്‍കിയാല്‍ പരിധിയില്ലാതെ ഖനനം നടത്താമെന്ന 1952ലെ മൈന്‍സ് ആക്ടിന്റെ മറ പിടിച്ചായിരുന്നു ഈ തീരുമാനം. ഭൂഗര്‍ഭ ജലസ്രോതസ്സ് കണ്ടെത്താനും ഇരുമ്പ്, സ്വര്‍ണം, പെട്രോളിയം തുടങ്ങിയ ധാതുക്കള്‍ കുഴിച്ചെടുക്കാനുമാണ് പ്രസ്തുത നിയമം ആവിഷ്‌കരിച്ചത്. അതിന്റെ മറവില്‍ കൂടുതല്‍ ആഴത്തില്‍ കല്ലും ചെങ്കല്ലും മണ്ണും ഖനനം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ ക്വാറികളിലേറെയും നിശ്ചിത ആഴത്തിനപ്പുറം പ്രവര്‍ത്തിക്കുന്നവയാണ്.
വളരെയധികം പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ക്വാറികള്‍. പൊടിപടലം, നടുക്കമുളവാക്കുന്ന കനത്ത ശബ്ദം തുടങ്ങി അവ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും ഒട്ടേറെ. ക്വാറിയും മനുഷ്യവാസമുള്ള വീടുകളും തമ്മില്‍ 200 മീറ്ററെങ്കിലും ദൂരമുണ്ടായിരിക്കണമെന്നാണ് കേന്ദ്രനിയമം. സമീപത്തെ ഭവനങ്ങളില്‍ കുടിവെള്ള ക്ഷാമത്തിന് ഇടവരുത്തരുത്, ശക്തമായ സ്‌ഫോടനങ്ങള്‍ നടത്തരുത്, സമീപ സ്ഥലങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി പാറമടക്ക് ചുറ്റും മൂന്ന് മീറ്ററെങ്കിലും ഉയരത്തില്‍ വേലി, പൊടിപടലങ്ങള്‍ കുറക്കാനായി ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കണം തുടങ്ങി പല വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട് ക്വാറികള്‍ തുടങ്ങാന്‍. ഇവ പാലിക്കുന്നവ തുലോം കുറവാണ്. സമീപവാസികളുടെ സൈ്വരം നശിപ്പിച്ചും അവരെ നിത്യരോഗികളാക്കിയുമാണ് അവ പ്രവര്‍ത്തിക്കുന്നത്. ക്വാറി ലോബിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നു. ഇതുസംബന്ധിച്ചു മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് ലഭിക്കുന്ന പരാതികളേറെയും ചവറ്റുകൊട്ടയിലിടുകയാണെന്ന് ആരോപണമുണ്ട്.
ജനസാന്ദ്രത വര്‍ധിച്ച കേരളത്തില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയാല്‍ ക്വാറികള്‍ പൂട്ടേണ്ടി വരികയും നിര്‍മാണ മേഖലയെ അത് സ്തംഭിപ്പിക്കുകയും ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണം. പാടേ തള്ളിക്കളയാവതല്ല ഈ വാദം. വികസനവും പരിസ്ഥിതിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിസ്ഥിതിയുടെ പക്ഷത്ത് മാത്രം നിലയുറപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ വികസനം മുരടിക്കും. ജീവിതം അസാധ്യമാകുകയും ചെയ്‌തേക്കാം. പ്രകൃതിയില്‍ ഇടപെട്ടും അതിനെ ഉപയോഗപ്പെടുത്തിയും മാത്രമേ വികസനം സാധ്യമാവുകയുള്ളു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ പരമാവധി മാനിക്കുന്നതോടൊപ്പം’വികസനത്തിന്റെ അനിവാര്യത അംഗീകരിക്കുക കൂടി ചെയ്യുന്ന ഒരു കാഴ്ചപ്പാട് വളര്‍ന്നുവരേണ്ടതുണ്ട്. എങ്കിലും ഓരോ പ്രവര്‍ത്തനത്തിന്റെയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ചു പ്രകൃതിയെ തകര്‍ക്കുന്ന വിധത്തിലല്ല അതെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യവുമാണ്. വരാനിരിക്കുന്ന തലമുറയെ കൂടി കണ്ടു കൊണ്ടായിരിക്കണം ഇത്തരം നയങ്ങള്‍ ഉരുത്തിരിഞ്ഞുവരേണ്ടത്. ഇക്കാര്യത്തില്‍ പരിസ്ഥിതിവാദികള്‍ അല്‍പ്പം താഴോട്ടിറങ്ങേണ്ടതുണ്ട്. എന്നാല്‍ വികസനത്തിന്റെ പേരില്‍ പ്രകൃതിയെ യഥേഷ്ടം ചൂഷണം ചെയ്യുന്നതിനുള്ള അവസരം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയും വേണം.