Connect with us

Kannur

തിരഞ്ഞെടുപ്പ് ചെലവും ചരിത്രം

Published

|

Last Updated

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചെലവും ചരിത്ര വിസ്മയം. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോടിയില്‍ നിന്ന് കോടികളിലേക്ക് മാറുന്ന തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകള്‍ ഒരു പക്ഷേ ആരെയും അത്ഭുതപ്പെടുത്തിയേക്കാം. 1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ആകെ പതിനാറ് കോടി രൂപയാണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് 3,500 കോടിയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണവില പവന് 76 രൂപയുണ്ടായിരുന്ന 1952ല്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും പ്രചാരണത്തിന് പാര്‍ട്ടികള്‍ ചെലവഴിച്ചതുമെല്ലാം കണക്കൂകൂട്ടിയാണ് പതിനാറ് കോടിയുടെ ചെലവ് കണക്കാക്കുന്നത്. ബാലറ്റ് പെട്ടി, തിരഞ്ഞെടുപ്പ് പട്ടിക, ടെലിഫോണ്‍ കണക്ഷന്‍ എന്നിവക്കെല്ലാമായി സര്‍ക്കാറിന് അന്ന് പത്ത് കോടി രൂപ നീക്കിവെക്കേണ്ടി വന്നിരുന്നു. പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് 52ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്ന് കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. മറ്റെല്ലാ കക്ഷികളും സ്വതന്ത്രരുമെല്ലാം ചേര്‍ന്ന് ശേഷിക്കുന്ന മൂന്ന് കോടി ചെലവഴിച്ചു. ലോക്‌സഭക്കൊപ്പം നിയമസഭ, കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലേക്കുള്ള വലിയ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു അന്ന് നടന്നത്. 489 അംഗങ്ങളുള്ള പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് അന്ന് ഒരു കോടിയും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുപ്പിന് രണ്ട് കോടി രൂപയും കോണ്‍ഗ്രസ് ചെലവഴിച്ചുവെന്നാണ് പത്രങ്ങള്‍ ചൂണ്ടിക്കാട്ടിയത്. വിവിധ സംസ്ഥാനങ്ങളിലെ 3,283 നിയമസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിന് കോണ്‍ഗ്രസ് അന്ന് ചെലവിട്ടത് വെറും 25 ലക്ഷം മാത്രമാണ്. പലയിടങ്ങളിലും കോണ്‍ഗ്രസിന് അന്ന് വിജയം എളുപ്പമായിരുന്നു.
കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒരു അസംബ്ലി സ്ഥാനാര്‍ഥിക്ക് മൂവായിരം രൂപയും പാര്‍ലിമെന്റ് സ്ഥാനാര്‍ഥിക്ക് ഏഴായിരം രൂപയും മാത്രമാണ് ആദ്യ തിരഞ്ഞെടുപ്പില്‍ മാറ്റിവെച്ചത്. കേരളപ്പിറവിക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ തിരു- കൊച്ചി, മദ്രാസ് സംസ്ഥാനങ്ങളിലായാണ് മലയാളികള്‍ വോട്ട് ചെയ്തത്. തിരു-കൊച്ചിയില്‍ എട്ടേകാല്‍ ലക്ഷം രൂപ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ചെലവഴിച്ചു. തമിഴ്‌നാട്ടിലെ മുഴുവന്‍ ജില്ലകളും മലബാറിലെ നാല് ജില്ലകളുമുള്‍പ്പെടെ മദ്രാസ് സംസ്ഥാനത്താകട്ടെ 45.96 ലക്ഷം രൂപയായിരുന്നു ആകെ ചെലവ്.
അതേസമയം, ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏകദേശം 3,500 കോടിയില്‍ പരം രൂപ ചെലവാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. 2009ലെ തിരഞ്ഞെടുപ്പിന് 1,400 കോടി രൂപയാണ് ചെലവായിരുന്നത്. ഇതിന്റെ 150 ശതമാനത്തോളം കൂടുതലാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചെലവായേക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ചെലവ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്താകമാനം പ്രചാരണം നടത്തുന്നുണ്ട്. പരസ്യങ്ങള്‍, തെരുവ് നാടകങ്ങള്‍, മറ്റ് പ്രചാരണങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. അതെല്ലാമുള്‍പ്പെടെയുള്ള തുകയാണ് മൊത്തം ചെലവായി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, പ്രതിഫലം നല്‍കുക, യാത്രാ ചെലവ് നല്‍കുക, മറ്റ് ചെലവുകള്‍ നടത്തുക ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവിന്റെ ഭാഗമായി വരുന്നതാണ്. ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1952ല്‍ 16 കോടിയായിരുന്നു ചെലവെങ്കില്‍ 57ലെ തിരഞ്ഞെടുപ്പില്‍ 5.9 കോടി മാത്രമായി ചെലവ്. ഇത് 77ല്‍ 23 കോടിയും 80ല്‍ 54 കോടിയുമായി. 89ല്‍ 154 കോടിയായിരുന്നു ചെലവ്. 1991ല്‍ ഇത് 359 കോടിയായി. 96ല്‍ 597 കോടിയായിരുന്ന ചെലവ് 99ല്‍ 880 കോടിയായി. ഇത് പടിപടിയായി ഉയര്‍ന്ന് ചെലവ് 2009ല്‍ 1400 കോടിയായി.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest