ക്യൂബയിലെ സാമ്പത്തിക പരിഷ്‌കരണം കരുതലോടെ തുടരും: റൗള്‍ കാസ്‌ട്രോ

Posted on: July 7, 2014 8:06 am | Last updated: July 7, 2014 at 8:06 am

roul castroഹവാന: രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ശ്രദ്ധയോടെയും സാവധാനത്തിലും തുടരുമെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. കമ്പോള വ്യവസ്ഥക്ക് അനുകൂലമായ രീതിയില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കൈക്കൊണ്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജി ഡി പി നിലവാരം താഴ്ന്നു തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റൗള്‍ കാസ്‌ട്രോ പാര്‍ലിമെന്റില്‍ നയം വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലെ സാമ്പത്തിക വളര്‍ച്ചാ നിഗമനങ്ങളിലും ക്യൂബയുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയത്.
പരിഷ്‌കരണ നടപടി വിജയകരമാകണമെങ്കില്‍ അത് സാവധാനത്തിലുള്ളതും സര്‍ക്കാറിന്റെ വിവിധ ഘടകങ്ങളുടെ നിയന്ത്രണത്തിലുള്ളതും ആകണമെന്ന് റൗള്‍ പറഞ്ഞു. എന്നാല്‍ മാറ്റങ്ങള്‍ വൈകിപ്പിക്കാനാകില്ല. എടുത്തുചാട്ടങ്ങള്‍ വഴിയുണ്ടാകുന്ന തെറ്റുകള്‍ ഒഴിവാക്കി പരിഷ്‌കരണത്തിന് തുടര്‍ച്ചയുണ്ടാക്കുയാണ് ലക്ഷ്യം. രാജ്യം മുതലാളിത്തത്തെ പുണരുന്നുവെന്ന ആരോപണം ശരിയല്ല. ക്യൂബന്‍ സോഷ്യലിസ്റ്റ് മാതൃകയെ കാലാനുസൃതമാക്കുക മാത്രമാണ് ചെയ്തത്- കാസ്‌ട്രോ പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വികേന്ദ്രീകരിച്ചു കൊണ്ടാണ് ക്യൂബ പരിഷ്‌കരണം തുടങ്ങിയത്. സ്വകാര്യ സ്വത്ത് അനുവദിക്കുന്നതിന്റെ ഭാഗമായി വീടുകളുടെയും ഉപയോഗിച്ച കാറുകളുടെയും വില്‍പ്പന നിയമവിധേയമാക്കി. സ്വകാര്യ മേഖലയില്‍ ചെറു സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യക്തികളെ അനുവദിക്കുകയും ചെയ്തു.