തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കുന്നു

Posted on: July 8, 2014 10:21 pm | Last updated: July 8, 2014 at 10:21 pm

അബുദാബി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മാണത്തിന് യു എ ഇ ഒരുങ്ങുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, ഇത്തരം സംഘടനകളെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം തയ്യാറാക്കുന്നത്. പുതുതായി തയ്യാറാക്കുന്ന നിയമത്തില്‍ ഇത്തരക്കാര്‍ക്ക് പരമാവധി 10 കോടി ദിര്‍ഹം പിഴ ചുമത്താനും ആലോചിക്കുന്നുണ്ട്. വേനല്‍ അവധി കഴിഞ്ഞു ചേരുന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പ്രത്യേക സെഷനില്‍ പുതിയ നിയമത്തിന്റെ കരട് അവതരിപ്പിക്കും.

ഇത്തരം പ്രവര്‍ത്തനങ്ങളാല്‍ ആളുകള്‍ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും പരിഗണിച്ചാണ് കര്‍ശനമായ ശിക്ഷ ഉറപ്പു വരുത്താന്‍ പുതിയ നിയമം കൊണ്ടുവരുന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ വര്‍ധിച്ചതും അടുത്തിടെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടവര്‍ക്ക് രാജ്യത്തെ പരമോന്നത കോടതി ശിക്ഷ വിധിച്ചതുമെല്ലാം കൂടുതല്‍ ഫലപ്രദമായ നിയമം നിര്‍മിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളാണ്.
നിയമം നടപ്പായാല്‍ രാജ്യത്തിന്റെ പരമാധികാരിയെയോ കുടുംബത്തേയോ പ്രതിനിധിയേയോ ഉദ്യോഗസ്ഥരേയോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വധശിക്ഷയാകും ലഭിക്കുക.
ഇത്തരം ഭീകര സംഘടനകളിലേക്ക് ആളെ ചേര്‍ക്കുക, ആളുകളെ തട്ടിക്കൊണ്ടു പോകുക, തടവില്‍ വെക്കുക, ആണവായുധം, രാസായുധം, ജൈവായുധം തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷാ സേനയെ ആക്രമിക്കുക തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതില്‍ പുതിയ നിയമം നിര്‍ണായക ചുവട് വെപ്പാവുമെന്നാണ് കരുതുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായുള്ള പണം ഇരട്ടിപ്പ് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയമം താക്കീതായി മാറും. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനായി പ്രത്യേക ദേശീയ കമ്മിറ്റിക്ക് രൂപം നല്‍കാനും ആലോചനയുണ്ട്.