Connect with us

Eranakulam

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

Published

|

Last Updated

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക്, സിഗ്നല്‍ അറ്റകുറ്റപ്പണിമൂലം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇത് യാത്രക്കാരെ വലച്ചു. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
ആയിരക്കണക്കിന് യാത്രക്കാരാണ് എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലും സമീപ സ്റ്റേഷനുകളിലും കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചമുതലാണ് യാത്രാക്ലേശം രൂക്ഷമായത്. സ്‌റ്റേഷനുകളില്‍ യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്തര്‍ക്കം നേരിയ സംഘര്‍ഷത്തിനിടയാക്കി.
മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. പകല്‍ 2.15ന് സൗത്തില്‍ എത്തേണ്ട നേത്രാവതി എക്‌സ്പ്രസ് മൂന്നരമണിക്കൂറോളം വൈകി 5.45നാണ് എത്തിയത്. 2.15ന് നോര്‍ത്തില്‍ എത്തേണ്ട ഹിമസാഗര്‍ എക്‌സ്പ്രസ് വൈകീട്ട് 5.15നാണ് എത്തിയത്. ട്രെയിന്‍ ഒരുമണിക്കൂറോളം ഇടപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. 2.45ന് എത്തേണ്ട പരശുറാം എക്‌സ്പ്രസ് 4.30നാണ് എത്തിയത്. ജനശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂറോളം മുളന്തുരുത്തി സ്‌റ്റേഷനില്‍ പിടിച്ചിട്ടു. മൂന്നരയോടെ എറണാകുളം സൗത്തില്‍ എത്തേണ്ട കേരള എക്‌സ്പ്രസ് 6.15ന് നോര്‍ത്തിലാണ് എത്തിയത്. സൗത്തില്‍ കാത്തുനിന്നവര്‍ക്ക് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് തിരക്കിട്ടു പോകേണ്ടിവന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കുമൂലം പലര്‍ക്കും സ്‌റ്റേഷനില്‍ എത്താനുമായില്ല.
ഗതാഗതനിയന്ത്രണംമൂലം യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് കാത്തിരിക്കേണ്ടിവന്നത്. ഇതേത്തുടര്‍ന്ന് സര്‍വീസ് ക്രമീകരണത്തെപ്പറ്റി അന്വേഷിച്ചപ്പോഴാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരും ജീവനക്കാരുമായി തര്‍ക്കം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് അടുത്ത ട്രെയിന്‍ എപ്പോഴാണ് എന്ന ചോദ്യത്തിന് റെയില്‍വേ ജീവനക്കാര്‍ കൃത്യമായ മറുപടി പറഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നരകയാതനയാണ് അനുഭവിച്ചത്. ബസില്‍ യാത്രചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം തിരിച്ചടിയായി.
നോര്‍ത്ത് സ്റ്റേഷനില്‍ രണ്ട് കിലോ മീറ്റര്‍ ട്രാക്കിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിന്റെ ഭാഗമായി 29 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് നേരത്തെ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നതാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ 29 വരെ റദ്ദാക്കുകയും എക്‌സ്പ്രസ് ട്രെയിനുകള്‍ അടക്കമുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കോട്ടയം ഭാഗത്തുനിന്നുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ തൃപ്പൂണിത്തുറയിലും തൃശൂര്‍ ഭാഗത്തുനിന്നുള്ളവ ഇടപ്പള്ളിയിലും സര്‍വീസ് അവസാനിപ്പിക്കും. ഈ മാസം 17 വരെയാണ് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 29 വരെ നീട്ടുകയായിരുന്നു.

Latest