ഫയര്‍ സ്റ്റേഷന്‍ പ്രഖ്യാപനത്തിലൊരുങ്ങി

Posted on: July 7, 2014 10:40 am | Last updated: July 7, 2014 at 10:40 am

നെന്മാറ:ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രാരംഭനടപടി ഇനിയും തുടങ്ങിയില്ല. നെന്മാറ നിവാസികളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്നത്. മേഖലയില്‍ തീപിടിത്തമുണ്ടാവുമ്പോള്‍ ആലത്തൂരിലെ ഫയര്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയാണ് പതിവ്.എന്നാല്‍, അഗ്‌നിശമനസേനാംഗങ്ങള്‍ എത്തുമ്പോഴേക്കും അര മണിക്കൂറോളം സമയമെടുക്കും. ഉള്‍പ്രദേശങ്ങളിലാണെങ്കില്‍ കൂടുതല്‍ സമയമെടുക്കും.—നെല്ലിയാമ്പതിയില്‍ അപകടം നടന്നാലും ആലത്തൂരില്‍നിന്ന് ഫയര്‍ യൂനിറ്റ് എത്തണം. ഒരു മണിക്കൂറിലധികം സമയം ഓടിയെത്താന്‍ വേണം. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയെ ഇത് ബാധിക്കുന്നു. നെന്മാറയില്‍ ഫയര്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ മേഖലയിലെവിടെയും 10 മിനിറ്റിനകം എത്താനാകും. നെല്ലിയാമ്പതിയില്‍ അര മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഫയര്‍ യൂനിറ്റിന് എത്തിച്ചേരാന്‍ കഴിയും. സമീപകാലത്തായി നെന്മാറ മേഖലയില്‍ അഗ്‌നിബാധ പോലുള്ള സം’വങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം അളുവാശ്ശേരി ചേരിന്‍കാടില്‍ അഗ്‌നിബാധയുണ്ടായിട്ട് ആലത്തൂരിലെ ഫയര്‍ യൂനിറ്റിനെ വിവരമറിയിച്ച് അര മണിക്കൂര്‍ കഴിഞ്ഞാണ് ടൗണിലെത്തിയത്. ഇതിനോടകം ഏക്കര്‍ കണക്കിന് സ്ഥലത്തെ റബര്‍ കൃഷി അഗ്‌നിക്കിരയായി. നെന്മാറയില്‍ ഫയര്‍ സ്‌റ്റേഷന് വേണ്ടി ടൗണിലെ പൊലീസ് പരേഡ് ഗ്രൗണ്ട് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍, അത് നടന്നില്ല. മറ്റൊരു സ്ഥലത്തിന് വേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.