Connect with us

Malappuram

പൊന്നാനി തീരത്ത് കടല്‍ക്ഷോഭം; പത്ത് വീടുകള്‍ തകര്‍ന്നു

Published

|

Last Updated

പൊന്നാനി: പൊന്നാനി തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ പത്ത് വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കഴിഞ്ഞ കുറേ കാലത്തിനിടെ പൊന്നാനി തീരം നേരിട്ട രൂക്ഷമായ കടലാക്രമണത്തിനാണ് ഹിള്ര്‍ പളളി മുതല്‍ മറിഞ്ഞാഴി വരെയുളള ഭാഗം ഇന്നലെ സാക്ഷ്യം വഹിച്ചത്. ശക്തമായ കടല്‍ഭിത്തിയുളള മേഖലയായ ഇവിടെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി വീടുകള്‍ തകര്‍ത്തു.
പുത്തന്‍പുരയില്‍ ഹുസൈനാര്‍, മായിന്‍ കുട്ടിക്കാനകത്ത് അസൈനാര്‍ , കോയാമാക്കാനകത്ത് ഹൗലത്ത്, കുരിക്കലകത്ത് സുഹ്‌റ, തണ്ണീര്‍ കുടിയന്റെ മൊയ്തീന്‍ ബാവ, കണ്ടത്ത് വീട്ടില്‍ ഹസന്‍കോയ, തറീക്കാനകത്ത് അബു സ്രാങ്കിന്റെപാത്തു, കറുത്ത കുഞ്ഞാലന്റെ ബീപാത്തു, വപ്പന്റെ അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഭാഗികമായി തകര്‍ന്ന 27 വീടുകളില്‍ പകുതിയിലേറെയും ഉപയോഗശൂന്യമായ നിലയിലാണ്.
ഇന്നലെ രാവിലെ മുതലാണ്ശക്തമായ കാറ്റോടെയുള്ള കടലാക്രമണം തീരത്ത് അനുഭവപ്പെട്ടത്. തിരമാലകള്‍ അതിശക്തമായാണ് തീരത്തേക്ക് ആഞ്ഞടിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ അനുഭവപ്പെട്ട കടലാക്രമണത്തിന്റെ പതിന്മടങ്ങ് ശക്തിയിലാണ് തിരമാലകളുടെ തള്ളിക്കയറ്റം അനുഭവപ്പെട്ടത്. കടല്‍ ഭിത്തിയുളളതിനാല്‍ സുരക്ഷിതമാണെന്ന് കരുതിയ വീടുകളാണ് ഇന്നലെ കടലെടുത്തത്. തിരമാലകളുടെ തള്ളിച്ചയില്‍ ഈ മേഖലയിലെ കടല്‍ഭിത്തികള്‍ തകര്‍ന്നു.
സ്ഥിരമായി കടലാക്രമണം നേരിടുന്ന പുതുപൊന്നാനി മേഖലയില്‍ കടല്‍ രൂക്ഷമായിരുന്നില്ല. അബു ഹുറൈറ പള്ളിയോട് ചേര്‍ന്ന കടല്‍ഭിത്തിയില്ലാത്ത ഭാഗത്തെ രണ്ടുവീടുകളിലേക്ക് വെള്ളം കയറി. പാലപ്പെട്ടി മേഖലയിലും ഇന്നലെ രൂക്ഷമായ കടലാക്രമണമുണ്ടായി. അജ്മീര്‍ നഗറിലെ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വെളുത്തപ്പന്‍ മുഹമ്മദിന്റെയും വടക്കേപ്പുറത്ത് കോയയുടെയും വീടുകളാണ് തകര്‍ന്നത്. രണ്ട് വീടുകളും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പാലപ്പെട്ടി മേഖലയില്‍ പതിനഞ്ചോളം തെങ്ങുകളും കടലെടുത്തു.
മഴ ശക്തിപ്പെട്ടതോടെ ഉണ്ടായ കടലാക്രമണംതീരദേശവാസികള്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. കടല്‍ഭിത്തിയുളള ഭാഗങ്ങളിലെ വീടുകളാണ് കടലാക്രമണത്തിന് വിധേയമായതെന്നത് ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിച്ചിക്കുന്നു. കാലങ്ങളായി കടലാക്രമണത്തിന്റെ നാശനഷ്ടങ്ങള്‍ നേരിടാത്ത പ്രദേശത്താണ് പത്തുവീടുകള്‍ ഒറ്റയടിക്ക് തകര്‍ന്നത്. തകര്‍ന്ന വീടുകള്‍ വില്ലേജ് ഓഫീസര്‍ ഷംസുദ്ദീന്റെനേതൃത്വത്തിലുളള റവന്യൂ സംഘം സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

Latest