കിരീടത്തില്‍ കണ്ണുംനട്ട് മാഞ്ചസ്റ്റര്‍ സിറ്റി

Posted on: May 3, 2014 6:12 pm | Last updated: May 3, 2014 at 6:12 pm
article-0-1D85DF1700000578-886_634x376
സിറ്റി താരങ്ങള്‍ പരിശീലനത്തില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടങ്ങള്‍ അതിന്റെ അന്ത്യത്തോടടുക്കുമ്പോള്‍ പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് എവര്‍ട്ടനെ നേരിടാനിറങ്ങുന്നു. ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ലിവര്‍പൂള്‍ ചെല്‍സിയോട് 2-0ത്തിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് അക്ഷരാര്‍ഥത്തില്‍ ഗുണകരമായത് സിറ്റിക്കാണ്. മൂന്ന് സീസണിനിടെ രണ്ടാം കിരീടമെന്ന സ്വപ്‌നം ഏറെക്കുറെ അവര്‍ക്കരികില്‍ നില്‍ക്കുകയാണ് ഇപ്പോള്‍. 36 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍, ചെല്‍സി ടീമുകള്‍ യഥാക്രമം 80, 78 പോയിന്റുകളുമായി ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മൂന്നാമതുള്ള സിറ്റിക്ക് 35 മത്സരങ്ങളില്‍ നിന്ന് 77 പോയിന്റുകള്‍. ഇന്ന് ജയിക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് ലിവര്‍പൂളിനൊപ്പം 80 പോയിന്റാകും. അങ്ങനെ വന്നാല്‍ ഗോള്‍ ശരാശരി നോക്കും. ശരാശരിയില്‍ സിറ്റി ലിവര്‍പൂളിനേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. അതോടെ സിറ്റി ഒന്നാം സ്ഥാനത്തേക്കുയരും. ചെല്‍സി നാളെ നോര്‍വിച്ചുമായി ലിവര്‍പൂള്‍ തിങ്കളാഴ്ച്ച ക്രിസ്റ്റല്‍ പാലസുമായും ഏറ്റുമുട്ടും.
ഇതിന് മുമ്പ് 1999ലും 2008ലുമാണ് ആദ്യത്തെ മൂന്ന് ടീമുകള്‍ തമ്മിലുള്ള കണക്കിലെ കളികള്‍ ഇത്തരത്തില്‍ നിര്‍ണായകമായത്.
സീസണിലെ കിരീട പ്രതീക്ഷകളും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തും എല്ലാം അവസാനിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താത്ക്കാലിക പരിശീലകന്‍ റയാന്‍ ഗിഗ്ഗ്‌സിന്റെ കീഴില്‍ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഡേവിഡ് മോയസിന്റെ വിടവാങ്ങലിന് ശേഷം ടീമിന്റെ ചുമതലയേറ്റ ഗിഗ്ഗ്‌സ് മിന്നും വിജയത്തോടെ തുടക്കം ഗംഭീരമാക്കിയത് ശ്രദ്ധേയമായിരുന്നു. നോര്‍വിച്ചിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടക്കി ഫെര്‍ഗൂസന്‍ കാലത്തെ ടീമിന്റെ മിന്നലാട്ടങ്ങള്‍ കളിയുടെ തുടക്കം മുതല്‍ പ്രകടിപ്പിച്ചാണ് മാഞ്ചസ്റ്റര്‍ വിജയം സ്വന്തമാക്കിയത്. ഇന്ന് സണ്ടര്‍ലാന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ഗിഗ്ഗ്‌സ് വീണ്ടുമൊരു വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. അദ്യ മത്സരത്തിലെ വിജയത്തോടെ ഗിഗ്ഗ്‌സിനെ സ്ഥിരം പരിശീലകനാക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എങ്കിലും ഹോളണ്ട് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിന്റെ വരവ് ഏറെക്കുറെ ഉറപ്പായതായും വാര്‍ത്തകളുണ്ട്.