എസ് എം എ പത്താം വാര്‍ഷിക സമ്മേളനം തൃശൂരില്‍

Posted on: April 22, 2014 12:17 am | Last updated: April 22, 2014 at 12:17 am

കോഴിക്കോട്: മഹല്ല് നന്മയിലേക്ക് എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷിക സമ്മേളനം ഈമാസം 26, 27 തീയതികളില്‍ തൃശൂര്‍ പി പി ഉസ്താദ് നഗറില്‍ (ശക്തന്‍ തമ്പുരാന്‍ ഗ്രൗണ്ട്) നടക്കും. മഹല്ല് ജമാഅത്തുകള്‍ക്കും മദ്‌റസകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കരണം എന്നിവയിലൂടെ ശാക്തീകരണം വഴിയൊരുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇതിനാവശ്യമായ കര്‍മ്മപദ്ധതികളെക്കുറിച്ച് ഗൗരവമായി ചര്‍ച്ചകള്‍ നടക്കും.
26ന് വൈകീട്ട് നാല് മണിക്ക് ഉദ്ഘാടന സമ്മേളനം, 7 മണിക്ക് സ്റ്റേറ്റ് വാര്‍ഷിക കൗണ്‍സില്‍ എന്നിവ നടക്കും. കൗണ്‍സിലില്‍ 2014-17 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. 27 ന് രാവിലെ 8.30ന് യൂനിറ്റുകളില്‍ നിന്നുള്ള സമ്മേളന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രഭാതവചനം, സമകാലികം-ആദര്‍ശം, മുന്നേറ്റം സെഷനുകള്‍, ‘മഹല്ല്: അടിസ്ഥാനം വികസനം സാമ്പത്തികം’, ‘മഹല്ല്: നേതൃത്വം കാഴ്ചപ്പാട്’ എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണം, മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയവതരണം തുടങ്ങിയവ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. മാതൃകാ മഹല്ല്-മദ്‌റസകള്‍ക്കുള്ള അവാര്‍ഡ്ദാനം, ബ്രോഷര്‍ പ്രകാശനം തുടങ്ങിയവ സമാപന സെഷനില്‍ നടക്കും.