Connect with us

Kannur

കേന്ദ്ര ബജറ്റില്‍ ഇക്കുറിയും അവഗണന; കൈത്തറി; കേരളത്തിന്റെ പ്രതീക്ഷക്ക് തിരിച്ചടി

Published

|

Last Updated

കണ്ണൂര്‍: ലോകത്തിലാകെ ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ കൈത്തറി മേഖലയെ ഇക്കുറിയും കേന്ദ്രം തഴഞ്ഞു. കൈത്തറി വികസനത്തിന് വന്‍ പദ്ധതികള്‍ പ്രതീക്ഷിച്ച കേരളത്തിന് ഇത്തവണ പേരിന് പോലും ഒന്നും ലഭിച്ചില്ല. ഉത്തരേന്ത്യയില്‍ ടെക്‌സ്റ്റൈല്‍ മേഖലക്ക് വാരിക്കോരി കൊടുത്ത കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പരമ്പരാഗത തൊഴില്‍മേഖലയെ തഴഞ്ഞത് അവഗണനക്കപ്പുറം ആയിരക്കണക്കിനാളുകളുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുക. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കൈത്തറി മേഖലക്ക് പ്രത്യേക വികസന പദ്ധതി ആവിഷ്‌കരിക്കുകയും ആറ് ടെക്‌സറ്റൈല്‍ ഹബ്ബുകള്‍ക്കായി 200 കോടി അനുവദിക്കുകയും ചെയ്തതില്‍ കേരളത്തിലെ കൈത്തറി മേഖലയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. യു പി എ സര്‍ക്കാറിന്റെ ഏറ്റവുമൊടുവിലത്തെ ബജറ്റിലും കൈത്തറി മേഖലക്ക് കാര്യമായൊന്നും ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല, മുമ്പ് അനുവദിച്ച പദ്ധതികള്‍നടപ്പാക്കാനും നടപടിയുണ്ടായിരുന്നില്ല.
കൈത്തറി സംഘങ്ങളുടെ കടം എഴുതിത്തള്ളുന്നതിന് കേന്ദ്ര ബജറ്റില്‍ 2010ല്‍ പ്രഖ്യാപിച്ച 3884 കോടി രൂപയുടെ ആശ്വാസ നടപടി പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 785 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇവിടെ 124 സംഘങ്ങള്‍ക്ക് മാത്രമേ ഇതുവരെ സഹായധനം നല്‍കിയിട്ടുള്ളൂ.
ഉത്സവകാലത്ത് ഉള്‍പ്പെടെ കേന്ദ്രം അനുവദിച്ചിരുന്ന 10 ശതമാനം റിബേറ്റ് 2009ല്‍ നിര്‍ത്തലാക്കി. അത് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കൈത്തറിക്ക് വ്യവസായത്തിന് കൈത്താങ്ങായിരുന്ന പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടതിന് പുറമെയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവഗണന.

 

Latest