വോട്ടിന് പണം വാങ്ങിയെന്ന്; പി ഡി പിയില്‍ ഭിന്നത

Posted on: April 15, 2014 11:27 am | Last updated: April 15, 2014 at 10:27 am

തിരൂരങ്ങാടി: വോട്ടിന് പണം വാങ്ങിയതിനെച്ചൊല്ലി പി ഡി പിയില്‍ ഭിന്നത. പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളില്‍ ജില്ലാ കമ്മിറ്റിയിലെ ചിലരാണ് സ്ഥാനാര്‍ഥികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി ചില സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
ഇതേച്ചൊല്ലി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അടക്കം ഏഴ് പേര്‍ തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി അണികള്‍ക്ക് നല്‍കിയ നിര്‍ദേശം മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനായിരുന്നു. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ പല പ്രവര്‍ത്തകരോടും ഇ ടി മുഹമ്മദ് ബശീറിന് വോട്ട് ചെയ്യാനാണത്രെ ജില്ലാ നേതാക്കളില്‍ ചില നിര്‍ദേശം നല്‍കിയത്.
വോട്ട് ചെയ്യാനായി ചില പ്രാദേശിക നേതാക്കള്‍ക്ക് പണം നല്‍കിയതായും സംസാരമുണ്ട്. അതേസമയം തിരൂര്‍, പൊന്നാനി ഭാഗങ്ങളിലുള്ളവര്‍ക്ക് ലഭിച്ച നിര്‍ദേശം എല്‍ ഡി എഫ് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന് വോട്ട് ചെയ്യണമെന്നായിരുന്നു.
ഇതിനായി ഈ ഭാഗത്തുള്ള ചില പ്രാദേശിക നേതാക്കള്‍ക്കും പണം ലഭിച്ചതായി ഒരു വിഭാഗം പറയുന്നു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജില്ലാ നേതാക്കള്‍ നിര്‍ദേശം നല്‍കിയതിന്റെ പേരിലാണ് മണ്ഡലം നേതാക്കള്‍ രാജിവെച്ചിട്ടുള്ളത്.
മൂന്നിയൂര്‍ പഞ്ചായത്തിലെ ചില നേതാക്കള്‍ വശം പതിനായിരം രൂപയാണത്രെ ഇതിനായി നല്‍കിയത്. എന്നാല്‍ ഇക്കാര്യം മണ്ഡലം പ്രസിഡന്റ് അറിഞ്ഞിരുന്നില്ല.
വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ മൂന്നിയൂര്‍, കണ്‍വീനര്‍ സി മുനീര്‍, പഞ്ചായത്ത് സെക്രട്ടറി റാഫി പടിക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ ഷാജഹാന്‍, സംസ്ഥാന ട്രഷറര്‍ ഇ മുഹമ്മദ്കുട്ടി, പഞ്ചായത്ത് ട്രഷറര്‍ എം ശംസീദ്, പി സി എഫ് ജില്ലാ കമ്മിറ്റി അംഗം സി ഹാരിസ് എന്നിവരാണ് സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുള്ളത്. ഈമാസം 18ന് നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇതേക്കുറിച്ച് ചോദ്യം ഉന്നയിക്കുമെന്നും ഇവര്‍ പറഞ്ഞു.