ജൂത പൈശാചികതക്ക് അറുതി വരുത്തണം

Posted on: July 12, 2014 6:00 am | Last updated: July 11, 2014 at 11:44 pm

SIRAJ.......ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. വ്യാഴാഴ്ച മാത്രം 300 കേന്ദ്രങ്ങളിലേക്കാണ് കനത്ത വ്യോമാക്രമണമുണ്ടായത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരം ഓപറേഷന്‍ പ്രൊട്ടക്ടീവ് എസ്‌ക് എന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ നാല് ദിവസത്തിനകം സ്ത്രീകളും കുട്ടികളുമടക്കം 88 പേര്‍ കൊല്ലപ്പെടുകയും നൂറുക്കണക്കിനാളുകള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയുമുണ്ടായി. ആക്രമണത്തിന്റെ രൂക്ഷത മൂലം ആയിരങ്ങളാണ് നാടും വീടും ഉപേക്ഷിച്ചു സുരക്ഷിത ഇടങ്ങള്‍ തേടിപ്പോകുന്നത്.
ജൂണ്‍ 12ന് ഫലസ്തീനിലെ ജൂത കുടിയേറ്റ പ്രദേശത്തു നിന്ന് കാണാതായ മൂന്ന് ജൂത ബാലന്മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഹമാസാണ് ഇവരെ തട്ടിക്കൊണ്ടുപോയി കൊന്നതെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. ഇതിനു പ്രതികാരമായി കിഴക്കന്‍ ജറൂസലമില്‍ നിന്ന് ഒരു ഫലസ്തീന്‍ ബാലനെ ജൂതര്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊല്ലുകയും ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിമോചന സംഘടനകളായ ഫതഹ് ഗ്രൂപ്പും ഹമാസും അനുരഞ്ജന കരാറില്‍ ഏര്‍പ്പെടുകയും ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തതിലുള്ള നീരസവും പൊറുതികേടുമാണ് ഇസ്‌റാഈലിന്റെ സംഹാര താണ്ഡവത്തിന് പിന്നിലെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടുന്നത്. ഇസ്‌റാഈലി ബാലന്മാരുടെ തിരോധാനവും കൊലയും ഇതിന് വഴിമരുന്നിടാനായി ജൂത ചാരസംഘടനയായ മൊസ്സാദ് ആസൂത്രണം ചെയ്തതാണെന്നും അവര്‍ ആരോപിക്കുന്നു. ഇസ്‌റാഈലിന്റെ മുന്‍കാല ചെയ്തികള്‍ വിലയിരുത്തുമ്പോള്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ല.
ഏഴ് വര്‍ഷത്തെ ഭിന്നതക്കൊടുവില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ കീഴില്‍ ഫതഹും ഹമാസും ഒന്നിക്കുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാജ്യമെന്ന ആശയത്തെ അമേരിക്കയും ഇസ്‌റാഈലും നിരാകരിക്കുകയും അതിനുള്ള അന്താരാഷ്ട്ര നീക്കങ്ങള്‍ തുരങ്കം വെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫലസ്തീന്‍ ജനത അഭിപ്രായഭിന്നത മറന്ന് ഒരുമിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിന്റെ പരിണതിയായിരുന്നു ഈ അനുരഞ്ജന കരാര്‍. ഇസ്‌റാഈലിന്റെ അസ്തിത്വം അംഗീകരിക്കുന്നത് സംബന്ധിച്ച ഭിന്നതയായിരുന്നു ഒരേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളെ അകറ്റിയത്. ഫലസ്തീനികളെയും മുസ്‌ലിം ലോകത്തെയും വഞ്ചിച്ചു പാശ്ചാത്യ ശക്തികള്‍ സ്ഥാപിച്ച ഇസ്‌റാഈല്‍ രാഷ്ട്രത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഹമാസ്. നിലവിലെ സാഹചര്യത്തില്‍ ഇസ്‌റാഈലിനെ അംഗീകരിക്കാതെ ഫലസ്തീനികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകില്ലെന്ന് ഫതഹ് കരുതുന്നു. ഇതിന്റെ പേരില്‍ വേര്‍തിരിഞ്ഞു പ്രവര്‍ത്തിച്ചപ്പോള്‍ അത് ഗുണം ചെയ്തത് ഇസ്‌റാഈലിനാണ്. അതുകൊണ്ടാണ് ഹമാസ്, ഫതഹ് സഖ്യത്തില്‍ ഇസ്‌റാഈലും അമേരിക്കയും അസന്തുഷ്ടി പ്രകടിപ്പിച്ചത്. ‘ഒന്നുകില്‍ ഇസ്‌റാഈലുമായി രമ്യതയിലെത്തുക, അല്ലെങ്കില്‍ ഹമാസുമായി കൈകോര്‍ക്കുക രണ്ടിലൊന്നേ നടക്കൂ. ഹമാസും സമാധാനവും ഒരുമിച്ചു പോകാത്ത കാര്യങ്ങളാണെന്നാ’യിരുന്നു അനുരഞ്ജന തീരുമാനത്തോടുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. സുശക്തമായ നിലപാടുകളും ചിട്ടയായ പ്രവര്‍ത്തനങ്ങളും മൂലം ഫലസ്തീനികള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുറപ്പിച്ച ഹമാസിനായിരിക്കും ഫലസ്തീന്‍ ഐക്യ സര്‍ക്കാറില്‍ മേല്‍ക്കൈയെന്ന് യു എസും ഇസ്‌റാഈലും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ഐക്യത്തില്‍ അവര്‍ വല്ലാതെ അസ്വസ്ഥരാകുന്നത്.
അതേസമയം ആഗോള സമൂഹം ഹമാസ്, ഫതഹ് ഐക്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആഭ്യന്തര കലഹങ്ങളവസാനിച്ചതോടെ ഇസ്‌റാഈലി ക്രൂരതകള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പും ഫലസ്തീന്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. ഹമാസിന്റെ നിലപാടുകളില്‍ വന്ന മാറ്റം ഇതിനു സഹായകമാണ്. 1967 ന് മുമ്പത്തെ അതിര്‍ത്തി അംഗീകരിക്കാന്‍ അവര്‍ തയാറായിട്ടുണ്ട്. ഫലത്തില്‍ ഇത് ഇസ്‌റാഈല്‍ രാഷ്ട്രത്തെ അംഗീകരിക്കലാണ്. ഹമാസ് കര്‍ക്കശ നിലപാടുകളില്‍ നിന്നു പിന്നോട്ട് വന്ന സാഹചര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഇസ്‌റാഈലും സന്നദ്ധമാകണമെന്നും ജൂതകുടിയേറ്റം നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യത്തിന് ആഗോള സമൂഹത്തില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുമെന്നുള്ള ആശങ്ക ഇസ്‌റാഈലിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് നെതന്യാഹുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഹമാസിന്റെ ശക്തി തകര്‍ക്കുകയാണ് ഇതിനവര്‍ കണ്ട പ്രതിവിധി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ പിടിച്ചടക്കുന്നതോടെ സംഘടനയുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന വിശ്വാസത്തിലാണ് ഗാസക്ക് നേരെ അവര്‍ തീവ്രമായ ആക്രമണം അഴിച്ചുവിടുന്നത്. വ്യോമാക്രണത്തിന് പുറമെ കരമാര്‍ഗമുള്ള ആക്രമണം തുടങ്ങാനുള്ള തീരുമാനത്തിന്റെ ലക്ഷ്യം ഗാസയെ അധീനപ്പെടുത്തലാണ്. അവരുടെ ഈ സാമ്രാജ്യത്വ വിപുലീകരണ മോഹത്തിനിടയില്‍ പൊലിയുന്നത് കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളാണ്. കൊടും പൈശാചികതയാണ് ഫലസ്തീനികള്‍ക്ക് നേരെ ജൂതപ്പട നടത്തി വരുന്നത്. ജൂതപ്പടക്കെതിരായ ഹമാസിന്റെ ചെറുത്തു നില്‍പ്പിനെ ചൂണ്ടി ഇസ്‌റാഈലിന്റെ പൈശാചികതയെ ന്യായീകരിക്കുന്ന പാശ്ചാത്യ ശക്തികളുടെ നിലപാടും അപഹാസ്യമാണ്. അറബ് ലീഗ് സെക്രട്ടറി നബീല്‍ അല്‍ അറബി അഭിപ്രായപ്പെട്ടതു പോലെ പ്രശ്‌നത്തില്‍ യു എന്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.

ALSO READ  ലോകമൊന്നിച്ചെതിര്‍ക്കണം ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി