ഭാരതപ്പുഴയിലും തൂതപ്പുഴയിലും വന്‍ കൈയേറ്റം

Posted on: April 13, 2014 1:50 am | Last updated: April 13, 2014 at 12:51 am

പട്ടാമ്പി: ഭാരതപ്പുഴയിലും തൂതപ്പുഴയിലും സ്ഥലം കൈയേറി കൃഷിയും കെട്ടിട നിര്‍മാണവും വ്യാപകം. പുഴയുടെ ഭൂവിസ്തൃതി കണക്കാക്കാനുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുമ്പോഴാണ് പുഴയുടെ വിവിധ കടവുകളില്‍ സ്ഥലം കൈയേറുന്നത്.
സര്‍വേ നടപടികള്‍ തുടങ്ങും മുമ്പേ പരമാവധി സ്ഥലം സ്വന്തമാക്കാനും പട്ടയം സംഘടിപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. പുഴയുടെ കടവുകളില്‍ സ്ഥലം കൈയേറി പച്ചക്കറി കൃഷിയും മറ്റുമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
ഓങ്ങല്ലൂര്‍, മുതുതല, പട്ടാമ്പി, പരുതൂര്‍ പഞ്ചായത്തുകളിലെ ഭാരതപ്പുഴ കടവുകളിലെ സ്ഥലം കൈയേറി റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ നീക്കം നടന്നു വരികയാണ്. വെള്ളിയാങ്കല്ല് ഭാഗത്താണ് ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കം നടക്കുന്നത്.—വന്‍കിട ഭൂമാഫിയയാണ് പുഴയോര പ്രദേശങ്ങളില്‍ സ്ഥലം കൈയേറ്റത്തിന് മുതിരുന്നത്. ഭാരതപ്പുഴയുടെ പട്ടാമ്പി കിഴായൂര്‍ ഭാഗത്ത് പുഴയോരപ്രദേശം നികത്തി വില്ലകളും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മിച്ചുകഴിഞ്ഞു.
സ്ഥലം മുറിച്ച് വില്‍ക്കാനുള്ള നീക്കങ്ങളും വ്യാപകമാണ്. പുഴയുടെ ഇരുകരയിലും വന്‍തോതില്‍ കൈയേറ്റവും അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ആദ്യ കാലത്ത് ചെറിയ ഓലപ്പുരകളും തകരപ്പുരകളും നിര്‍മിച്ചിരുന്നവര്‍ ഇപ്പോള്‍ അത് പൊളിച്ചുമാറ്റി കോണ്‍ക്രീറ്റു സൗധങ്ങളാണ് പണിയുന്നത്. പുഴയോര പ്രദേശത്ത് വര്‍ഷകാലത്ത് കാട്ടുകരിമ്പ് കുത്തി അതിനുള്ളിലേക്ക് മണല്‍ കയറ്റിവിട്ട് കരയോട് ചേര്‍ക്കുകയും പിന്നീട് സ്വന്തമാക്കുകയുമാണ് കൈയേറ്റത്തിന്റെ ആദ്യപടി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വിവിധ കടവുകളിലും ഇത്തരത്തില്‍ വ്യാപകമായി സ്ഥലം കൈയേറിയിട്ടുണ്ട്. ഇവിടെ തെങ്ങ്, കവുങ്ങ്, വിവിധ തരത്തിലുള്ള മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിളയൂര്‍ പഞ്ചായത്തിലെ കടവുകളിലും പുഴയോര പ്രദേശങ്ങളിലെ കരകളിലുമാണ് ഇത്തരത്തില്‍ കൈയേറ്റം നടത്തി കൃഷി ചെയ്യുന്നത്. തിരുവേഗപ്പുറ പാലത്തിന് താഴെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിക്കടുത്തായി പഞ്ചായത്തിന്റെ തൂതപ്പുഴയോരം ടൂറിസം പദ്ധതി പ്രദേശത്ത് നിന്ന് വ്യാപകമായി മരങ്ങള്‍ വെട്ടിമാറ്റുന്നുണ്ട്. രണ്ട് മാസം മുമ്പ് പദ്ധതി പ്രദേശത്ത് നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും ജനപ്രതിനിധികളും സ്ഥലത്തെത്തി മരം വെട്ടുന്നത് തടഞ്ഞിരുന്നെങ്കിലും, പ്രദേശത്ത് കൈയേറ്റവും മരംവെട്ടലും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.—
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്ന കാഴ്ചയല്ല ഇപ്പോള്‍ ഭാരതപ്പുഴയുടേത്. വര്‍ഷകാലത്ത് പുഴ കരകവിഞ്ഞപ്പോള്‍ കൈയേറിയ സ്ഥലങ്ങളെല്ലാം വീണ്ടും പുഴയുടെ ഭാഗമായിരുന്നു. എന്നാല്‍ പുഴയോരത്ത് വെച്ച്പിടിപ്പിച്ച മുളത്തൈകള്‍ പറിച്ചുകളഞ്ഞ് പുഴയുടെ അതിര്‍ത്തിയടയാളം തന്നെ ഇല്ലാതാക്കുകയാണ് ഭൂമാഫിയ ചെയ്തിട്ടുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.