Connect with us

Malappuram

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ച; മണ്ണ് പരിശോധന പൂര്‍ത്തിയായി

Published

|

Last Updated

പൊന്നാനി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ചക്ക് പരിഹാരം കാണുന്നതിനായി വിദഗ്ധ സമിതി ഭാരതപ്പുഴയില്‍ നടത്തിവന്നിരുന്ന മണ്ണ് പരിശോധന പൂര്‍ത്തിയായി.
ഒരു മാസത്തോളം നീണ്ടുനിന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ സമിതി സര്‍ക്കാറിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാകുമെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറിനടിയിലൂടെ തുടര്‍ച്ചയായി ചോര്‍ച്ച അനുഭവപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജിലെ മറൈന്‍, സോയില്‍ വിഭാഗത്തിലെ തലവന്മാരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്.
പുഴയുടെ അടിത്തട്ടിലെ മണ്ണിന്റെ ഘടന, ബലം എന്നിവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കിയത്. ചോര്‍ച്ച പരിഹരിക്കാന്‍ ശാശ്വതമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കപ്പെടുക എന്നതായിരുന്നു പരിശോധനയിലൂടെ ലക്ഷ്യമാക്കിയിരുന്നത്. പുഴയുടെ നിലവിലെ ഘടനക്ക് അനുസൃതമായല്ല റെഗുലേറ്ററിന്റെ അടിത്തറ നിര്‍മിച്ചിട്ടുളളതെന്ന ആക്ഷേപമാണ് ചോര്‍ച്ചക്ക് കാരണമായി ഉയര്‍ത്തികാട്ടിയിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ഡിസൈന്‍ അനുസരിച്ച് അടിത്തറ നിര്‍മിച്ചതാണ് ഇപ്പോഴത്തെ ചോര്‍ച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ഇതേ കാരണമാണ് ഉന്നയിച്ചിരുന്നത്.
ചോര്‍ച്ച പരിഹരിക്കാന്‍ പാലത്തിന്റെ അടിത്തട്ടില്‍ ഷീറ്റ് പൈലിംഗ് സ്ഥാപിക്കുക എന്നതാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യത വരുന്നതായതിനാല്‍ വിദഗ്ദ പരിശോധനക്ക് ശേഷം തീരുമാനമെടുത്താല്‍ മതിയെന്നതിനാലാണ് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ വിദഗ്ദരെ ഇതിനായി ചുമതലപ്പെടുത്തിയത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചോര്‍ച്ച പരിഹരിക്കാനുളള നടപടി സ്വീകരിക്കുക. പരിഹാര നടപടികള്‍ ഉണ്ടായാല്‍ മാത്രമേ റെഗുലേറ്റര്‍ കൊണ്ടുളള ഉപയോഗം ലഭിക്കുകയുളളൂ. അല്ലാത്ത പക്ഷം 150 കോടിയിലേറെ ചിലവില്‍ നിര്‍മ്മിച്ച പദ്ധതി ഗതാഗത സൗകര്യത്തിനുമാത്രമായി ചുരുങ്ങും. പദ്ധതി കൊണ്ട് ലക്ഷ്യമിടുന്ന ജലസേചനം, കുടിവെളള വിതരണം, കാര്‍ഷിക വികസനം എന്നിവ സാധ്യമാകണമെങ്കില്‍ റെഗുലേറ്ററിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനം കൂടിയേ തീരൂ.

Latest