സിന്‍ജിയാംഗുകാര്‍ നോമ്പെടുക്കുന്നു; വിലക്കുകളെ അതിജയിച്ച്

Posted on: July 6, 2014 12:23 am | Last updated: July 6, 2014 at 12:23 am

chaina nombകശ്ഗര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നോമ്പെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ചൈനീസ് സര്‍ക്കാറിന്റെ ഉത്തരവ് അതിജീവിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നു. നിരവധി സാധാരണക്കാരായ ആളുകള്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ കാശ്ഗറിലും മറ്റും നോമ്പനുഷ്ഠിക്കുന്നുണ്ട്. കാശ്ഗറിലെ ഓള്‍ഡ് സിറ്റിയില്‍ വൈകുന്നേരത്തോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളും പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ നൂറുകണക്കിന് ഉദ്യോഗസ്ഥരും കുട്ടികളും കാശ്ഗറിലെ മിഡീവല്‍ പള്ളിയില്‍ രാത്രി പ്രാര്‍ഥനക്കും മറ്റും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നുണ്ട്. കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരുന്നത് നിയമത്തിനെതിരാണ്, പക്ഷേ ഞങ്ങള്‍ അത് എങ്ങനെയും ചെയ്യും. മത്സ്യവ്യാപാരിയായ ഗുലാം അബ്ബാസ് ചൂണ്ടിക്കാട്ടുന്നു. നൂറ്റാണ്ടുകളായി ഇവിടെ രക്ഷിതാക്കള്‍ മക്കളെ പള്ളികളിലേക്ക് മദ്‌റസാ, സ്‌കൂള്‍ പഠനത്തിന് വേണ്ടി അയക്കുന്നു. ഇവിടെ വെച്ചാണ് ഇവര്‍ ഖുര്‍ആന്‍ പഠിക്കുന്നത്. പക്ഷേ പുതിയ നിയമം അനുസരിച്ച് ഇതെല്ലാം നിയമവിരുദ്ധമാണ്. ഇസ്‌ലാമില്‍ നിന്ന് തങ്ങളുടെ മക്കളെ അകറ്റി നിര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പക്ഷേ ഓര്‍മയില്‍ നിന്ന് തങ്ങള്‍ മക്കളെ പഠിപ്പിക്കുന്നുണ്ട്. വീടുകളില്‍ വെച്ച് രഹസ്യമായാണ് ഇതെല്ലാം ചെയ്യുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പുറമെ ചൈനീസ് സര്‍ക്കാര്‍ തങ്ങള്‍ക്ക് മക്കള്‍ തന്നെ വേണ്ടെന്ന നിലപാടിലാണ്. മക്കളുണ്ടായതിന്റെ പേരില്‍ തങ്ങള്‍ പിഴ അടക്കുകയാണ്. രണ്ട് മക്കളാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. മൂന്നാളുകള്‍ സര്‍ക്കാറിന്റെ ഭാഷയില്‍ നിയമത്തിനെതിരാണ്. പിഴയായി 60,000 യുവാന്‍ അടക്കേണ്ടി വന്നു. ഉയ്ഗൂര്‍ ഭാഷ മറന്നുപോകുമെന്ന ഭയപ്പാടിലാണ് ഇപ്പോള്‍ തങ്ങളുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ നോമ്പ് നോല്‍ക്കരുതെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ്. ഇതിന് പുറമെ സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളെ നോമ്പെടുക്കാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റു വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന വെള്ളവും ബ്രഡും കാന്‍ഡിയുമൊക്കെ ഭക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചില സ്‌കൂളുകളെന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് പറയുന്നു. സ്ത്രീകള്‍ തല മറക്കുന്ന ചില പ്രത്യേക തരത്തിലുള്ള തട്ടങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇത് ധരിച്ചതിന്റെ പേരില്‍ പോലീസ് സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഉയ്ഗൂറിലെ 20കാരനായ അബ്ദുല്‍ മജീദ് വ്യക്തമാക്കുന്നു.
ചൈനീസ് സര്‍ക്കാര്‍ അനുവദിക്കുന്ന ഖുര്‍ആന്റെ പ്രതികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതിന് വിരുദ്ധമായി സഊദി, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പ്രതികളോ മുസ്‌ലിം സാഹിത്യങ്ങളോ അധികൃതര്‍ കണ്ടെത്തിയാല്‍ ജയില്‍ ശിക്ഷ ഉറപ്പാണെന്നും ഉയ്ഗൂര്‍ വംശജനായ പുസ്തക വില്‍പ്പനക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സര്‍ക്കാര്‍ ഏതെങ്കിലും പ്രത്യേക വിശ്വാസത്തെ പിന്തുണക്കാതിരിക്കാനുമാണ് വിദ്യാര്‍ഥികളോടും സര്‍ക്കാര്‍ ജോലിക്കാരോടും നോമ്പെടുക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. താടി വെച്ച ഉയ്ഗൂര്‍ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും ഭീകരവാദികളാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. മതപരമായ ആചാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എത്ര കഠിനമായ നിയമങ്ങള്‍ കൊണ്ടുവരുമ്പോഴും ഇതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുപോകുന്നവര്‍ ദിനംപ്രതി കൂടിവരുകയാണ് എന്നാണ് റിപേര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.