ഫിത്്വര്‍ സകാത്ത്

Posted on: July 13, 2014 6:00 am | Last updated: July 12, 2014 at 10:21 pm

zakathനോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കുകയും ഒപ്പം പെരുന്നാള്‍ ദിവസം മുഖ്യാഹാരം ലഭിക്കാത്ത ഒരു മുസ്‌ലിം വീടും ഉണ്ടാകാന്‍ പാടില്ലെന്നതുമാണ് ഫിത്്വര്‍ സകാത്തിന്റെ ലക്ഷ്യം. ഇത് പണക്കാര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്. പെരുന്നാള്‍ രാവിലും പകലിലും താമസിക്കാനുള്ള വീട്, കഴിക്കാനുള്ള ഭക്ഷണം, വസ്ത്രം, കടമുണ്ടെങ്കില്‍ അത് വീട്ടാനുള്ള ആസ്തി ഇവ കഴിച്ച് മിച്ചമുള്ളവരൊക്കെ ഫിത്്വര്‍ സകാത്ത് നല്‍കണം. തന്റെത് മാത്രം പോരാ. താന്‍ ചെലവിന് കൊടുക്കാന്‍ ബാധ്യതപ്പെടവരുടെതു കൂടി കൊടുക്കണം. കാരണമില്ലാതെ പിണങ്ങിക്കഴിയുന്ന ഭാര്യയുടെ സകാത്ത് കൊടുക്കേണ്ടതില്ല. ശേഷിയുണ്ടെങ്കില്‍ അവളാണ് കൊടുക്കേണ്ടത്. സാമ്പത്തികശേഷിയില്ലാത്ത ഭര്‍ത്താവിന്റെ ഭാര്യ സാമ്പത്തിക ശേഷിയുള്ളവളാണെങ്കിലും അവളുടെ സകാത്ത് രണ്ടാള്‍ക്കും നിര്‍ബന്ധമില്ല. ഭാര്യ നല്‍കല്‍ സുന്നത്തുണ്ട്. അധ്വാനിക്കാന്‍ ശേഷിയുള്ള മക്കളുടെ ഫിത്്വര്‍ സകാത്ത് പിതാവ് നല്‍കേണ്ടതില്ല. നല്‍കുകയാണെങ്കില്‍ അവരുടെ സമ്മതം വാങ്ങിയിരിക്കണം.റ മസാനിന്റെ അവസാന സമയത്തും പെരുന്നാളിന്റെ ആദ്യ സമയത്തും ഉള്ളവരുടെ പേരില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. അപ്പോള്‍ പെരുന്നാള്‍ രാവ് പിറക്കുന്നതിന് മുമ്പ് മരിച്ചയാളുടെ പേരില്‍ സകാത്ത് വേണ്ട. ഇതുപോലെ പെരുന്നാള്‍ രാവ് പിറക്കുന്നതിന് മുമ്പ് മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യ, രാവ് പിറന്നതിന് ശേഷം നിക്കാഹ് കഴിച്ച ഭാര്യ ഇവരുടെ പേരിലും സകാത്ത് നിര്‍ബന്ധമില്ല.
ഒരാള്‍ക്ക് വേണ്ടി ഒരു സ്വാഅ് (3. 200 ലിറ്റര്‍- 2. 600 കിലോഗ്രാം) എന്ന തോതിലാണ് നല്‍കേണ്ടത്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് തന്നെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഉത്തമം. പകലില്‍ എതായാലും കൊടുത്തു തീര്‍ക്കണം. രാത്രിയിലേക്ക് പിന്തിക്കുന്നത് കുറ്റകരമാണ്.
മുഖ്യാഹാരമായ അരിയോ മറ്റോ നല്‍കണം. വില നല്‍കിയാല്‍ മതിയാകില്ല. ഒരോരുത്തരുടെയും താമസസ്ഥലത്താണ് ഫിത്വര്‍ സകാത്ത് വിതരണം നടത്തേണ്ടത്. ഗള്‍ഫിലും മറ്റുമായി വിദേശത്തുള്ളവരുടെ ഫിത്്വര്‍ സകാത്ത് അവിടെ തന്നെയാണ് കൊടുക്കേണ്ടത്. പണിയില്ലാത്തവരും കടം മൂലം വലഞ്ഞവരും വരുമാനം തികയാത്ത മിസ്‌കീന്‍മാരും അവരുടെ താമസസ്ഥലങ്ങളില്‍ തന്നെ ധാരാളമുണ്ടാകും. ഒരാളുടെ ഭാര്യ ഭര്‍ത്താവിന്റെ മഹല്ലിന് പുറത്തുള്ള അവളുടെ വീട്ടിലാണ് താമസമെങ്കില്‍ അവളുടെ നാട്ടിലാണ് ഫിത്്വര്‍ സകാത്ത് കൊടുക്കേണ്ടത്.
സകാത്ത് പാവങ്ങളുടെ അവകാശമാണ്. സമ്പന്നരുടെ ഔദാര്യമല്ല; എങ്കിലും പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും വാങ്ങിക്കൊടുക്കുന്നതല്ല സകാത്ത്. മറിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ സ്വമനസ്സാലെ തങ്ങളുടെ സമ്പത്തിന്റെ ശുദ്ധീകരണവും സ്വര്‍ഗവും ലക്ഷ്യം വെച്ച് ഭക്തിപുരസ്സരം നല്‍കുന്ന ദാനമാണത്. ഇത് അവകാശികളിലേക്ക് എത്തിക്കാന്‍ സുതാര്യവും കുറ്റമറ്റതുമായ രീതി ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. ഇടനിലക്കാരുടെ ഒരു നിലക്കുമുള്ള ചൂഷണത്തിനും പഴുതുകളില്ലാത്ത സംവിധാനമാണിത്.