Connect with us

National

ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി: ആന്ധ്രാ ഗവര്‍ണറെ ചോദ്യം ചെയ്യും

Published

|

Last Updated

ന്യുഡല്‍ഹി: ആംഗ്ലോ- ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 വി വി ഐ പി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടിലെ കൈക്കൂലി സംബന്ധിച്ച കേസില്‍ ഇന്റെലിജന്‍സ് ബ്യൂറോയുടെ മുന്‍ ഡയറക്ടറും ആന്ധ്രാപ്രദേശ് ഗവര്‍ണരുമായ ഇ എസ് എല്‍ നരസിംഹനില്‍ നിന്ന് സി ബി ഐ മൊഴിയെടുക്കും.

ഹെലികോപ്ടറുകളുടെ സര്‍വീസ് പരിധി കുറക്കല്‍, പറക്കേണ്ട ഉയരം കുറക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്ത 2005 മാര്‍ച്ച് ഒന്നിന് ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ അന്നത്തെ ദേശീയ സുരക്ഷാ ഉപദേശകനായ എം കെ നാരായണന്‍, എസ് പി ജി തലവനായിരുന്ന ബി വി വാഞ്ചു എന്നിവര്‍ക്കൊപ്പം നരസിംഹനും പങ്കെടുത്തിരുന്നു എന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ വാങ്ങുന്നതിന് വഴിയൊരുക്കാനായിരുന്നു ഈ മാറ്റങ്ങള്‍ വരുത്തിയത്. ഈ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ലെങ്കില്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിന് ഹെലികോപ്റ്റര്‍ ഇടപാടില്‍ ടെന്‍ഡര്‍ പോലും നല്‍കാനാവില്ലായിരുന്നു.

3600 കോടി രൂപയുടെ വി വി ഐ പി ഹെലികോപ്റ്റര്‍ ഇടപാട് ഉറപ്പിക്കാന്‍ 360 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നാരായണനേയും, വാഞ്ചുവിനേയും ഇയ്യിടെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. നിര്‍ണായക യോഗത്തില്‍ നരസിംഹനും പങ്കെടുത്തിരുന്നുവെന്ന് ചോദ്യം ചെയ്യല്‍ വേളയില്‍ ഇരുവരും മൊഴി നല്‍കിയിരുന്നു.

Latest