Connect with us

Articles

നമ്മുടെ സൂക്ഷ്മതയും ആഘോഷവും

Published

|

Last Updated

“”പ്രഭാഷണത്തിനിടെ സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെ തിരൂരില്‍ അക്രമം. വേദിയിലേക്ക് ഇരച്ച് കയറിയ ഒരു സംഘമാളുകള്‍ അദ്ദേഹത്തിന്റെ ജുബ്ബ വലിച്ചു കീറി….. മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പര ആരംഭിച്ച തിങ്കളാഴ്ച ഹിന്ദു മതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരെക്കുറിച്ച് മോശമായ പരാമര്‍ശമുണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു.””
“”തിങ്കളാഴ്ച പകല്‍ ഡി സി ബുക്‌സിന്റെ കോട്ടയത്തെ ശാഖയിലെത്തിയ മൂന്ന് യുവാക്കള്‍, ഭീഷണി മുഴക്കുകയും പുസ്തകം വലിച്ചു കീറുകയും ഷെല്‍ഫുകള്‍ മറിച്ചിടുകയും ചെയ്തിരുന്നു. അമൃതാനന്ദമയീ മഠത്തെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിലുള്ള പ്രതിഷേധമാണ് സംഭവത്തിന് കാരണമെന്ന് സ്ഥാപനാധികൃതര്‍ ആരോപിച്ചു.””
“”മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഡി സി ബുക്‌സിലെത്തിയ മൂന്നംഗ സംഘം ഇതേച്ചൊല്ലി ബഹളമുണ്ടാക്കുകയും പുസ്തകങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തതായി രവി ഡി സി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ സംഘം തന്നെയാണ് രവി ഡി സിയുടെ വീടിനു നേര്‍ക്ക് ആക്രമണം നടത്തിയത് എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. … എന്നാല്‍ ഈ സംഭവവുമായി മഠത്തിനോ അമൃതാനന്ദമയിയുടെ ഭക്തര്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് മഠം സെക്രട്ടറി അറിയിച്ചു.””
ഹിന്ദുമതത്തെയും അതിന്റെ പ്രമാണ ഗ്രന്ഥങ്ങളായി അറിയപ്പെടുന്ന വേദ, പുരാണങ്ങളെയും അധികരിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്ന സ്വാമി സന്ദീപാനന്ദ ഗിരി, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഡി സി ബുക്‌സിന്റെ കോട്ടയത്തെ ശാഖയില്‍ കയറിയ ഒരു സംഘമാളുകള്‍ പുസ്തകം വലിച്ചു കീറുകയും ഭീഷണിമുഴക്കുകയും ചെയ്തു. ഇതിന് പിറകെ രവി ഡി സിയുടെ കോട്ടയത്തെ വീടിനു നേര്‍ക്ക് കല്ലേറുണ്ടായി. അമൃതാനന്ദമയിയെക്കുറിച്ചും വള്ളിക്കാവിലെ അവരുടെ കേന്ദ്രത്തെക്കുറിച്ചും ഗുരുതര ആരോപണങ്ങളുന്നയിച്ച് ശിഷ്യയായിരുന്ന ഗെയില്‍ ട്രെഡ്‌വെല്‍ രംഗത്തുവന്നതിന്റെ അനുരണനങ്ങളാണ് ഈ രണ്ട് അക്രമങ്ങളും. ആള്‍ദൈവങ്ങളെ വിമര്‍ശിക്കുന്ന സന്ദീപാനന്ദഗിരി അമൃതാനന്ദമയിയുടെ അനുയായികളാലും അമൃതാനന്ദമയിയും മഠവുമൊക്കെ ഹിന്ദുത്വയുടെ ഭാഗമാണെന്ന് വിവരിച്ച് സംരക്ഷിക്കാനൊരുമ്പെട്ടിറങ്ങിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരാലും കൈയേറ്റത്തോടടുത്ത ചോദ്യം ചെയ്യല്‍ അടുത്ത ദിവസങ്ങളിലൊക്കെ നേരിട്ടിരുന്നു. സന്ദീപാനന്ദഗിരിക്കും രവി ഡി സിക്കും നേര്‍ക്കുണ്ടായ അതിക്രമമല്ല, മറിച്ച് ആ സംഭവത്തെ നമ്മുടെ മുന്നിലെത്തിച്ചപ്പോള്‍ മലയാളത്തിലെ പ്രമുഖ പത്രങ്ങളെടുത്ത മുന്‍കരുതലിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതിനാണ് ഈ ഉദ്ധരണികള്‍.
പ്രഭാഷണത്തിനിടെ വേദിയിലേക്ക് ഇരച്ചു കയറിയ ഒരുസംഘമാളുകള്‍ ആക്രമിച്ചുവെന്നല്ലാതെ, അക്രമികളാരെന്നതിനെക്കുറിച്ച് പോലീസ് പറഞ്ഞതോ സന്ദീപാനന്ദഗിരി ആരോപിച്ചതോ ആയ കാര്യങ്ങളൊന്നും ആദ്യത്തെ റിപ്പോര്‍ട്ടിലില്ല. ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിലരെക്കുറിച്ച് സന്ദീപാനന്ദഗിരി മോശം പരാമര്‍ശം നടത്തിയെന്ന ആരോപണം ചേര്‍ത്തിട്ടുമുണ്ട്. ഡി സി ബുക്‌സിലുണ്ടായ അക്രമത്തിന്റെ കാര്യത്തില്‍ സംഭവത്തിന് കാരണമായി സ്ഥാപന അധികൃതര്‍ പറയുന്ന കാര്യം ചേര്‍ത്തു. പത്രത്തിന്റെയോ റിപ്പോര്‍ട്ടറുടെയോ നിഗമനങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകരുത് എന്ന നിര്‍ബന്ധബുദ്ധിയോ സുക്ഷ്മതയോ കാട്ടിയിട്ടുണ്ടെന്ന് ചുരുക്കം. രണ്ടാമത്തെ പത്രത്തിലെ റിപ്പോര്‍ട്ടുകളില്‍, എല്ലാം പോലീസിന്റെ ഉദ്ധരണികളാണ്. പത്രത്തിന് ഇതുമായി ബന്ധമൊന്നുമില്ല, പോലീസ് പറയുന്നത് ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ. അതിനൊപ്പം മഠത്തിനോ അമൃതാനന്ദമയിയുടെ “ഭക്തര്‍”ക്കോ ഇതില്‍ പങ്കില്ലെന്ന മഠം സെക്രട്ടറിയുടെ പ്രസ്താവന ഉള്‍പ്പെടുത്താന്‍ മറന്നിട്ടുമില്ല.
പറയുന്നത് മാതാ അമൃതാനന്ദമയിയെക്കുറിച്ചും അവര്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തുള്ള ആര്‍ എസ് എസ്സിനെക്കുറിച്ചുമാണെന്ന ബോധ്യത്തില്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിയെന്ന് കരുതണം. അമൃതാനന്ദമയി തുറന്നിടുന്ന വാണിജ്യ സാധ്യതകളെക്കുറിച്ചുള്ള ഓര്‍മയുമാകാം ഈ സൂക്ഷ്മതക്ക് കാരണം. അല്ലെങ്കില്‍ ഭൂരിപക്ഷ വര്‍ഗീയതയും അതിനെ പ്രതിനിധാനം ചെയ്യുന്ന സംഘടിതരൂപങ്ങളും സമൂഹത്തിന് ഭീഷണികളൊന്നും സൃഷ്ടിക്കുന്നില്ലെന്ന തോന്നലോ, അവക്കൊപ്പം നില്‍ക്കുന്നതാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഗുണകരമെന്ന വിലയിരുത്തലോ ആകാം. ഈ സൂക്ഷ്മത മറ്റ് പലകാര്യങ്ങളിലും പുലര്‍ത്തുന്നില്ല എന്നത് കൂടി കണക്കിലെടുക്കണം.
പാക്കിസ്ഥാന്‍ പൗരനെന്നും രാജ്യത്ത് പല ഭാഗത്തായി നടന്ന സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ ആരോപിക്കുന്ന, വഖാസ് എന്ന പേരില്‍ ധാരാളമായി വ്യവഹരിക്കപ്പെടുന്ന സിയാവുര്‍ റഹ്മാന്, ഒളിത്താവളമൊരുക്കാന്‍ സഹായിച്ചുവെന്ന് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ഈ സൂക്ഷ്മത ഉണ്ടായിരുന്നില്ല. ഇത്തരമൊരു അറസ്റ്റുണ്ടായിട്ടില്ലെന്ന് വെളിവായപ്പോള്‍ പിടിയിലായയാള്‍ ബന്ധുവിനെ തല്ലിയ കേസില്‍ അറസ്റ്റിലായ ജാമ്യമെടുത്ത് ഒളിവില്‍ പോയ ചെറുപ്പക്കാരനാണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും തയ്യാറായതുമില്ല.
ഈ വൈരുധ്യം, മാധ്യമ റിപ്പോര്‍ട്ടുകളില്‍ മാത്രമുള്ളതല്ല. പോലീസ് അടക്കം രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥ സംവിധാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഏറിയും കുറഞ്ഞും ഇത് നിലനില്‍ക്കുന്നു. അധികാരത്തിനു വേണ്ടിയുള്ള മത്സരത്തിനും ലഭിച്ച അധികാരത്തിന്റെ സ്ഥിരതക്കുമൊക്കെ ഇതുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ രക്തക്കറ മായാതെ നമ്മുടെ മുന്നിലുണ്ട്. അവര്‍ ഉയര്‍ന്ന അധികാര സ്ഥാനം ലാക്കാക്കി രഥമുരുട്ടുമ്പോഴാണ് പുതിയ അറസ്റ്റുകളുണ്ടാകുന്നത് എന്നതും കാണാതിരുന്നുകൂടാ. നരേന്ദ്ര മോദി എന്ന ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ ഗുജറാത്ത് വാഴ്ച, വംശഹത്യയുടെതും അതിനെത്തുടര്‍ന്ന് അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെതും കൂടിയാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ ആസൂത്രണത്തില്‍ ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയെങ്കിലും പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും പങ്കാളികളായിട്ടുണ്ടെന്നാണ് ആരോപണം. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി, പ്രതിപക്ഷമില്ലാതെ മുന്നേറിയ മോദി, പൊടുന്നനെ അരവിന്ദ് കെജ്‌രിവാളെന്ന അപ്രതീക്ഷിത എതിരാളിയെ നേര്‍ക്കുനേര്‍ കണ്ടു. ദേശീയ മാധ്യമങ്ങളിലൊന്നാകെ നിറഞ്ഞുനിന്നിരുന്ന മോദിയെ, ഏതാനും ദിവസങ്ങള്‍ കൊണ്ട് കെജ്‌രിവാള്‍ ആദേശം ചെയ്തു. ഗുജറാത്തില്‍ പ്രചാരണത്തിനെത്തിയ കെജ്‌രിവാളിനെ തടയുന്ന വിഡ്ഢിത്തം കാട്ടി, ആദേശത്തിന് ആക്കം കൂട്ടുകയും ചെയ്തു മോദി.
ഇതിന് പിറകെയാണ് വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായിരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് പാക്കിസ്ഥാന്‍ സ്വദേശിയെന്ന് ഡല്‍ഹി പോലീസ് പറയുന്ന വഖാസിന്റെ അറസ്റ്റുണ്ടാകുന്നത്. ജയ്പൂരില്‍ നിന്നും ജോധ്പൂരില്‍ നിന്നുമായി ഭീകരവാദ ശൃംഖലയുടെ ഭാഗമെന്ന് ആരോപിച്ച് ഏതാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതും. നേതാക്കളെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് റാലികള്‍ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറയുകയും ചെയ്തു. ഏത് നേതാവിനെ എന്ന് ഡല്‍ഹി പോലീസ് പരസ്യമായി പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് നരേന്ദ്ര മോദിയെ തന്നെ എന്ന് ദേശീയ മാധ്യമങ്ങള്‍ ഉറക്കെത്തന്നെ പറഞ്ഞു. കെജ്‌രിവാളില്‍ കേന്ദ്രീകരിച്ച മാധ്യമ ശ്രദ്ധ, നരേന്ദ്ര മോദിയിലേക്ക് തിരിച്ചെടുക്കാന്‍ ഇതിലും നല്ലൊരു വഴി വേറെയില്ല തന്നെ.
ഡല്‍ഹി പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുയരാന്‍ കാരണങ്ങള്‍ പലതുണ്ട്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ രണ്ട് വിദേശികളുടെ നേര്‍ക്ക് വെടിയുതിര്‍ത്ത സംഭവത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത് വഖാസും കൂട്ടാളി തഹ്‌സീന്‍ അഖ്തറുമാണെന്നാണ് ഡല്‍ഹി പോലീസ് ഇപ്പോള്‍ പറയുന്നത്. ഈ കേസില്‍ മറ്റൊരു യുവാവിനെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ പൗരനെന്ന് അന്ന് ഡല്‍ഹി പോലീസ് പറഞ്ഞ ചെറുപ്പക്കാരന്‍ പൂനെയിലെ ജയിലില്‍ വെച്ച് സഹതടവുകാരുടെ മര്‍ദനമേറ്റ് മരിക്കുകയും ചെയ്തു. ജുമാ മസ്ജിദിന് മുന്നിലെ വെടിവെപ്പിന് ഉത്തരവാദി വഖാസാണെന്ന് ഡല്‍ഹി പോലീസ് ഇപ്പോള്‍ പറയുമ്പോള്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അറസ്റ്റെന്ന് പറയാനുള്ള ഉത്തരവാദിത്വം കൂടി അവര്‍ക്കുണ്ട്. നേപ്പാള്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയയാളെ ഡല്‍ഹിക്ക് സമീപത്തു നിന്ന് ആയുധവും സ്‌ഫോടകവസ്തുക്കളുമായി പിടികൂടി എന്ന് കഥ മെനഞ്ഞ ചരിത്രവുമുണ്ട് ഡല്‍ഹി പോലീസിന്. ഇതേ സ്‌പെഷല്‍ സെല്‍, ബട്‌ല ഹൗസില്‍ നടത്തിയ ഏറ്റുമുട്ടല്‍, വ്യാജമോ അസ്സലോ എന്ന തര്‍ക്കത്തിലും തീരുമാനമായിട്ടില്ല. ഏറെ അടുത്തുനിന്ന് വെടിയുതിര്‍ത്തത് മൂലമുണ്ടായ മുറിവാണ് ബട്‌ലയില്‍ കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാളുടെ ശരീരത്തിലുണ്ടായിരുന്നത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.
ഡി സി, സന്ദീപാനന്ദ ഗിരി സംഭവങ്ങളും ഡല്‍ഹി പോലീസ് നടത്തിയ അറസ്റ്റും തമ്മില്‍ താരതമ്യമില്ല. രണ്ടിന്റെയും ഗൗരവം രണ്ടാണ് താനും. ചെറുതായാലും വലുതായാലും ഇത്തരം സംഗതികളില്‍ ന്യൂനപക്ഷവിരുദ്ധ ചിന്താഗതികളുടെ ഏകോപനമുണ്ടാകുന്നുവെന്നത് അവഗണിക്കാവുന്നതല്ല. ഭൂരിപക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പ്രകോപനം പോലും ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യപ്പെടുന്നു. അപ്പുറത്ത് ന്യൂനപക്ഷങ്ങള്‍ ആരോപണവിധേയരാകുകയോ അറസ്റ്റിലാകുകയോ ചെയ്യുമ്പോള്‍ അത് ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അവിടെ ആഘോഷം എത്ര മേല്‍ പൊലിപ്പിക്കാമെന്നതിലാണ് ജാഗ്രത. വഖാസിന് താമസസ്ഥലമൊരുക്കിയെന്ന് സംശയിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥി അറസ്റ്റിലായെന്ന വാര്‍ത്തയുടെ ആധികാരികതയില്‍ ശങ്ക തോന്നാത്തത് അതുകൊണ്ടാണ്. ജുമാ മസ്ജിദിന് മുന്നിലെ അതിക്രമത്തിന് ഇപ്പോള്‍ അറസ്റ്റിലായവരാണ് ഉത്തരവാദികളെന്ന് പറയുമ്പോള്‍ നേരത്തെ നടത്തിയ അറസ്റ്റ് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമുണ്ടാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. മലേഗാവിലെയും മക്കാ മസ്ജിദിലെയും സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ടവര്‍ പിന്നീട് നിരപരാധികളാണെന്ന് ബോധ്യപ്പെടുമ്പോള്‍ അറസ്റ്റ് നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ചോദ്യമുയരാത്തത്.