Connect with us

Kozhikode

ജില്ലാ കോടതിയിലെ മോഷണം: ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു

Published

|

Last Updated

കോഴിക്കോട്: ജില്ലാ കോടതി സമുച്ചയത്തിലെ രണ്ട് കോടതികളിലും സമീപത്തെ പോസ്റ്റ് ഓഫീസിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കോടതി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്), ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്) എന്നിവിടങ്ങളിലെ ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നാണ് ടൗണ്‍ സി ഐ വി ജെ പൗലോസ്, എസ് ഐ കെ വിവേകാനന്ദന്‍ എന്നിവരുള്‍പ്പെട്ട പോലീസ് മൊഴിയെടുത്തത്. കോടതികളില്‍ നിന്നും എന്തെങ്കിലും രേഖകള്‍ കാണാതായോയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ കോടതി ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. വിശദമായ പരിശോധനക്ക് ശേഷം മാത്രമെ രണ്ട് കോടതികളില്‍ നിന്നും കോടതി സമുച്ചയത്തിലെ പോസ്റ്റ് ഓഫീസില്‍ നിന്നും അപഹരിക്കപ്പെട്ട വസ്തുക്കള്‍ സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാവൂവെന്നാണ് കോടതി ജീവനക്കാര്‍ അറിയിച്ചത്. നൈറ്റ് വാച്ച്മാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്റഡറില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് കോടതികളിലും മുമ്പ് ഹാജരാക്കി ശിക്ഷ ഏറ്റുവാങ്ങിയിരുന്ന ഏതാനും മോഷ്ടാക്കളെ സംബന്ധിച്ച് അന്വേഷണം പൂരോഗമിക്കുകയാണെന്ന് ടൗണ്‍ എസ് ഐ. കെ വിവേകാനന്ദന്‍ അറിയിച്ചു. മുമ്പ് കോടതികളില്‍ കയറി മോഷണം നടത്തിയിരുന്ന ചില മോഷ്ടാക്കള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലും മൂന്നിലും കോടതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസിലും കവര്‍ച്ച നടന്നത്. കോടതി ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 492 രൂപയും കോടതിയില്‍ ഹാജരാക്കപ്പെട്ട ഏതാനും പാസ്‌പോര്‍ട്ടുകളും കഞ്ചാവ് പൊതികളുമാണ് നഷ്ടപ്പെട്ടത്.
ഒന്നാം കോടതിയിലും മൂന്നാം കോടതിയിലും രേഖകളും മറ്റും നിലത്ത് ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെങ്കിലും പാസ്‌പോര്‍ട്ടുകള്‍ ഒഴികെയുള്ള രേഖകള്‍ മോഷണം പോയത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

Latest