കൂടുതല്‍ സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്ക്‌

Posted on: July 8, 2014 12:49 am | Last updated: July 8, 2014 at 12:49 am

തിരുവനന്തപുരം: നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സമയബന്ധിതമായി നിയമനചട്ടം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കൂടുതല്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഭൂരിപക്ഷം സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടെങ്കിലും സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കാത്തതിനാല്‍ തീരുമാനം പ്രായോഗിക തലത്തില്‍ കൊണ്ടുവരാനായിട്ടില്ല.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടെങ്കിലും ഇതിന്റെ നിയമനിര്‍മാണം സംബന്ധിച്ച ബില്ല് നിയമസഭയുടെ പരിഗണനയിലാണ്.
സര്‍വകലാശാലാ നിയമത്തിലും ഭേദഗതി വരുത്തണം. ഇക്കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനാവശ്യമായ നിര്‍ദേശം നല്‍കും.
പി എസ് സിക്ക് വിടുന്ന സ്ഥാപനങ്ങളില്‍ വര്‍ക്കര്‍ കാറ്റഗറിയില്‍ 9,000 രൂപയില്‍ക്കൂടുതല്‍ അടിസ്ഥാന ശമ്പളമുള്ളവ പി എസ് സിയുടെ കാറ്റഗറിയില്‍പ്പെടുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിനാലാണ് നിയമനചട്ടങ്ങള്‍ രൂപീകരിക്കേണ്ടിവരുന്നതെന്നും സി മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് അദ്ദേഹം മറുപടി നല്‍കി.