സി പി എമ്മിന് യുക്തിസഹമായ മറുപടിയില്ലെന്ന് ആര്‍ എം പി

Posted on: April 9, 2014 12:55 pm | Last updated: April 9, 2014 at 12:55 pm

വടകര: ഷംസീറിന്റെ മാനനഷ്ടക്കേസ് വിഷയത്തില്‍ സി പി എം നേതക്കളുടെ പരിഹാസ്യമായ ശ്രമം ജനം തിരിച്ചറിയുമെന്ന് ആര്‍ എം പി നേതാക്കളായ കെ കെ രമ, എന്‍ വേണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു. സി പി എം നേതാക്കളുടെ ഭീഷണിക്ക് ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത മറുപടി പറയും. ഷംസീറും കിര്‍മാണി മനോജും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടാവുന്ന യുക്തിസഹമായ മറുപടി നല്‍കാനില്ലാത്തതുകൊണ്ടാണ് സി പി എം വക്കീല്‍ നോട്ടീസയച്ച് ആരോപണം നേരിടാന്‍ ശ്രമിക്കുന്നത്. 9847562679 എന്ന മൊബൈല്‍ നമ്പര്‍ കിര്‍മാണി മനോജ് സ്വന്തം പേരിലെടുത്തതല്ല എന്ന ദുര്‍ബലമായ വിശദീകരണം കൊണ്ട് മാത്രം സി പി എമ്മിന് ഈ വിഷയത്തില്‍ നിന്ന് തലയൂരാനാകില്ല.
സി പി എം പ്രവര്‍ത്തകനായ മാഹി പന്തക്കലിലെ അജീഷിന്റെ പേരിലാണ് സിം കാര്‍ഡ് എടുത്തിട്ടുള്ളത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട 2012 മെയ് നാലിന് രാത്രി പതിനൊന്നരയോടെ ഈ ഫോണ്‍ എന്തിനാണ് ഓഫ് ചെയ്തതെന്നും കൂടി സി പി എം നേതാക്കള്‍ വിശദീകരിക്കണമെന്നും ആര്‍ എം പി നേതാക്കള്‍ ആവശ്യപ്പെട്ടു.