ആശങ്കയൊഴിഞ്ഞ് സയോണയുടെ കുടുംബം

Posted on: July 5, 2014 10:11 am | Last updated: July 5, 2014 at 10:11 am

phoneപാലക്കാട്: ഇറാഖിലെ സംഘര്‍ഷ മേഖലയായ മൊസൂളില്‍ തീവ്രവാദികളുടെ ബന്ദിയായി കുടുങ്ങിയ മലയാളി നഴ്‌സ് സയോണയുടെ ഫോണ്‍വിളി വീട്ടുകാര്‍ക്ക് ആശ്വാസമായി.
നെന്മാറ ഒലിപ്പാറ ആലുങ്കല്‍ വീട്ടില്‍ തോമസിന്റെയും, സൂസമ്മയുടെ മകളായ സയോണ(23)യാണ് ഇറാഖിലെ തിക്രിത്തില്‍ കുടുങ്ങി വിമതസേനയുടെ ബന്ദിയായത്. കഴിഞ്ഞ മാസം എട്ടുമുതല്‍ തിക്രിത്തിലെ ആശുപത്രി വിമതസേന പിടിച്ചെടുത്തതോടെ കുടുങ്ങിയ ആശങ്കകളാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ നീങ്ങിയത്.
ബാംഗ്ലൂരിലെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയായശേഷം ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇറാക്കിലെ ആശുപത്രിയിലേക്ക് ജോലി തരപ്പെടുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അവിടത്തെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെ ആയുധധാരികളായ വിമതസേന ഇവരെ ബസ്സില്‍ മൊസൂളിലേക്ക് കൊണ്ടുപോകുന്നതായി സയോണ വീട്ടുകാരെ വിവരമറിയിച്ചു. അവര്‍ നല്‍കുന്ന റൊട്ടിയും മറ്റു ഭക്ഷണവും കഴിച്ചത് ശരിയായല്ലാത്തതിനാല്‍ നഴ്‌സുമാരില്‍ പലരും ചര്‍ദ്ദിച്ചതായും പറയുന്നു. രാത്രി ഒന്‍പതുമണിയോടെ മൊസൂളിലെത്തിയ ഇവരെ ഒരു ഹാളിലാക്കി വിമതര്‍ കാവല്‍ ഏര്‍പ്പെടുത്തി. ഭക്ഷണവും, കിടക്കുവാന്‍ ഷീറ്റും നല്‍കിയതായി രാത്രി തന്നെ സയോണ വീട്ടുകാരെ വിരമറിയിച്ചു. രാവിലെ ഇര്‍ബിന്‍ വിമാനത്താവളത്തിലെത്തിച്ച് മോചിപ്പിക്കുമെന്ന് അറിയിച്ചുവെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീവ്രവാദികള്‍ എത്താത്തതിനെ തുടര്‍ന്ന് ആശങ്കയുമായി വീണ്ടും സയോണ വീട്ടിലേക്ക് വിളിച്ചിരുന്നു.
പിന്നീട് ഉച്ചയ്ക്കു 12 മണിയോടെ ഇവരെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായും പിന്നീട് വിമാനത്താവളത്തിലെത്തിയതായും സുരക്ഷിതയാണെന്നും വിവരമറിഞ്ഞതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് അവസാനമായത്.
ബന്ദിയാക്കിയ വിവരമറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി കെ ബിജു എംപി, എം ബി രാജേഷ് എംപി, വി ചെന്താമരാക്ഷന്‍ എംഎല്‍എ എന്നിവര്‍ സയോണയുടെ മാതാപിതാക്കളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.