Connect with us

Articles

ലിബിയ: ഇസ്‌ലാമിസ്റ്റുകള്‍ വീണ്ടും തോല്‍ക്കുകയാണ്‌

Published

|

Last Updated

അമേരിക്കയും കൂട്ടരും ജനാധിപത്യം “പുനഃസ്ഥാപിച്ച” ഒരു രാജ്യം കൂടി ആത്യന്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഏറ്റവും ശക്തമായ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി നേടിയ, എണ്ണസമ്പന്നമായ ലിബിയ ഇന്ന് ആര്‍ക്കും കയറി കൊള്ളയടിക്കാവുന്ന അരക്ഷിതമായ ഭൂവിഭാഗമാണ്. മിലീഷ്യാ ഗ്രൂപ്പുകള്‍(സായുധ സംഘങ്ങള്‍) രാജ്യത്തെ പകുത്തെടുത്തിരിക്കുന്നു. ഗദ്ദാഫിയുടെ പതനത്തോടെ കൈക്കലാക്കിയ ആയുധങ്ങളുമായി ഈ സ്വകാര്യ സൈനിക ഗ്രൂപ്പുകള്‍ അതതിടങ്ങളില്‍ ഭരണകൂടങ്ങളായി മാറിക്കഴിഞ്ഞു. യുദ്ധപ്രഭുക്കള്‍ പറയുമ്പോലെയാണ് കാര്യങ്ങള്‍. സര്‍ക്കാര്‍ സൈന്യം എന്നൊന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവ മിലീഷ്യകളെ പേടിച്ചാണ് കഴിയുന്നത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടിക്ക് ചെറുവിരലനക്കാനാകുന്നില്ല. ബ്രദര്‍ഹുഡിന്റെ തുടര്‍ച്ചയായ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പാണ് ജസ്റ്റിസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍. ഗദ്ദാഫിക്കെതിരെ വിമതര്‍ ആയുധമെടുത്ത കാലത്ത് ഇസ്‌ലാമിസ്റ്റുകള്‍ സുന്ദര മോഹന ബദല്‍ സ്വപ്‌നങ്ങളാണ് രാജ്യത്തിന് മുന്നില്‍ വെച്ചിരുന്നത്. നിലവിലുള്ള ഭരണകൂടത്തിനെതിരെ നടക്കുന്ന അട്ടിമറി ശ്രമമെന്ന നിലയില്‍ ഒടുങ്ങിപ്പോകുമായിരുന്ന വിമത നീക്കത്തിന് താത്വിക പരിവേഷം നല്‍കിയത് ഇസ്‌ലാമിസ്റ്റുകളാണ്. അങ്ങനെയാണ് അത് ഏകാധിപത്യത്തെനെതിരായ പ്രക്ഷോഭമായി മാറിയത്. അങ്ങനെയാണ് അമേരിക്കക്കും കൂട്ടര്‍ക്കും “ജനാധിപത്യ പുനഃസ്ഥാപന” പ്രക്രിയയില്‍ പങ്കാളികളാകാന്‍ പഴുത് ലഭിച്ചത്. ഇന്ന് ബദലുമില്ല സ്റ്റാറ്റസ്‌കോ പോലുമില്ല. ഉള്ളത് വെറും അരാജകത്വം. മുല്ലപ്പൂ വിപ്ലവമെന്ന കള്ളത്തരത്തിന്റെ വിശാല നിര്‍വചനത്തില്‍ വരുന്നതാണ് ലിബിയയും. ഏകാധിപത്യം അസ്തമിച്ചു. പക്ഷേ ജനാധിപത്യമെന്തേ ഉദിക്കാത്തത്? ഇസ്‌ലാമിസ്റ്റ് ആശയ ചാര്‍ച്ചക്കാര്‍ എന്തേ ലിബിയയെ കുറിച്ച് മിണ്ടാത്തത്? ബ്രദര്‍ഹുഡ് അടക്കമുള്ള ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ പ്രയോഗം കഴിവ്‌കേടിന്റെ പര്യായമാണെന്ന് ഈജിപ്ത് തന്നെ തെളിയിച്ചതാണ്. തക്കം പാര്‍ത്തിരുന്ന് അധികാരം കൈക്കലാക്കുന്ന കൗശലത്തെ ഇസ്‌ലാമിന്റെ പേരില്‍ ന്യായീകരിക്കുകയാണിവര്‍. ലിബിയ ഇസ്‌ലാമിസ്റ്റ് പരാജയത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ്. സാമ്രാജ്യത്വവുമായി ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്കുള്ള തുരങ്ക സൗഹൃദത്തിന്റെ തെളിവു കൂടിയാണ് ഇന്നത്തെ ലിബിയ. ഈ സൗഹൃദത്തിന്റെ അടുത്ത വേദി സിറിയ ആയിരിക്കും.

കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്ന് അഴുക്കുചാലില്‍ തള്ളി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ലിബിയയിലേക്ക് പാശ്ചാത്യ മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ല. ഗദ്ദാഫി യുഗത്തില്‍ രാജ്യത്തെ എണ്ണസമ്പത്ത് സംരക്ഷിക്കപ്പെട്ടിരുന്നു. അത് ചുളു വിലക്ക് അടിച്ചുമാറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ട പാശ്ചാത്യ എണ്ണ കമ്പനികളെ അദ്ദേഹം കെട്ടുകെട്ടിച്ചു. അന്ന് ഗദ്ദാഫി നടത്തിയ മനുഷ്യാവകാശലംഘനങ്ങളായിരുന്നു മാധ്യമങ്ങളില്‍ നിറയെ. രാജ്യം നേടിയെടുത്ത സാമ്പത്തിക ഭദ്രത ആരും കണ്ടില്ല. രാജ്യത്തെ നല്ലൊരു ശതമാനം പേര്‍ക്കും ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമായിരുന്നുവെന്നതും. ഗദ്ദാഫിയുടെ ഭ്രാന്തുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെട്ടു. ഇന്നും അത്തരം കഥകള്‍ക്ക് പഞ്ഞമില്ല. നാറ്റോ നടത്തിയ സൈനിക നടപടിക്കൊടുവില്‍ ഗദ്ദാഫിയെ കൊന്നു തള്ളിയപ്പോള്‍ അമേരിക്കയുടെ “ഉത്തരവാദിത്വം” അവസാനിച്ചു. ഒരു രക്ഷകനും ഇന്ന് രംഗത്തില്ല. ഗദ്ദാഫിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച റഷ്യക്കും ലിബിയ ഇന്നൊരു വിഷയമല്ല. എണ്ണസമ്പത്തിന് മേല്‍ നിയന്ത്രണാവകാശം ലഭിക്കുന്നില്ലെന്നത് മാത്രമായിരുന്നു അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയുമൊക്കെ ആധിയെന്ന് അന്ന് തന്നെ വിവരമുള്ളവര്‍ പറഞ്ഞതാണ്. ചൈനയുടെയും റഷ്യയുടെയും ലിബിയാസ്‌നേഹത്തിന്റെ ഉള്ളിലും എണ്ണ സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു.

ലിബിയയിലെ ടെലിവിഷന്‍ ചാനലുകള്‍ ഈയടുത്ത് പുറത്തു വിട്ട ഒരു വീഡിയോ ആ രാജ്യത്തിന്റെ വര്‍ത്തമാന കാല ദുരവസ്ഥയിലേക്ക് പിടിച്ച കണ്ണാടിയായിരുന്നു. പാര്‍ലിമെന്റിലെ മുതിര്‍ന്ന ഇസ്‌ലാമിസ്റ്റ് നേതാവ് നൂരി അബൂ സഹ്മീനും മിലീഷ്യാ തലവന്‍ ഹൈതാം അല്‍ തജൗരിയായുമാണ് ദൃശ്യത്തില്‍. ഹൈതാമിന് മുന്നില്‍ നൂരി വിറച്ച് തൊഴുത് നില്‍ക്കുന്നു. ആയുധസജ്ജനായ ഹൈതാം രണ്ടും കല്‍പ്പിച്ച് നില്‍പ്പാണ്. “പടച്ച റബ്ബാണേ സത്യം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഹൈതാം എന്നെ വിശ്വസിക്കൂ. ഞാന്‍ ഒന്നും മറച്ചു വെക്കുന്നില്ല.” എന്നാണ് നൂരി കേഴുന്നത്. “എനിക്ക് ഒന്നും കേള്‍ക്കേണ്ട. ഞാന്‍ വിഡ്ഢിയല്ല” എന്ന് ഹൈതാം അലറുന്നു. നൂരിയുടെ താമസസ്ഥലത്ത് രണ്ട് വനിതകളുടെ സാന്നിധ്യം ഹൈതാമിന്റെ രഹസ്യന്വേഷണ ശൃംഖല കണ്ടെത്തിയത്രേ. വനിതകള്‍ എന്തിന് വന്നു? ആരയച്ചു? അവരുമായി വല്ല വഴി വിട്ട ബന്ധവുമുണ്ടോ? എന്നൊക്കെയാണ് നൂരിയോട് ഹൈതാം കഴുത്തിന് കുത്തിപ്പിടിച്ച് ചോദിക്കുന്നത്. ലിബിയയിലെ രാഷ്ട്രീയ നേതൃത്വം എത്രമാത്രം മിലീഷ്യകളെ ഭയപ്പെടുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ വീഡിയോ. ആരാണ് യഥാര്‍ഥത്തില്‍ ഭരിക്കുന്നതെന്നും ഈ ദൃശ്യങ്ങള്‍ പറഞ്ഞു തരുന്നു.
വിദേശ രാജ്യങ്ങളുടെ എണ്ണ ടാങ്കറുകള്‍ ലിബിയന്‍ തീരത്ത് വന്‍ തോതില്‍ നങ്കൂരമിടുകയാണ്. എന്നിട്ട് ഏതെങ്കിലും യുദ്ധപ്രഭുക്കളെ ബന്ധപ്പെടുന്നു. മിസ്‌റാത്ത, സിന്‍താന്‍ തുടങ്ങിയ മേഖലകളാണ് മിലീഷ്യകളുടെ കേന്ദ്രങ്ങള്‍. ഇവക്ക് ഓരോന്നിനും സ്വന്തമായി എണ്ണപ്പാടങ്ങള്‍ ഉണ്ട്. കിഴക്കന്‍ എണ്ണ ടെര്‍മിനലുകളുടെ നിയന്ത്രണം പൂര്‍ണമായി ഇബ്‌റാഹിം ജാര്‍ദാന്‍ എന്ന യുദ്ധപ്രഭു കൈവശം വെച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് സമ്പൂര്‍ണ സൈനിക സന്നാഹങ്ങള്‍ ഉണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങാനാണ് വിദേശികള്‍ക്ക് താത്പര്യം. വിലക്കോ അളവിനോ ഒരു വ്യവസ്ഥയുമില്ലല്ലോ. ഇങ്ങനെ നങ്കുരമിട്ട ഉത്തര കൊറിയന്‍ കപ്പലിനെച്ചൊല്ലി ഈയിടെ വലിയ പുകിലുണ്ടായി. എണ്ണ നിറച്ച് തീരം വിടാന്‍ തുടങ്ങിയ കപ്പലിനെ പിടികൂടാന്‍ അന്നത്തെ പ്രധാനമന്ത്രി അലി സൈദാന്‍ നിയോഗിച്ചത് അദ്ദേഹത്തിന് സ്വാധീനമുള്ള സ്വകാര്യ സൈന്യത്തെയാണ്. ആ ഗോത്ര വര്‍ഗ സേന അമ്പേ പരാജയപ്പെട്ടു. കട്ടത് ഉത്തര കൊറിയ ആയതു കൊണ്ട് മാത്രം അമേരിക്ക ഇടപെട്ടു. കപ്പല്‍ പിടികൂടി. അലി സിദാന് ഒടുവില്‍ രാജി വെക്കേണ്ടി വന്നു. രാജ്യത്തിന്റെ എണ്ണ കയറ്റുമതി പ്രതിദിനം 15 ലക്ഷം ബാരലില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഇതോട് ചേര്‍ത്ത് വായിക്കണം. ഇതേ സൈദാനെ നേരത്തേ മറ്റൊരു സായുധ ഗ്രൂപ്പ് ട്രിപ്പോളിയിലെ ഹോട്ടലില്‍ ബന്ദിയാക്കിയിരുന്നു.

ഗദ്ദാഫി ഭരണകൂടവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരെ ഉദ്യോഗ ഭരണതലങ്ങളില്‍ നിന്ന് പൂര്‍ണമായി നീക്കുന്നതിനുള്ള പൊളിറ്റിക്കല്‍ ഐസൊലേഷന്‍ നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത് ശ്വാസമടക്കിപ്പിടിച്ചാണ്. സായുധ ഗ്രൂപ്പുകള്‍ പാര്‍ലിമെന്റ് വളയുകയായിരുന്നു. ബില്‍ പാസ്സാക്കിയിട്ടേ പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്ന് ആയുധധാരികള്‍ ഭീഷണി മുഴക്കി. സമയം വൈകിയപ്പോള്‍ ചിലര്‍ പാര്‍ലിമെന്റിനകത്തേക്ക് ഇരച്ചു കയറി വെടിയുതിര്‍ത്തു. രണ്ട് എം പിമാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗദ്ദാഫി ക്യാമ്പ് വിട്ട് വിമതര്‍ക്കൊപ്പം ചേര്‍ന്നവര്‍ക്ക് ഈ നിയമത്തില്‍ കടുത്ത അതൃപ്തിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് പാര്‍ലിമെന്റ് ഈ ബില്‍ അട്ടത്ത് വെച്ചത്. മാത്രമല്ല ഗദ്ദാഫി യുഗത്തിലെ ചിലരുടെ അനുഭവ സമ്പത്ത് രാജ്യത്തിന് ഗുണകരമായി ഉപയോഗിക്കാമെന്നും ഇടക്കാല സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു.
ഗദ്ദാഫിവിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന ബന്‍ഗാസിയിലെ ജനങ്ങള്‍ ഇന്ന് സായുധ ഗ്രൂപ്പുകളുടെ വിളയാട്ടത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ക്രമസമാധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബെന്‍ഗാസിക്കാര്‍ ഇന്ന് പ്രക്ഷോഭത്തിലാണ്. ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ രംഗത്തിറങ്ങിയ സായുധ ഗ്രൂപ്പുകള്‍ കഴിഞ്ഞ ജൂണില്‍ 32 പേരെയാണ് വകവരുത്തിയത്. ഔദ്യോഗിക സേനയുടെ പൊടിപോലും അവിടെയില്ല. ഗദ്ദാഫിയെ വധിച്ച മിസ്‌റാത്തയില്‍ അദ്ദേഹത്തെ പണ്ട് സഹായിച്ചുവെന്നാരോപിച്ച് ആയിരക്കണക്കായ മനുഷ്യരെ ആട്ടിയോടിക്കുകയാണ്. ഗദ്ദാഫിയുടെ കാലത്തും സ്വകാര്യ സേനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയെ തന്റെ പ്രഭാവത്തില്‍ അടക്കി നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ക്ക് പ്രതിമാസ അലവന്‍സ് കൊടുത്ത് സര്‍ക്കാറിന്റെ ഭാഗമാക്കാമോ എന്നാണ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാര്‍ ആരായുന്നത്.

ഇതാണ് ലിബിയയുടെ വര്‍ത്തമാനം. അധികാരശൂന്യതയിലേക്ക് കയറി ഇരുന്നവര്‍ക്കും അത്തരമൊരു ശൂന്യത സൃഷ്ടിക്കാന്‍ ആളും അര്‍ഥവുമിറക്കിയവര്‍ക്കും എന്ത് പറയാനുണ്ട്? ബദല്‍ രാഷ്ട്രീയത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇസ്‌ലാമിസ്റ്റുകളുടെ കൈയില്‍ എന്ത് പരിഹാരമുണ്ട്? അന്താരാഷ്ട്ര ചലനങ്ങള്‍ തങ്ങളുടെ നിലപാട്തറക്കനുസരിച്ച് വക്രീകരിക്കുന്ന കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ ആശയബന്ധുക്കളും ലിബിയയിലെ പരാജയത്തെക്കുറിച്ച് വിലപിക്കാത്തതെന്ത്? ആശയപരമായി ഞങ്ങള്‍ വേരില്ലാത്തവരല്ല, തായ്തടി ദുര്‍ബലമല്ല, കൊമ്പുകളും ചില്ലകളുമില്ലാത്തവരല്ല, വളര്‍ച്ചയറ്റവരല്ല, എന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇവരുടെ അന്താഷ്ട്ര വിശകലനങ്ങളെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ലോകത്താകെയുള്ള തങ്ങളുടെ ആശയ ചാര്‍ച്ചക്കാരെ ഇവിടെ പരിചയപ്പെടുത്തുമ്പോള്‍ വസ്തുതാവിരുദ്ധമായ ആവേശത്തിന് ജമാഅത്ത് എഴുത്തുകാര്‍ കീഴ്‌പ്പെടുന്നു. ഇസ്‌ലാമിന്റെ ആധുനിക രാഷ്ട്രീയപ്രയോഗമെന്ന് അവകാശപ്പെടുന്ന ഈ ഗ്രൂപ്പുകളെല്ലാം പാരമ്പര്യവിശ്വാസികളെ അപഹസിക്കുന്നവരാണ്. സൂഫീ പാരമ്പര്യമുള്ളവര്‍ അരാഷ്ട്രീയ വാദികളാണ്; അവര്‍ പാശ്ചാത്യ ദാസ്യം ചെയ്യുന്നുവെന്ന് ഇസ്‌ലാമിസ്റ്റുകള്‍ നിരന്തരം അധിക്ഷേപിച്ച് കൊണ്ടിരിക്കും. ഇന്ത്യയിലായാലും ഈജിപ്തിലായാലും തുര്‍ക്കിയിലായാലും ഈ അധിക്ഷേപം പല നിലകളില്‍ തുടരുന്നു. പക്ഷേ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നവ സാമ്രാജ്യത്വമാണെന്ന സത്യം ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ പുലരുകയാണ്. ഇസ്‌ലാമിസ്റ്റ് മുന്നേറ്റത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ക്കുമറിയാം കാര്യങ്ങള്‍ ശരിയായ നിലയിലല്ല നീങ്ങുന്നതെന്ന്. തുറന്നു പറയാന്‍ അവരുടെ ആശയ അടിമത്തം അനുവദിക്കുന്നില്ലെന്ന് മാത്രം. ലിബിയയില്‍ എന്നല്ല ഒരിടത്തും ജനാധിപത്യ സംവിധാനം കെട്ടിപ്പടുക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സാധിക്കില്ല. മറ്റു ചിന്താ ധാരകളെ ഉള്‍ക്കൊള്ളാനുള്ള തുറസ്സ് അവര്‍ക്കില്ലെന്നത് തന്നെയാണ് ഇതിനുള്ള കാരണം.

musthafalokam@gmail.com

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്