സിറിയന്‍ സര്‍ക്കാര്‍ രാസാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

Posted on: April 23, 2014 12:20 am | Last updated: April 23, 2014 at 12:20 am

ബൈറൂത്ത്: സിറിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ രാസായുധ ആക്രമണം സംബന്ധിച്ച പുതിയ ആരോപണങ്ങള്‍. ഈ മാസം തുടക്കത്തില്‍ ബശര്‍ അല്‍അസദ് ഭരണകൂടം വിമതര്‍ക്ക് നേരെ രാസായുധ ആക്രമണം നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര കരാറിന്റെ ലംഘനമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു എസ് ഫ്രഞ്ച് അധികാരികളെ ഉദ്ധരിച്ചാണ് മാധ്യമ വാര്‍ത്ത.
വിമതര്‍ക്ക് വന്‍ സ്വാധീനമുള്ള ഹമ പ്രവിശ്യയിലെ കാഫിര്‍സിതയില്‍ വ്യാവസായിക രാസായുധം പ്രയോഗിച്ചതായി തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍ണിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ക്ലോറിന്‍ അടങ്ങിയ ആയുധമാണ് പ്രയോഗിച്ചതെന്നാണ് നിഗമനം. ബശര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോഴും രാസായുധം പ്രയോഗിക്കുന്നതായി വിവരമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡേയും കുറ്റപ്പെടുത്തി. എന്നാല്‍ ഈ ആരോപണത്തിന് തെളിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വാര്‍ത്ത ശരിയാണെങ്കില്‍ അത് സമാധാന പ്രക്രിയയോടുള്ള അവഹേളനമാണെന്ന് യു എന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. രാസായുധം നശിപ്പിക്കാനായി ഇപ്പോള്‍ സിറിയയിലുള്ള സംഘം ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ജൂണ്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്ത് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ഇത്തരം വെളിപ്പെടുത്തലുകളുടെ ലക്ഷ്യമെന്ന് സിറിയ പ്രതികരിച്ചു.
പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ താഴെയിറക്കനായി പോരാട്ട പാതയിലുള്ള വിമതര്‍ക്ക് നേരെ വ്യാപക രാസായുധം പ്രയോഗിച്ചുവെന്ന് തെളിഞ്ഞതോടെ അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണത്തിന് വട്ടം കൂട്ടിയിരുന്നു. റഷ്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നയതന്ത്ര നീക്കത്തിന് വഴിമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനീവ ചര്‍ച്ചയില്‍ ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് രാസായുധം നശിപ്പിക്കാന്‍ സിറിയ സമ്മതം മൂളിയത്. 65 ശതമാനം ആയുധങ്ങളും നിര്‍വീര്യമാക്കിയെന്നാണ് യു എന്‍ ഏജന്‍സി വ്യക്തമാക്കിയത്.