Connect with us

Ongoing News

ഹൃദയം കൊണ്ട് ചിന്തിക്കുന്നുണ്ടോ?

Published

|

Last Updated

ഇന്നലെ നുസ്‌റതിലെ അവസാന വര്‍ഷ വിദ്യാര്‍ഥി മുഹ്‌സിന്‍ എളാട് ഒരു പി ഡി എഫ് ഫയല്‍ കാണിച്ചു തന്നു. സിറിയയിലെ പ്രമുഖ ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതന്‍ ഡോ. മുഹമ്മദ് റാതിബ് നാബലിസിയുടെ പ്രസംഗങ്ങളായിരുന്നു അത്. മുഖ്തസര്‍ കോഴ്‌സിന്റെ ഭാഗമായി സമര്‍പ്പിക്കാനുള്ള ഗവേഷണ പ്രബന്ധത്തിന് അവന്‍ തിരഞ്ഞെടുത്ത വിഷയം “ചിന്ത ഹൃദയത്തിലോ തലച്ചോറിലോ” എന്നതായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പുതിയ വിവരം കിട്ടിയപ്പോള്‍ കൗതുകം പങ്കുവെച്ചതായിരിക്കണം.
വായിച്ചു നോക്കിയപ്പോള്‍ കുറേ കാലമായി മനസ്സില്‍ ഒരു കൃത്യമായ ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന ഒരു പ്രഹേളികയുടെ കെട്ടഴിയുന്നത് പോലെ തോന്നി. ചിന്ത, പേടി, സ്‌നേഹം, വെറുപ്പ് തുടങ്ങിയ വികാരങ്ങളൊക്കെ ഖല്‍ബിലാണെന്നാണ് ഖുര്‍ആന്‍ പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുക. എന്നാല്‍ ഇതൊക്കെ തലച്ചോറിലാണെന്നാണ് ശാസ്ത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുക. പുതിയതും പഴയതുമായ പല പഠനങ്ങളും ഇതു സംബന്ധമായി വന്നിട്ടുണ്ട്. പക്ഷേ, 29 05 1988 ന് ക്ലാരി സില്‍വിയ എന്ന സ്ത്രീ, ഒരു അപകടത്തില്‍ മരിച്ച പതിനെട്ട് വയസ്സുകാരനായ ഒരാളുടെ ഹൃദയം സ്വീകരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഈ സ്ത്രീ പുരുഷഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായി പ്രകടമായി. മുമ്പ് തനിക്ക് ഭക്ഷിക്കാന്‍ സാധിക്കാതിരുന്ന പലതും അവള്‍ക്ക് ഇഷ്ട ഭോജ്യങ്ങളായി. അന്വേഷണത്തിനൊടുവില്‍ ഹൃദയത്തിന്റെ ഉടമയുടെ വികാരങ്ങളാണ് സ്ത്രീയില്‍ പ്രകടമാകുന്നതെന്ന് വ്യക്തമായി. പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടു. എട്ട് വയസ്സുകാരി അവളുടെ ഹൃദയം സ്വീകരിച്ചു. സ്വീകര്‍ത്താവ് പിന്നീട് പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ഒരാള്‍ ഒരു പെണ്‍കുട്ടിയെ കൊല്ലുന്നതായിരുന്നു സ്വപ്‌നങ്ങള്‍. കുട്ടിയെ ചികിത്സിച്ച മന:ശാസ്ത്രജ്ഞന്‍ കുട്ടിയുടെ വിവരണത്തില്‍ നിന്ന് ഘാതകന്റെ രൂപം മനസ്സിലാക്കുകയും അങ്ങനെ പോലീസുകാര്‍ കൊലയാളിയെ പിടികൂടുകയും ചെയ്തു. താന്‍ ഫ്രാന്‍സിലായിരിക്കെ ഹൃദയശസ്ത്രക്രിയക്ക് കേളികേട്ട ഒരു ഡോക്ടറില്‍ നിന്ന് നേരിട്ടറിഞ്ഞ ഇത്തരം മുന്നൂറോളം സംഭവങ്ങള്‍ തനിക്കറിയാമെന്ന് നാബല്‍സി തന്റെ പ്രഭാഷണത്തില്‍ വിശദീകരിക്കുന്നു. കൃത്രിമ ഹൃദയം സ്വീകരിച്ചവര്‍ക്ക് വികാരങ്ങളും ചിന്തകളും ഉണ്ടാകുന്നില്ലെന്നും പലപ്പോഴും പെട്ടെന്ന് മരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. തലച്ചോറിനെയും വെല്ലുന്ന ‘തലച്ചോറ് ’ ഹൃദയത്തിലുണ്ടെന്ന് സമര്‍ഥിച്ചുകൊണ്ടാണ് ആ പ്രഭാഷണം വികസിക്കുന്നത്.
ഏതായാലും ഹൃദയം കേവലം രക്തം പമ്പ് ചെയ്യുന്ന ഉപകരണം മാത്രമാണെന്ന് പറഞ്ഞ് ഖുര്‍ആനിനെ കൊഞ്ഞനം കുത്തിയവര്‍ക്ക് നിരാശപ്പെടാം. മുഹ്‌സിന്റെ അന്വേഷണം തിരിച്ചറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് നമ്മെ നയിക്കുമെന്ന് പ്രത്യാശിക്കാം.ഏതായാലും ആ ഖുര്‍ആനിക പ്രവചനം വീണ്ടും പുലര്‍ന്നിരിക്കുന്നു. “ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും നാം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊണ്ടേയിരിക്കും. അത് (ഖുര്‍ആനിക പ്രഖ്യാപനങ്ങള്‍) സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നതു വരെ”.’ (വി.ഖു 41-51) റമസാനിന്റെ ഇരവുപകലുകളില്‍ നമ്മെ ചിന്തിപ്പിക്കേണ്ട വിഷയമിതാണ്. ‘ഹൃദയമുണ്ട്, പക്ഷേ അതുകൊണ്ട് ചിന്തിക്കുന്നില്ല’ എന്ന് ഖുര്‍ആന്‍ ആക്ഷേപിച്ച ജന്തുക്കളില്‍ നമ്മള്‍ പെടുമോ എന്നതാണ്. അല്ലാഹു കാക്കട്ടെ.

Latest