Connect with us

Kozhikode

കോഴികള്‍ മഴയില്‍ ചത്തൊടുങ്ങി

Published

|

Last Updated

താമരശ്ശേരി: വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന കോഴികളെ പത്ത് മണിക്കൂറോളം വാണിജ്യ നികുതി ഇന്റലിജന്‌സ് വിഭാഗം താമരശ്ശേരി ചെക്ക് പോസ്റ്റില്‍ തടഞ്ഞിട്ടു. രണ്ട് ലക്ഷം രൂപയുടെ കോഴിക്ക് മൂന്ന് ലക്ഷം പിഴ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കോഴികള്‍ മഴയില്‍ ചത്തൊടുങ്ങി. പനമരത്തെ ഫാമില്‍ നിന്നും കോഴിക്കോട്ടെ കടകളിലേക്ക് കൊണ്ടുപോവുകയായിരുന്ന കോഴികളെയാണ് വാണിജ്യനികുതി വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി പോലീസ് വാഹനം തടഞ്ഞ് ചെക്ക് പോസ്റ്റില്‍ ഏല്‍പിച്ചത്. പിന്നീട് സ്ഥലത്തെത്തിയ സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടിംഗ് കമ്മീഷണര്‍ പി ആര്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ബില്ല് പരിശോധിക്കുകയും രണ്ട് ലക്ഷത്തി എണ്‍പതിനായിര രൂപ പിഴയടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രണ്ടായിരത്തി അറുനൂറ് കിലോ കോഴിയാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിന് പരമാവധി മുപ്പത്തിഅയ്യായിരം രൂപയാണ് ടാക്‌സ് അടക്കേണ്ടതെന്നും എല്ലാ മാസവും കൃത്യമായി ടാക്‌സ് അടച്ചുവരുന്നുണ്ടെന്നും കോഴികളെ എത്തിച്ചവര്‍ പറഞ്ഞു. തമിഴ്‌നാട് ലോപിയില്‍ നിന്ന് കൈകൂലി കിട്ടാനായി കേരളത്തിലെ കോഴി കച്ചവടക്കാരെ പീഡിപ്പിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും കച്ചവടക്കാര്‍ ആരോപിച്ചു.
ഇതിനിടെ ശക്തമായ മഴയില്‍ കോഴികള്‍ ചത്തുതുടങ്ങിയിരുന്നു. നൂറോളം കോഴികള്‍ വൈകിട്ടോടെ ചാവുകയും ബാക്കിയുള്ളവ മൃതപ്രായമാവുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പിഴ എഴുപത്തി അയ്യായിരത്തി നാനൂറാക്കി കുറച്ചെങ്കിലും കച്ചവടക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ നിന്നും ഡ്രൈവറെ എത്തിച്ച് വൈകിട്ട് ആറ് മണിയോടെ ചത്തതും മൃതപ്രായമായതുമുള്‍പ്പെടെയുള്ള കോഴികളെയുമായി സെയില്‍ ടാക്‌സ് സംഘം പോലീസ് അകമ്പടിയോടെ വയനാട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ നാലാം വളവിലെത്തിയപ്പോള്‍ കോഴിക്കച്ചവടക്കാരെത്തി പിഴയടച്ച് വാഹനം തിരികെ വാങ്ങി. അന്യസംസ്ഥാനത്തു നിന്നും കോഴികളെ ഇറക്കുമതി ചെയ്യുന്നത് തടയാനായി ഏര്‍പ്പെടുത്തിയ നികുതിയുടെ പേരില്‍ കേരളത്തിലെ കോഴി കച്ചവടക്കാരെ വേട്ടയാടുന്ന നടപടിയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് പ്രൗട്രി ഫാം അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.വയനാട്ടില്‍ നിന്നും വരുന്ന ലോറി ലക്കിടിയിലെ ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോന്നതിനാലാണ് വാഹനം തടഞ്ഞതെന്നും നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നും സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടിംഗ് കമ്മീഷണര്‍ പി ആര്‍ ചന്ദ്രന്‍ പറഞ്ഞു.

Latest