Connect with us

Palakkad

വാളയാറിലെ കുരുക്ക് അഴിയുന്നു

Published

|

Last Updated

വാളയാര്‍: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ചരക്കുവാഹനങ്ങളുടെ ഗതാഗതക്കുരുക്കിന് ഇന്നലെ വൈകുന്നേരത്തോടെ ശമനമായി.
ബസുകളും ചെറിയ വാഹനങ്ങളും കടന്നുപോകുന്നത് സുഗമമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്ന ഗതാഗതക്കുരുക്ക് ഇന്നലെ ഉച്ചയോടെയാണ് അയഞ്ഞുതുടങ്ങിയത്. ഇന്നലെ രണ്ടാം ശനിയാഴ്ചയായതിനാല്‍ ചരക്കുവാഹനങ്ങളുടെ വരവ് കുറവായിരുന്നു. ചരക്കുവാഹനങ്ങളുടെ നിര തമിഴ്‌നാട് ഭാഗത്തേയ്ക്ക് ആറുകിലോമീറ്റര്‍ ദൂരം ചാവടി വരെ നീണ്ടിരുന്നു. അന്തര്‍സംസ്ഥാന യാത്രക്കാരും ചെറുവാഹനയാത്രക്കാരും ഇതുമൂലം ദുരിതത്തിലായി. കോയമ്പത്തൂരിലെ ആശുപത്രികളിലേയ്ക്ക് പോകുന്ന രോഗികളും കഷ്ടത്തിലായി. കേരളത്തിലേയ്ക്ക് മരുന്നുകൊണ്ടുവരുന്ന ലോറികളും കുരുക്കില്‍പെട്ടിരുന്നു.
ഇ- ഡിക്ലറേഷന്‍ എന്ന സാങ്കേതികത്വത്തില്‍ കുടുങ്ങി ബില്ലിംഗ് നടത്താനാകാത്തതുമൂലം ചരക്കുലോറികള്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്റെ ഇടപെടല്‍മൂലം ഇ-ഡിക്ലറേഷന്‍ നല്കാനുള്ള സമയപരിധി 15 വരെ നീട്ടിയിരുന്നു. ഇതേതുടര്‍ന്ന് ചില വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അനുമതി ലഭിച്ചെങ്കിലും കുരുക്കിലകപ്പെട്ടുപോയതിനാല്‍ ഇവയ്ക്കും പോരാന്‍ കഴിയാത്തതുമൂലമാണ് ഇന്നലെ കുരുക്ക് തുടര്‍ന്നത്.
ഒരു ദിവസം രണ്ടായിരത്തോളം ചരക്കുവാഹനങ്ങളാണ് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കടന്നുപോകുന്നത്. ഈ കണക്കുപ്രകാരം കഴിഞ്ഞ മൂന്നു ദിവസമായി ആറായിരത്തോളം വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയത്. പുതിയ പരിഷ്‌ക്കാരത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ചരക്ക് അയയ്ക്കുന്നയാളോ സ്വീകരിക്കുന്നയാളോ അവര്‍ക്കു നല്‍കിയിട്ടുള്ള പ്രത്യേക ഐഡിയും പാസ് വേഡും ഉപയോഗിച്ച് നികുതിവകുപ്പിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇ- ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.
ഐഡിയും പാസ് വേഡും മറ്റുള്ളവരുമായി പങ്കുവെയ്ക്കാമെങ്കിലും വരുന്ന ചരക്കിന്റെ ഉത്തരവാദിത്തം പാസ് വേഡ് ഉടമയ്ക്കായിരിക്കും. ഇപ്പോഴത്തെ ഗതാഗതസ്തം”നം ഒഴിവാക്കാനാണ് ചൊവ്വാഴ്ച വരെ ഇളവ് നല്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് നികുതിവകുപ്പ് സെക്രട്ടറി വാളയാറിലെത്തും.

Latest