അവഗണനക്കൊപ്പം ഉദാസീനതയും

Posted on: July 16, 2014 6:00 am | Last updated: July 16, 2014 at 12:16 am

SIRAJ.......കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനത കൊണ്ടു കൂടിയാണ് കേരളത്തിന് പല കേന്ദ്ര പദ്ധതികളും ആനുകൂല്യങ്ങളും നഷ്ടമാകുന്നതെന്നാണ് ഇതുസംബന്ധിച്ചു പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വരള്‍ച്ചക്കെതിരെ സംസ്ഥാനം സ്വീകരിച്ച നടപടികളുടെ റിപോര്‍ട്ട് യഥാസമയം സമര്‍പ്പിക്കാത്തതു കാരണം കേന്ദ്രത്തില്‍ നിന്നുള്ള വരള്‍ച്ചാ ദുരിതാശ്വാസ സഹായം ഇത്തവണ സംസ്ഥാനത്തിനു ലഭിച്ചേക്കില്ലെന്നാണ് സൂചന. റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു. കഴിഞ്ഞ മാസം രൂപവത്കരിച്ച തെലങ്കാനയടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും നിശ്ചിത സമയപരിധിക്കു മുമ്പേ റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേരളം വീഴ്ച വരുത്തി. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതില്‍ വരുത്തിയ വീഴ്ച പദ്ധതിവിഹിതത്തിന്റെ 32 ശതമാനം തുക നഷ്ടമാക്കിയതും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനുള്ള 500 കോടിയുടെ ഫണ്ട് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും തമ്മിലുള്ള രൂക്ഷമായ അധികാരത്തര്‍ക്കം മൂലം നഷ്ടമായതും തുടര്‍ന്ന് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ രാജിക്കൊരുങ്ങിയതും അടുത്തിടെ മാധ്യമങ്ങളില്‍ വന്നതാണ്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലുമുണ്ടായി സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് വീഴ്ച. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുകയും പാരിസ്ഥിതികാനുമതി ലഭിക്കുകയും ചെയ്ത വിഴിഞ്ഞം പദ്ധതി കേന്ദ്രത്തില്‍ സമര്‍ദം ചെലുത്തിയാല്‍ കാര്യമായ തടസ്സങ്ങള്‍ ഇല്ലാതെ കേന്ദ്ര സഹായത്തോടെ തന്നെ നടപ്പാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടുകയുണ്ടായി. കൊച്ചി മെട്രോയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതിലും വിനിയോഗിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതായി സ്ഥലം എം പി ആരോപിച്ചിരുന്നു.
അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ കേരളത്തിന് അനുകൂലമായി മാറ്റിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച വീഴ്ച മൂലമായിരുന്നു മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം കോടതിയില്‍ പരാജയപ്പെട്ടത്. പുതിയ അണക്കെട്ടിനു വേണ്ടി 2006 വരെ കേരളം അവകാശവാദം ഉന്നയിക്കാതിരുന്നതും പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ലെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതുമാണ് വിധി എതിരാകാന്‍ മുഖ്യകാരണമെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയതാണ്. കാവേരി നദീജല െ്രെടബ്യൂണല്‍ പ്രകാരം കേരളത്തിന് അനുവദിച്ച 30 ദശലക്ഷം ഘനയടി വെള്ളം ഉപയോഗപ്പെടുത്തുന്നതിലും കടുത്ത ഉദാസീനതയാണ് കേരളം കാണിച്ചത്.
മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്നുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തികഞ്ഞ ജാഗ്രതയും ശ്രദ്ധയുമാണ് കാണിക്കുന്നത്. രാഷ്ട്രീയ ഭിന്നതകളോ പ്രാദേശിക വടംവലികളോ ഇതിന് തടസ്സമാകാറില്ല. രാഷ്ട്രീയമായി ജയലളിതയും കരുണാനിധിയും കീരിയും പാമ്പും കണക്കെയെങ്കിലും മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. കേരളത്തിലെ ചില പ്രമുഖ പത്രങ്ങളെയും ഉദ്യോഗസ്ഥപ്രമുഖരെയും പോലും ഇക്കാര്യത്തില്‍ തമിഴ്‌നാട് വിലക്കെടുത്തത് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള അവരുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏതറ്റം വരെയും അവര്‍ പോകും. എന്നാല്‍ കേരളത്തില്‍ നാടിന്റെ വികസനത്തേക്കാള്‍ കക്ഷിരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താത്പര്യം. രാഷ്ട്രീയ പകപോക്കലിനായി വികസന പദ്ധതികള്‍ക്ക് പോലും പാര വെക്കുന്നു. രഷ്ട്രീയമാണ് കേരളത്തിന്റെ വികസനത്തിനു തടസ്സമെന്ന് ചില വന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയതാണ്.
പ്രാദേശിക വടംവലികളാണ് വികസനത്തിന് മറ്റൊരു തടസ്സം. കേന്ദ്രം ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ വിവിധ ജില്ലക്കാരും പ്രദേശക്കാരും അതിനായി രംഗത്തു വരികയും ഇത് സ്ഥലനിര്‍ണയത്തില്‍ സര്‍ക്കാറിന് കീറാമുട്ടിയാകുകയും ചെയ്യുന്നു. എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഈ ഗതികേട് അനുഭവിച്ചുകൊണ്ടിരിക്കയാണിപ്പോള്‍. കേരളത്തിന് ഈ വര്‍ഷത്തെ ബജറ്റില്‍ എയിംസ് പ്രഖ്യാപിച്ചില്ലെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉറപ്പ് നല്‍കുകയും ഈ മാസം 19നകം അതിനുള്ള സ്ഥലം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള ആറ് സ്ഥലങ്ങളടക്കം 16 സ്ഥലങ്ങളുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ മുമ്പില്‍ എത്തിയിട്ടുണ്ട്. പല കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദമുള്ളതിനാല്‍ തീരുമാനം നീളുകയാണ്. നിശ്ചിത തീയതിക്കകം ഇതില്‍ തീരുമാനമെടുത്ത് മന്ത്രിസഭയുടെ അംഗീകാരം നേടി കേന്ദ്രത്തിന് സമര്‍പ്പിക്കാനാകുമോ എന്നാണിപ്പോള്‍ ആശങ്ക.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റുകളില്‍ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍, പദ്ധതികളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതില്‍ സംസ്ഥാനത്തിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പി നേതൃത്വം അതിനെ പ്രതിരോധിച്ചത്. അതിനുള്ള അവസരം ഇനിയെങ്കിലും ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയവും പ്രാദേശിക സങ്കുചിതത്വവും തടസ്സം സൃഷ്ടിക്കാതിരിക്കുന്നതിന് ഒരു പൊതുബോധം കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വരേണ്ടതുമുണ്ട്.

ALSO READ  ഡല്‍ഹിയില്‍ നിറഞ്ഞാടിയത് നിറതോക്കുകള്‍