Connect with us

International

ഗാസയില്‍ ചോരപ്പുഴ ഓഴുക്കി ഇസ്‌റാഈല്‍:മരണസംഖ്യ 84 ആയി

Published

|

Last Updated

ഗാസ സിറ്റി: മൂന്ന് ദിവസമായി ഗാസാ മുനമ്പില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ശക്തമായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 84 ആയി. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 47 ആയിരുന്നു. മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണെന്നതും ഉറങ്ങുന്ന അവസരത്തിലാണ് ആക്രമണമെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഗാസ പിടിച്ചടക്കുക എന്ന അജന്‍ഡയാണ് ഇസ്‌റാഈലിന്റെത്. ഇന്നലെ രാവിലെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ദിവസമായി ആക്രമണം തുടങ്ങിയ ശേഷം ഒറ്റ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും വലിയ നിരക്കാണിത്.
ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഖാന്‍ യൂനിസ് പ്രദേശത്ത് രണ്ട് വീടുകള്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. വീട്ടുകാര്‍ ഉറങ്ങുകയായിരുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 18 ആയിട്ടുണ്ട്. സെന്‍ട്രല്‍ ഗാസയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ടി വി ചാനല്‍ വാഹനമെന്ന് കാറില്‍ സ്റ്റിക്കര്‍ പതിച്ചെങ്കിലും ഇസ്‌റാഈല്‍ സൈന്യം ബോംബിടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ, 750 കേന്ദ്രങ്ങളിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. 800 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഇതിനായി ഉപയോഗിച്ചു. 2012ലെ എട്ട് ദിവസം നീണ്ടുനിന്ന വന്‍ ആക്രമണത്തില്‍ ഉപയോഗിച്ചതിന്റെ എത്രയോ മടങ്ങ് വരുമിത്.
അറുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഇവിടെ അവശ്യവസ്തുക്കള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. മെഡിക്കല്‍ വസ്തുക്കള്‍ വിതരണം ചെയ്യാനും പരുക്കേറ്റവരെ രാജ്യത്ത് ചികിത്സിക്കാനുമായി റാഫ അതിര്‍ത്തി ഈജിപ്ത് താത്കാലികമായി തുറന്നിട്ടുണ്ട്.
വ്യോമാക്രമണം തുടരാന്‍ തന്നെയാണ് ഇസ്‌റാഈലിന്റെ തീരുമാനം. ഗാസ പിടിച്ചെടുക്കാനാണ് നീക്കമെന്ന് ഇന്റലിജന്‍സ് മന്ത്രി യുവാല്‍ സ്തീനിറ്റ്‌സ് അടക്കമുള്ള മന്ത്രിമാര്‍ സൂചന നല്‍കിയിട്ടുണ്ട്. താത്കാലികമായി തങ്ങള്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുവാല്‍ പറഞ്ഞു. ഗാസ അതിര്‍ത്തിക്ക് സമീപമുള്ള താമസക്കാരോട് സ്ഥലം വിടാന്‍ നിര്‍ദേശിച്ചുള്ള ലഘുലേഖ ഇസ്‌റാഈല്‍ സൈന്യം വിതരണം ചെയ്തിട്ടുണ്ട്. ഗാസ പിടിച്ചെടുക്കുന്നതില്‍ ജനങ്ങള്‍ അതീവ പരിഭ്രാന്തരാണെന്ന് അല്‍ ജസീറ ലേഖകന്‍ സ്റ്റെഫാനി ദെക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലിലേക്ക് ഹമാസ് നിരന്തരം റോക്കറ്റാക്രമണം നടത്തുന്നുണ്ടെങ്കിലും ഒരാള്‍ക്ക് പോലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെളിമ്പ്രദേശത്താണ് ഹമാസിന്റെ റോക്കറ്റുകള്‍ പതിക്കുന്നത്.

Latest