Connect with us

Articles

കമ്പിപ്പാര കുറ്റിച്ചൂല് വഴി കസേരയിലേക്ക്

Published

|

Last Updated

പ്രാതലിനുണ്ടാക്കിയ പുട്ട് പഴവും കൂട്ടി വെട്ടിവിഴുങ്ങുന്നതിനിടയിലാണ് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. ആരാണെന്ന് നോക്കി വരാന്‍ പെമ്പര്‍ന്നോത്തിയോട് ആഗ്യം കാട്ടി.
“മൂപ്പരില്ലേ?”
അവള്‍ വാതില്‍ തുറന്നതും പുറത്ത് നിന്നാരുടെയോ ചോദ്യം കേട്ടു. “അകത്തുണ്ട്” എന്ന മറുപടിയും കൊടുത്ത് അവള്‍ എന്റെയടുത്തെത്തി. പുറത്താരാണ് വന്നതെന്ന് പറയാതെ എന്റെ പുട്ടുപാത്രത്തില്‍ കൈയിട്ട് പുട്ടെടുക്കാനൊരുങ്ങുന്ന അവളോട് ഞാന്‍ ചോദിച്ചു.
“ആരാ പുറത്ത്?”
“അതാ കസേരയുടെ ആളുകളാ”
കസേരയുടെ ആളുകളോ? അടവിന് കസേരകള്‍ കൊടുക്കുന്നവര്‍ വീടുകളില്‍ കയറിയിറങ്ങാറുണ്ടായിരുന്നു പണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നും ആരും വരാറില്ലല്ലോ. ഇനി പുതിയ മോഡല്‍ വല്ല കസേരകളും വിപണിയിലിറങ്ങിയിട്ടുണ്ടാകും. അത് വില്‍ക്കാന്‍ വന്നവരായിരിക്കും…
കൈ കഴുകാന്‍ അടുക്കളയിലേക്ക് പോകുമ്പോള്‍ പല ചോദ്യങ്ങളും ചിന്തയിലുദിച്ചു.
വരാന്തയിലെത്തിയപ്പോഴല്ലേ കഥയറിയുന്നത്? ആഗതര്‍ കസേരയോ സ്റ്റൂളോ വില്‍ക്കാന്‍ വന്നവരല്ല. നാട്ടില്‍ത്തന്നെയുള്ള കുറച്ച് ചെറുപ്പക്കാരാണ്. പക്ഷേ, രാവിലെ എട്ട് മണിക്കുള്ള അവരുടെ വരവിന്റെ ഉദ്ദേശ്യം എനിക്ക് മനസ്സിലായില്ല.
“എന്താണാവോ എല്ലാവരും കൂടി”
“നിങ്ങളിനി ഗള്‍ഫില്‍ പോകുന്നില്ലേ?” – മറുപടി ഒരു മറുചോദ്യമായിരുന്നു.
ഞാന്‍ ഗള്‍ഫില്‍ പോയില്ലെങ്കില്‍ എനിക്കവന്‍ ചെലവിന് തരേണ്ടിവരുമെന്നും അവിടെ അറബികള്‍ എന്നെക്കാണാഞ്ഞിട്ട് കണ്ണീരൊഴുക്കിയിരിക്കയാണെന്നുമൊക്കെ തോന്നും അവന്റെ ചോദ്യം കേട്ടാല്‍. വീട്ടില്‍ കയറിവരുന്നവരോട് കയര്‍ത്തു സംസാരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം മയത്തില്‍ ഞാനവന് മറുപടി കൊടുത്തു.
“പോകാനുള്ള ഒരുക്കത്തിലാണ്”
“എന്നാ പത്താം തീയതി കഴിഞ്ഞിട്ട് പോയാല്‍ മതി”
ഇപ്പോഴത്തെ അവന്റെ സംസാരം കേട്ടാല്‍ തോന്നും നമുക്ക് ടിക്കറ്റും വിസയുമൊക്കെ തന്നത് അവനാണെന്ന്. ആരോ പറഞ്ഞത് പോലെ ഒന്നുകൂടി ക്ഷമിക്കാം. ഒരു പ്രവാസി ഇതെല്ലാം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനാണല്ലോ.
“പിന്നെ, വോട്ട് ചെയ്യുന്നത് നമ്മുടെ സ്ഥാനാര്‍ഥിക്ക് വേണം. അത് പറയാനാ ഞങ്ങള്‍ വന്നത്. ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വമില്ലാതിരുന്ന ഈ അങ്ങാടി ബഡായിക്കാര്‍ക്ക് ഇപ്പോള്‍ എങ്ങനെയാ പെട്ടെന്നൊരു പാര്‍ട്ടിയുണ്ടായത്?
എന്റെ ആകാംക്ഷ ഞാന്‍ മറച്ചുവെച്ചില്ല.
“ഏതാ പാര്‍ട്ടി… ആരാ സ്ഥാനാര്‍ഥി… മനസ്സിലായില്ല…”
കൂട്ടത്തില്‍ നേതാവായി നില്‍ക്കുന്ന തടിയന്‍ ഷുക്കൂറുമോന്‍ അല്‍പ്പം മുന്നോട്ട് നീങ്ങിനിന്ന് വിശദീകരിക്കാന്‍ തുടങ്ങി.
“നമ്മളെ തങ്കപ്പന്‍ ചേട്ടന്‍ ഇത്തവണ മത്സരിക്കുന്നതറിയില്ലേ? അവരാണ് നമ്മുടെ സ്ഥാനാര്‍ഥി. ചിഹ്നം കമ്പിപ്പാര. ഇടതും വലതും കൂടി നമ്മുടെ നാട് ഭരിച്ച് ഭരിച്ച് കുട്ടിച്ചോറാക്കിയില്ലേ? അതില്‍ നിന്നൊരു മാറ്റം നമുക്കത്യാവശ്യമാണ്.”
ഷുക്കൂറുമോന്‍ സംസാരം നിര്‍ത്തിയപ്പോള്‍ മറ്റൊരുത്തന്‍ കത്തിക്കയറാന്‍ തുടങ്ങി. കാലി വയറിലേക്കാണ് ഇവരുടെ പ്രസംഗം എന്നോര്‍ക്കണം. ഏതായാലും അവന്‍ പറയട്ടെയെന്ന് കരുതി ചെവി കൊടുത്തു.
“ഇന്നത്തെ കാര്യം തന്നെ നോക്കൂ. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കാശില്ല. ധനമന്ത്രി ആരുടെയൊക്കെ പിച്ചച്ചട്ടിയില്‍ കൈയിട്ടിട്ടാണ് അല്‍പ്പമെങ്കിലും പണം കിട്ടിയത്? ജനുവരിയും ഫെബ്രുവരിയും കഴിഞ്ഞാല്‍ മാര്‍ച്ച് മാസം വരുമെന്ന് മന്ത്രിക്കറിയില്ലേ? എന്തുകൊണ്ട് മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്തിയില്ല? ഉത്തരം സിമ്പിള്‍. ഭരിക്കാന്‍ നേരമില്ല. നാടിനെയും നാട്ടുകാരെയും നോക്കേണ്ട സമയത്ത് സരിതയെയും കൊണ്ട് നടക്കുകയല്ലേ?…
“സരിതയും ജോപ്പനും സലീംരാജുമൊക്കെ അവിടെ നില്‍ക്കട്ടെ. നിങ്ങള്‍ ജയിച്ചാല്‍ ഇവിടെ എന്തെല്ലാം കൊണ്ടുവരും?”
ഇടക്കുകയറിയുള്ള എന്റെ ചോദ്യത്തിന് പെട്ടെന്ന് തന്നെ മറുപടിയും വന്നു.
“കഴിയുന്നത്ര വികസനം കൊണ്ടുവരും. ഇനിയൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടെയുള്ളത് കൊണ്ടുപോകാതിരിക്കാനെങ്കിലും ശ്രമിക്കും. ഒന്നും ചെയ്യുന്നില്ല എന്നതിന് പുറമെ ഇവിടെയുള്ളത് പോലും കൊള്ളയടിക്കുകല്ലേ എല്ലാവരും ചെയ്യുന്നത്?”
“ഞങ്ങള്‍ക്കിനിയും കുറേ വീടുകള്‍ കയറാനുണ്ട്. ഞങ്ങളിറങ്ങുന്നു. ചിഹ്നം മറക്കേണ്ട. കമ്പിപ്പാര.
പോകാനൊങ്ങവെ കൂട്ടത്തിലൊരുവന്‍ അകത്തേക്ക് നീട്ടി ഒരു വിളി…”ഇത്താ…”
വിളി കേട്ട് അടുക്കളയില്‍ നിന്നും പെമ്പര്‍ന്നോത്തി വാതില്‍ക്കലെത്തി. ഇനി പഴയ കള്ളന്മാര്‍ക്കൊന്നും വോട്ട് ചെയ്യാന്‍ നിക്കണ്ട. ഒരു മാറ്റം നമുക്കനിവാര്യമാണ്. ചിഹ്നം ഓര്‍മയുണ്ടല്ലോ.
“കുറ്റിച്ചൂലല്ലേ?”
“ശ്ശോ ഇതാ പാര്‍ട്ടിയല്ലത്താ… ഇത് വേറെ പാര്‍ട്ടി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പാര്‍ട്ടി. നമ്മുടെ ചിഹ്നം പാരയാണ്.
“എല്ലാ പാര്‍ട്ടിക്കാരും പറയുന്നത് ഇതു തന്നെയാണല്ലോ” എന്ന വൈഫിന്റെ ആത്മഗതം ആരും കേട്ടില്ല.
വോട്ട് പിടിത്തക്കാര്‍ റോഡിലേക്കിറങ്ങി. അടുക്കളയിലേക്ക് തിരിച്ചു നടക്കുകയായിരുന്ന പെമ്പര്‍ന്നോത്തിയോട് ഞാന്‍ ചോദിച്ചു.
“അല്ലേ, നീയല്ലേ പറഞ്ഞത് കസേരയുടെ ആളുകളാ വന്നതെന്ന്?” അവര്‍ കസേര വില്‍പ്പനക്കാരൊന്നുമല്ല. വോട്ട് ചോദിക്കാന്‍ വന്നവരാണെന്ന് ഇപ്പോള്‍ മനസ്സിലായോ?
“വോട്ട് ചോദിക്കാന്‍ വേണ്ടിയാണ് വന്നതെന്ന് എനിക്കവരെ കണ്ടപ്പഴേ മനസ്സിലായതാണല്ലോ. അതുകൊണ്ടല്ലേ ഞാന്‍ പറഞ്ഞത് കസേരക്കും വേണ്ടി നടക്കുന്നവരാണെന്ന്….
ഇനിയെന്ത് പറയാന്‍…..

 

Latest