ലക്ഷങ്ങളുടെ ടാര്‍ മോഷണം പോയി; പ്രതിഷേധവുമായി നാട്ടുകാര്‍

Posted on: April 25, 2014 1:15 am | Last updated: April 25, 2014 at 12:15 am

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തില്‍ റോഡ് നിര്‍മ്മാണത്തിനായി കൊണ്ടു വന്ന ലക്ഷങ്ങളുടെ ടാര്‍ മോഷണം പോയി. ലക്ഷങ്ങളുടെ ടാര്‍ മോഷണം പോയിട്ടും പഞ്ചായത്ത് ഇതുവരെയായും നടപടിയും സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.ഏകദേശം 30 ബാരല്‍ ടാറാണ് മോഷണം പോയത്. 2013-14 വര്‍ഷത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 23 റോഡുകള്‍ക്കായി 236 ബാരല്‍ ടാറാണ് എത്തിച്ചത്. എന്നാല്‍ ഇനി നിര്‍മ്മിക്കാന്‍ ബാക്കിയുള്ള 9 റോഡുകള്‍ക്കായി 75 ബാരലോളം ടാര്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ 45ഓളം മാത്രം വീപ്പ ടാറാണുള്ളത്. പഞ്ചായത്തിന് സ്വന്തമായി ഡോഗൗണ്‍ ഇല്ലാത്തിനാല്‍ സ്വകാര്യ കരാറുകാരന്റെ സ്ഥലത്താണ് ഈ ടാറുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു വീപ്പ ടാറിന് ഏകദേശം 9500 രൂപയോളം വില വരും. മോഷണം പോയ ടാര്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ ചില കോണ്‍രഗസ് അനുകൂലികളുടെ സ്വകാര്യ റോഡിന് ഉപയോഗിച്ചതായി ആരോപണമുണ്ട്.
എന്നാല്‍ ലക്ഷങ്ങളുടെ ടാര്‍ മോഷണം പോയിട്ടും പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ചില കോണ്‍ഗ്രസ് അനുകൂല കരാറുകാരാണ് ടാര്‍ കടത്തലിന് പിന്നിലെന്നും സൂചനയുണ്ട്. വാര്‍ത്ത പുറത്ത് വന്നതോടെ ടാര്‍ പ്രശ്‌നം അടിയന്തിരാമയി ഒത്തുതീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. ഇനിയും ഗതാഗത യോഗ്യമല്ലാത്ത ഒട്ടേറെ റോഡുകള്‍ ഈ പഞ്ചായത്തിലുണ്ട്. റോഡുകള്‍ നന്നാക്കത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് മോഷണ വിവരം പുറത്തു വന്നത്. ടാര്‍ മോഷണം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തവിഞ്ഞാല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജിലന്‍സിനും, പഞ്ചായത്ത് ഡയറകടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ടാര്‍ മോഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ക്ക്.