Connect with us

Ongoing News

ലോകകപ്പാണ്, എന്തും സംഭവിക്കാം : മെസി

Published

|

Last Updated

അര്‍ജന്റീന ബ്രസീലിന്റെ മണ്ണില്‍ ലോകകപ്പ് തേടിയിറങ്ങുന്നത് ലയണല്‍ മെസി കൂടെയുള്ളതിന്റെ ധൈര്യത്തിലാണ്. ഏത് പ്രതിരോധ നിരയെയും വെട്ടിനിരത്താന്‍ കെല്‍പ്പുള്ള ഇടംകാല്‍ മെസിക്കുണ്ട്. പക്ഷേ, ക്ലബ്ബ് സീസണില്‍ ബാഴ്‌സലോണ കിരീടമില്ലാ രാജാക്കന്‍മാരായി മാറിയത് അര്‍ജന്റൈന്‍ ആരാധകരെയും വിഷമവൃത്തത്തിലാക്കുന്നു. പരുക്കും ഫോമില്ലായ്മയും മെസിയെ തളര്‍ത്തിയപ്പോള്‍ ബാഴ്‌സയക്കും അവശത പിടിപെട്ടു. അതു കൊണ്ടു തന്നെ അര്‍ജന്റീന തളരാതിരിക്കണമെങ്കില്‍ മെസി ഉണര്‍ന്നിരിക്കേണ്ടതുണ്ട്. പ്രതീക്ഷകളുടെ ഭാരം പേറുന്ന മെസി മനസ് തുറക്കുന്നു.
2013 താങ്കളെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നുവെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ?
ശരിയാണ് 2013 ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. നൂറ് ശതമാനം ഫിറ്റ്‌നെസിലെത്താന്‍ സാധിച്ചതേയില്ല. സീസണിലെ നല്ലൊരു ഭാഗം നഷ്ടമായി. പരുക്കായിരുന്നു എല്ലാത്തിനും കാരണം.

കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നത് അസ്വസ്ഥത സൃഷ്ടിച്ചോ?
സത്യമാണ്. ഇതുപോലെ മാനസികമായി പ്രയാസപ്പെട്ട സന്ദര്‍ഭമില്ല. രണ്ട് മാസത്തോളം വിട്ടു നിന്നപ്പോള്‍ ആരോഗ്യം മെച്ചപ്പെടുത്തി. ഇത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.

ആള്‍ക്കൂട്ടം വീര്‍പ്പുമുട്ടിക്കാതെ തെരുവിലൂടെ സ്വസ്ഥമായി നടക്കാന്‍ സാധിക്കാറുണ്ടോ?
വീടുകളില്‍ നിന്ന് വീടുകളിലേക്ക്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അരികിലേക്ക് മാത്രമാണ് യാത്ര. ആള്‍ക്കൂട്ടമുള്ളിടത്തേക്ക് ഇറങ്ങാറില്ല.

ലോകകപ്പ് അടുത്തു വരുന്നു. ഏറെ പ്രത്യേകത തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. ലോകകപ്പ് എല്ലായ്‌പോഴും മനസ്സിലുണ്ട്. ക്ലബ്ബ് ഫുട്‌ബോളിന്റെ തിരക്കിനിടയിലും കളിക്കാര്‍ ലോകകപ്പ് ചര്‍ച്ച നടത്താറുണ്ട്.

അര്‍ജന്റീന കിരീട സാധ്യതയുള്ള ടീമാണെന്നാണ് വിലയിരുത്തല്‍. എന്ത് തോന്നുന്നു?
അത് ശരിയാണ്. മികച്ച ഫോമിലാണ് ടീം. യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ടീമാണിത്. വലിയ സാധ്യതകള്‍ കല്പിക്കപ്പെടുന്നത് സന്തോഷകരം തന്നെ. എന്നാല്‍, ലോകകപ്പില്‍ എന്തും സംഭവിക്കാം. കിരീടം അത്ര എളുപ്പമല്ല ആര്‍ക്കും.

ബ്രസീലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഓര്‍മയില്‍ വരുന്ന ഒരു പ്രകടനം സ്മരിക്കുമോ?
തീര്‍ച്ചയായും. 2005 ല്‍ ഹോളണ്ടില്‍ നടന്ന അണ്ടര്‍-20 ലോകകപ്പിന്റെ സെമിഫൈനലില്‍ 2-1ന് ജയിച്ചത് മറക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഫൈനലിലെത്തുകയും ചാമ്പ്യന്‍മാരാവുകയും ചെയ്തു. കരിയറിലെ ആദ്യ കിരീടജയമായിരുന്നു അത്.

ലോകകപ്പ് മത്സരങ്ങള്‍ എന്തു കൊണ്ട് ഏറെ പ്രത്യേകത നിറഞ്ഞതാകുന്നു?
ലോകകപ്പ് മത്സരങ്ങള്‍ വ്യത്യസ്തമാണ്. മറ്റ് ചാമ്പ്യന്‍ഷിപ്പുകളെ പോലെയല്ല, അതിന്റെ അന്തരീക്ഷം തന്നെ ഏറെ പ്രത്യേകത നിറഞ്ഞതാണ്. ചാമ്പ്യന്‍സ് ലീഗ് മഹത്തരവും ലോകകപ്പ് സ്‌പെഷ്യലുമാണ് എനിക്ക്.

ഗ്രൂപ്പ് എഫില്‍ അര്‍ജന്റീനയുടെ സാധ്യത?
അനായാസം നോക്കൗട്ട് റൗണ്ടിലെത്താമെന്നാണ് വിശ്വാസം. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു ഇത് ലോകകപ്പാണ്. എന്തും സംഭവിക്കാം. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കേ സാധ്യതയുള്ളൂ.

 

Latest