Connect with us

Malappuram

പരിശോധന കാര്യക്ഷമമല്ല മായം ചേര്‍ന്ന പഴ വര്‍ഗങ്ങള്‍ വ്യാപകമാകുന്നതായി പരാതി

Published

|

Last Updated

മങ്കട: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ മായം ചേര്‍ന്ന പഴ വര്‍ഗങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നതായി പരാതി.
റമസാന്‍ കാലത്ത് പഴ വര്‍ഗങ്ങള്‍ക്ക് ഏറെ ആവശ്യമുള്ളതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴ വര്‍ഗങ്ങളില്‍ ഏറെയും മായം കലര്‍ന്നതാണ്. ഇവ യഥാസമയങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് സംവിധാനങ്ങളില്ല.
വഴിയോരങ്ങളിലും മറ്റും വില്‍ക്കപ്പെടുന്ന പഴക്കടകളിലും മറ്റും ശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ശുചിത്വമില്ലാതെയും മുറിച്ചുവെച്ച രൂപത്തിലും ജില്ലയിലുടനീളം വഴിയോരങ്ങളില്‍ പഴങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കപ്പെട്ട മാങ്ങ കഴിച്ച് അസ്വസ്ഥതയും ഛര്‍ദിയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴമാണ് ഇതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം പാന്‍മസാല കയറ്റി വന്ന ഒരു ലോഡ് മാങ്ങ കാര്‍ബൈഡ് ചേര്‍ത്ത് പഴുപ്പിച്ചതാണെന്ന് പറഞ്ഞ് ഭക്ഷ്യവകുപ്പ് മലപ്പുറത്ത് നശിപ്പിച്ചെങ്കിലും ഇപ്പോഴും ഈ ഗണത്തില്‍ നിന്നുള്ളവയാണ് വരുന്നതെങ്കിലും യാതൊരു പരിശോധനയും നടക്കുന്നില്ല. ഇത്തരത്തിലുള്ള പഴവര്‍ഗങ്ങള്‍ നോമ്പുകാര്‍ കാലിവയറില്‍ കഴിക്കുന്നത് അസ്വസ്ഥത കൂട്ടാന്‍ കാരണമാകാന്‍ സാധ്യതയുണ്ടെന്നും ഇത്തരം പഴവര്‍ഗങ്ങളുടെ ഉപയോഗത്തിനെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണം നടത്താന്‍ ഉദ്ദേശിക്കുമെന്നുമാണ് ഈ വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രതികരണം.