ഇറാഖില്‍ വോട്ടെടുപ്പ് കനത്ത സുരക്ഷയില്‍

Posted on: April 30, 2014 11:43 pm | Last updated: April 30, 2014 at 11:43 pm

IRAQUEബഗ്ദാദ്: കനത്ത സുരക്ഷക്കിടെ ഇറാഖില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തിന് ശേഷം നടക്കുന്ന പ്രഥമ തിരഞ്ഞെടുപ്പാണിത്. പ്രാദേശിക സമയം ഏഴ് മണിക്ക് പോളിംഗ് ആരംഭിച്ചു. വൈകീട്ട് ആറ് മണിക്ക് പോളിംഗ് അവസാനിച്ചു. രാജ്യത്തുടനീളം 50000ത്തോളം പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 328 പാര്‍ലിമെന്റ് സീറ്റുകളിലേക്ക് 2.2 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്. മൂന്നാം വട്ടവും അധികാരം പിടിക്കാനുള്ള ശ്രമം നടത്തുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികിയടക്കമുള്ളവര്‍ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തി.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുക എന്നത് സര്‍ക്കാറിനെ സംബന്ധിച്ച് കടുത്ത പരീക്ഷണമായിരുന്നു. അതിനാല്‍ തന്നെ അതീവ ജാഗ്രതയോടെയുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര കലാപങ്ങളാല്‍ ശിഥിലമായ സാഹചര്യത്തില്‍ നടന്ന തിരഞ്ഞെടുപ്പായതിനാല്‍ പ്രത്യേകിച്ചും. ആയിരക്കണക്കിന് പോലീസും സേനയും രംഗത്തുണ്ടായിരുന്നു. സൈനിക ഹെലികോപ്ടറുകളുടെ നിരീക്ഷവും സംശയമുള്ള വോട്ടര്‍മാരെ പരിശോധനക്കു വിധേയമാക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളില്‍ അക്രമമുണ്ടായതായും പത്തോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.