തലശ്ശേരി താലൂക്കില്‍ 54 മാതൃകാ ബൂത്തുകള്‍; 72 ബൂത്തുകളില്‍ വെബ് ക്യാമറ

Posted on: April 9, 2014 8:48 am | Last updated: April 9, 2014 at 8:48 am

തലശ്ശേരി: നിര്‍ഭയവും അനായാസവും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇലക്ഷന്‍ തഹസില്‍ദാര്‍ അറിയിച്ചു. സുരക്ഷാ ഡ്യൂട്ടിക്ക് ലോക്കല്‍ പോലീസിനോടൊപ്പം കേന്ദ്രസേനയുണ്ടാവും. മാത്രമല്ല ഏത് അടിയന്തര സാഹചര്യത്തിലും സംഭവസ്ഥലത്ത് മിനുട്ടുകള്‍ക്കകം എത്തിപ്പെടാനാവുന്ന സുരക്ഷാ ഭടന്മാരെയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
പഴയ തലശ്ശേരി താലൂക്കിലെ പേരാവൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ 54 ബൂത്തുകളെ മാതൃകാ ബൂത്തുകളായി പ്രഖ്യാപിച്ചു. പേരാവൂരില്‍ 14 ബൂത്തുകളും തൊട്ടടുത്ത മട്ടന്നൂര്‍ അസംബ്ലി നിയോജകമണ്ഡലത്തില്‍ 16 ബൂത്തുകളും മാതൃകാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂത്തുപറമ്പില്‍ 11 ബൂത്തുകളും മാതൃകയാണ്. ഇവിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, വൈദ്യസഹായം, ഇരിക്കാന്‍ കസേര ഉള്‍പ്പെടെ ലഭ്യമാവും. തലശ്ശേരി താലൂക്കിലെ മട്ടന്നൂര്‍, പേരാവൂര്‍ അസംബ്ലി മണ്ഡലങ്ങള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലും തലശ്ശേരി, കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങള്‍ വടകര ലോക്‌സഭാ മണ്ഡലത്തിന്റെയും ഭാഗങ്ങളാണ്.
ഇതില്‍ കൂത്തുപറമ്പിലെ 14 ബൂത്തുകളിലും പേരാവൂരിലെ 19 ബൂത്തുകളിലും വെബ് ക്യാമറകള്‍ സ്ഥാപിച്ചു. ഇവിടങ്ങളിലെ എല്ലാ നീക്കങ്ങളും ക്യാമറ കണ്ണുകള്‍ ഒപ്പിയെടൂത്ത് കണ്‍ട്രോള്‍ കേന്ദ്രത്തിലെത്തിക്കും. വോട്ടിംഗ് പൂര്‍ത്തിയായാല്‍ യന്ത്രങ്ങള്‍ സൂക്ഷിക്കാനും പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിയതായി തലശ്ശേരി ഇലക്ഷന്‍ തഹസില്‍ദാര്‍ ടി ജിനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മട്ടന്നൂരിലെയും പേരാവൂരിലെയും യന്ത്രങ്ങള്‍ കണ്ണൂര്‍ ചിന്മയ കോളേജിലെത്തിച്ച് സൂക്ഷിക്കും. തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും വോട്ടിംഗ് മെഷീനുകള്‍ കോഴിക്കോട് വെള്ളിമാടുകുന്നിലെ പോളിടെക്‌നിക്കിലാണ് സൂക്ഷിക്കുന്നത്. വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാനുള്ള മഷി മുതല്‍ മൊട്ടുസൂചി ഉള്‍പ്പെടെ എഴുപതോളം സ്റ്റേഷനറി സാധനങ്ങളാണ് പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നത്. മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ പോളിങ്ങ് സാമഗ്രികള്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നിന്നും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലേക്കുള്ളത് തലശ്ശേരി സാന്‍ജോസ് സ്‌കൂളില്‍ നിന്നുമാണ് വിതരണം ചെയ്യുന്നത്.