Connect with us

Editorial

റെയില്‍വേ ബജറ്റ്

Published

|

Last Updated

റെയില്‍വേയുടെ ആധുനികവത്കരണത്തിനും നിലവാര മികവിനും ഊന്നല്‍ നല്‍കുന്നതും പൊതുസ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതുമാണ് സദാനന്ദ ഗൗഡ ഇന്നലെ അവതരിപ്പിച്ച റെയില്‍വേ ബജറ്റ്. ഒമ്പത് അതിവേഗ ട്രെയിനുകളും ഒരു ബുള്ളറ്റ് ട്രെയിനുമുള്‍പ്പെടെ 58 ട്രെയിനുകള്‍ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്‍ഹി-കാണ്‍പൂര്‍, നാഗ്പൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, മൈസൂര്‍-ബാംഗ്ലൂര്‍-ചെന്നൈ, ചെന്നൈ-ഹൈദരബാദ്, മുംബൈ-അഹമ്മദാബാദ്, നാഗ്പൂര്‍-സെക്കന്തരബാദ് എന്നീ പാതകളിലാണ് അതിവേഗ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. മുംബൈ- അഹമ്മദബാദ് റൂട്ടിലാണ് ബുള്ളറ്റ് ട്രെയിന്‍. സ്വകാര്യ പങ്കാളിത്തത്തോടെ 10 സ്‌റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തല്‍, ഓണ്‍ലൈന്‍ സീറ്റ് റിസര്‍വേഷന്‍ സംവിധാനം വിപുലമാക്കല്‍, സ്‌റ്റേഷന്‍ നാവിഗേഷന്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം നവീകരിക്കല്‍, മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്രചതുഷ്‌കോണ റെയില്‍ ഇടനാഴികള്‍, യാത്രക്കാര്‍ക്കായി വേക്ക് അപ്പ് കോള്‍ സംവിധാനം തുടങ്ങിയവയാണ് ആധുനിവത്കരണവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച പദ്ധതികള്‍. ഇന്ത്യന്‍ റെയില്‍വേയെ ലോകത്തിലെ ഏറ്റവും മികച്ച റെയില്‍വേ സര്‍വീസ് ആക്കുകയാണ് എന്‍ ഡി എ സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഗൗഡ അവകാശപ്പെടുന്നു.
ട്രെയിനുകളില്‍ യാത്രക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വിശേഷിച്ചും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 400 വനിതാ കോണ്‍സ്റ്റബിളുമാരെ നിയമിക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. വനിതാ സി ആര്‍ പി എഫിന്റെ സേവനം എല്ലാ ട്രെയിനുകളിലെയും സ്ത്രീ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഉറപ്പാക്കുകയും ആര്‍ പി എഫ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ലവല്‍ക്രോസ് അപകടങ്ങള്‍ തടയാന്‍ ആളില്ലാത്ത ലവല്‍ക്രോസുകള്‍ ഇല്ലാതാക്കുമെന്ന മുന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം ഗൗഡ ആവര്‍ത്തിച്ചിട്ടുണ്ട്. 1780 കോടിയാണ് ഈയിനത്തില്‍ നീക്കിവെച്ചത്്. ഇത്രയും തുക പാലങ്ങളുടെ നിര്‍മാണത്തിനും വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 50,000 കോടി രൂപയും തെലങ്കാനയിലെയും ആന്ധ്രയിലെയും പദ്ധതികള്‍ക്കായി 20,000 കോടിയും അതിവേഗ റെയില്‍ നെറ്റ്‌വര്‍ക്കിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പല പദ്ധതികളും സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് ഗൗഡ തന്റെ ബജറ്റ് അവതരിപ്പിച്ചത്. റെയില്‍വേക്ക് ലഭിക്കുന്ന ഓരോ രൂപയിലും 94 പൈസ നടത്തിപ്പിനായി ചെലവഴിക്കേണ്ടി വരുന്നതായി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഈ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യവത്കരണത്തെയും വിദേശ നിക്ഷേപത്തെയും അദ്ദേഹം ന്യായീകരിക്കുന്നത്.
കേരളത്തിന് മോദി സര്‍ക്കാര്‍ ബജറ്റിലും കടുത്ത അവഗണന തന്നെ. കാസര്‍ക്കോട് ബൈന്ദൂര്‍ പാസഞ്ചര്‍ വണ്ടിയും കാഞ്ഞങ്ങാട് -പാണത്തൂര്‍ പാതയുടെ സര്‍വേയുമാണ് സംസ്ഥാനത്തിന് ആകെയുള്ളത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഗ്ദത്തം ചെയ്ത കഞ്ചിക്കോട് ഫാക്ടറിയെയും നഞ്ചന്‍കോട് പാതയെയും കുറിച്ച് പരാമര്‍ശമേയില്ല. അഞ്ച് ജനസാധാരണ്‍ തീവണ്ടികള്‍, ആറ് പ്രീമിയം ട്രെയിനുകള്‍, ആറ് എ സി ട്രെയിനുകള്‍, 27 എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവ പ്രഖ്യാപിച്ചതില്‍ ഒന്ന് പോലും കേരളത്തിനില്ല. മംഗളുരു- ഷൊര്‍ണൂര്‍ മൂന്നാം പത പദ്ധതിയും വൈദ്യുതീകരണ പദ്ധതിയുടെ പൂര്‍ത്തീകരണവും അവഗണിക്കപ്പെട്ടു. തിരെഞ്ഞടുപ്പില്‍ ബി ജെ പിയെ തഴഞ്ഞ കേരളീയരെ ബി ജെ പിക്കും വേണ്ടെന്ന മട്ടിലാണ് കേരളത്തോടുള്ള സമീപനം. മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് പോലെ റെയില്‍വേ ബജറ്റില്‍ കേരളത്തെ ഇതു പോലെ അവഗണിച്ച ചരിത്രമുണ്ടായിട്ടില്ല. അല്ലെങ്കിലും കേന്ദ്രത്തില്‍ ആര് വന്നാലും കേരളീയന് എന്നും അവഗണനയാണ്. 2009ല്‍ കേരളത്തിലെ ഭൂരിപക്ഷം എം പിമാരും ഭരണപക്ഷത്തായിട്ടും യു പി എ സര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിക്കുകയായിരുന്നല്ലോ. സമ്മര്‍ദം ചെലുത്തി പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും നമ്മുടെ ജനപ്രതിനിധികളും അമ്പേ പരാജയവുമാണ്. യഥാസമയം സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിക്കാറില്ല. ഇത്തവണയും വൈകിയാണ് കേരളത്തിന്റ പദ്ധതികളും ആവശ്യങ്ങളും റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കേന്ദ്രത്തിന്റെ അവഗണനയും സംസ്ഥാന ഭരണകൂടത്തിന്റെ അലസതയും കേരളീയരുടെ വികസന സങ്കല്‍പങ്ങളെ മരീചികയാക്കുകയാണ്.

Latest