Connect with us

National

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊടും വരള്‍ച്ചയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തകിടം മറിച്ച് ഈ വര്‍ഷത്തെ മഴയിലുണ്ടായ ഗണ്യമായ കുറവ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ കൊടുംവരള്‍ച്ചയിലേക്കും ഭക്ഷ്യവിഭവങ്ങളുടെ ദൗര്‍ലഭ്യതയിലേക്കും നയിക്കാന്‍ സാധ്യതയേറി. കേന്ദ്രത്തിന്റെ സഹായം ഉണ്ടെങ്കിലും സംസ്ഥാനങ്ങള്‍ നേരിടാനിരിക്കുന്ന ഈ വലിയ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ഹെക്ടര്‍ വരുന്ന കൃഷിസ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതു മൂലം ഇവിടങ്ങളില്‍ ഇതുവരെയും കൃഷിയിറക്കാനായിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി ഇത്തവണ മഴ കുറവായിരുന്നു. മൊത്തം 43 ശതമാനം മഴയുടെ കുറവുണ്ടായിട്ടുണ്ട്. ഇത് മൊത്തം ഉത്പാദനത്തെയും ബാധിക്കും. മഴയില്‍ ഉണ്ടായ കുറവ് ഇപ്പോള്‍ തന്നെ ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും തീവിലയാണ്. കര്‍ഷകരുടെയും സംസ്ഥാനത്തിന്റെയും ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം ശക്തമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചാല്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് ഡീസല്‍, വിത്ത് ഇനങ്ങളില്‍ സബ്‌സിഡി നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിന് പുറമെ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവക്കെതിരെയും ശക്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ അധികാരം ഏറ്റെടുത്ത മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് വരള്‍ച്ചയും വിലക്കയറ്റവും ഉയര്‍ത്തുന്നത്. രാജ്യത്തെ ഉത്പാദനക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന 500 പ്രധാനപ്പെട്ട ജില്ലകളെ ലക്ഷ്യം വെച്ച് സമഗ്രമായ പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.
മഴയില്‍ വന്ന കുറവ് രാജ്യത്തെ ജല സംഭരണികളെയും മോശമായി ബാധിച്ചിരിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന ജലസംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെള്ളത്തിന്റെ അളവ് വളരെ കുറഞ്ഞ തോതിലാണ്. ഈ വര്‍ഷം കടുത്ത വരള്‍ച്ചയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും വടക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ 80 ശതമാനവും വരള്‍ച്ചയില്‍ പ്രയാസം നേരിടുമെന്നുമാണ് കാലാവസ്ഥാ നീരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

Latest